കാഷ്മീരിലേക്കു സർവകക്ഷിസംഘത്തെ അയയ്ക്കും: രാജ്നാഥ് സിംഗ്
കാഷ്മീരിലേക്കു സർവകക്ഷിസംഘത്തെ അയയ്ക്കും: രാജ്നാഥ് സിംഗ്
Thursday, August 25, 2016 1:25 PM IST
ശ്രീനഗർ: പ്രക്ഷോഭ കലുഷിതമായ കാഷ്മീരിലേക്കു സർവകക്ഷിസംഘത്തെ അയയ്ക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പെല്ലറ്റ് തോക്ക് ഉപയോഗം അവസാനിപ്പിക്കുമെന്നും കാഷ്മീരി യുവാക്കൾക്ക് ജോലി നല്കുമെന്നും ദ്വിദിന സന്ദർശനത്തിനായി സംസ്‌ഥാനത്ത് എത്തിയ രാജ്നാഥ് സിംഗ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്കൊപ്പം നടത്തിയ സംയുക്‌ത പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

കാഷ്മീർ താഴ്വരയിൽ സമാധാനം പുനഃസ്‌ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാനും സ്‌ഥിതിഗതികൾ വിലയിരുത്താനും കേന്ദ്രസർക്കാർ സർവകക്ഷി സംഘത്തെ അയയ്ക്കും. സംഘത്തിന്റെ സന്ദർശനം സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ മെഹബൂബ മുഫ്തിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും രാജ്നാഥ് പറഞ്ഞു. സർവകക്ഷി സംഘത്തെ അയയ്ക്കണമെന്നു പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.

കാഷ്മീരിൽ സമാധാനം പുനഃസ്‌ഥാപിക്കാൻ സർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്നും അതുകൊണ്ടാണ് ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയും സംസ്‌ഥാനത്ത് എത്തിയതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെ 300 പേരുമായി ചർച്ചകൾ നടത്തി. കാഷ്മീരിൽ നഷ്‌ടപ്പെട്ട സമാധാനം വീണ്ടെടുക്കണമെന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രക്ഷോഭത്തെ നേരിടേണ്ടിവരുന്ന സുരക്ഷാ സൈനികർ കനത്ത പ്രതിബന്ധങ്ങളാണു നേരിടുന്നത്. അതുകൊണ്ടാണ് 4,500ലധികം സുരക്ഷാ സേനാംഗങ്ങൾ പരിക്കേറ്റ് ചികിത്സയിലുള്ളത്. സെൻട്രൽ ആംഡ് പോലീസ് ബറ്റാലിയനിലേക്ക് കാഷ്മീരി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നുണ്ട്. 10,000 യുവാക്കളെ സ്പെഷൽ പോലീസ് ഓഫീസർമാരായി നിയമിക്കും. കംപ്യൂട്ടറിനും ബുക്കിനും പകരം കല്ലും ആയുധങ്ങളും യുവാക്കളുടെ കൈകളിലേക്കു നല്കുന്നവരെ തിരിച്ചറിയണം. യുവാക്കളുടെ നല്ല ഭാവിക്കായി അവർ ഒന്നും ചെയ്യുന്നില്ല. ഇന്ത്യയുടെ ഭാവി കാഷ്മീരിന്റെ ഭാവിയുമായി ഇഴചേർന്നു കിടക്കുന്നതാണ്: രാജ്നാഥ് സിംഗ് പറഞ്ഞു.

ജൂലൈ എട്ടിനു സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹൻ വാനി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കാഷ്മീർ താഴ്വരയിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

പ്രക്ഷോഭത്തിൽ ഇതുവരെ 67 സിവിലിയന്മാർ കൊല്ലപ്പെട്ടു. തുടർച്ചയായ 48–ാം ദിവസവും സംസ്‌ഥാനത്ത് കർഫ്യൂ തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.