Auto
ഇന്നോവ എന്ന് കേട്ടാൽ മലയാളിക്ക് ഒരു വികാരമാണ്, വിശ്വാസമാണ്. ഡീസൽ ഇന്നോവ ക്രിസ്റ്റയിൽ നിന്ന് ഹൈബ്രിഡ് ഹൈക്രോസിലേക്ക് മാറിയപ്പോഴും ആ വിശ്വാസത്തിന് ഒരു കുറവും വന്നില്ല. ഇപ്പോൾ, 2022ൽ ഇറങ്ങിയതിനു ശേഷമുള്ള ആദ്യത്തെ വലിയ മേക്കോവറുമായി ഹൈക്രോസ് വീണ്ടും എത്തുകയാണ്.
ടൊയോട്ട ഇന്തോനേഷ്യയിൽ (Kijang Innova Zenix എന്ന പേരിൽ) ഈ ഫേസ്ലിഫ്റ്റ് ഇതിനകം ലോഞ്ച് ചെയ്തു. ഇന്ത്യയിൽ നവംബർ 25, 2026 ന് ലോഞ്ച് ചെയ്യും എന്നാണ് ടൊയോട്ടയുടെ ടീസർ പറയുന്നത്.
ഏറ്റവും വലിയ മാറ്റം മുന്നിലാണ്. പഴയ ചെറിയ ഗ്രില്ല് പോയി, പകരം ഡയമണ്ട് ഷേപ്പുള്ള, കൂടുതൽ വലുതും ചതുരാകൃതിയിലുള്ളതുമായ ഗ്രില്ല് വരുന്നു. ഹെഡ്ലൈറ്റുകൾ കൂടുതൽ സ്ലിമ്മായി, പുതിയ LED DRL കളോടെ. ബമ്പറും പുതിയതാണ്. പിക്സൽ സ്റ്റൈൽ LED ഫോഗ് ലാമ്പും പുതിയ 18 ഇഞ്ച് അലോയ് വീലുകളും ഉണ്ടാകും.
ഉള്ളിൽ - ഇനി രണ്ട് വലിയ സ്ക്രീനുകൾ!
ഇതാണ് എല്ലാവരും കാത്തിരുന്ന അപ്ഡേറ്റ്. നിലവിലെ 10.1 ഇഞ്ച് സ്ക്രീനിന് പകരം ഇനി 12.3 ഇഞ്ച് വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വരുന്നു. ഹൈബ്രിഡ് വേരിയന്റ്കളിൽ ഡ്രൈവർക്ക് മുന്നിലെ മീറ്ററും ഇനി പൂർണമായും ഡിജിറ്റൽ ആയ 12.3 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ ആയി മാറും. സെന്റർ കൺസോൾ പൊങ്ങി, പുതിയ ഡാർക്ക് ഇന്റീരിയർ തീമും വരും.
എഞ്ചിൻ - ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സ്-ഫ്യൂവൽ ഹൈബ്രിഡ്?
എഞ്ചിനിൽ വലിയ മാറ്റമില്ല. 2.0 ലിറ്റർ പെട്രോൾ (173 hp) ഉം, 2.0 ലിറ്റർ സ്ട്രോങ്ങ് ഹൈബ്രിഡ് (184 hp) ഉം തുടരും. മൈലേജ് 23.24 kmpl തന്നെ.
പക്ഷേ ട്വിസ്റ്റ് ഇതാണ് - ഇത് E85 / E100 (85% മുതൽ 100% വരെ എത്തനോൾ) ഇന്ധനത്തിൽ ഓടുന്ന ഫ്ലെക്സ്-ഫ്യൂവൽ ഹൈബ്രിഡ് ആയി വരാൻ സാധ്യതയുണ്ട്. ഇത് വന്നാൽ ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സ്-ഫ്യൂവൽ സ്ട്രോങ് ഹൈബ്രിഡ് കാർ ആയിരിക്കും ഇന്നോവ ഹൈക്രോസ്.
വിലയും ലോഞ്ചും
നിലവിലെ ഹൈക്രോസിന് 19.53 ലക്ഷം മുതൽ 31.99 ലക്ഷം വരെയാണ് വില. ഫേസ്ലിഫ്റ്റിന് 20 ലക്ഷം മുതൽ 33-35 ലക്ഷം വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം.
വാങ്ങാൻ വെയ്റ്റ് ചെയ്യണോ?
നിങ്ങൾ ഇപ്പോൾ ഹൈക്രോസ് ബുക്ക് ചെയ്യാൻ നിൽക്കുകയാണെങ്കിൽ, ദയവായി 25 ദിവസം കൂടി കാത്തിരിക്കൂ. ഈ വലിയ സ്ക്രീനും പുതിയ ലുക്കും ഫ്ലെക്സ്-ഫ്യൂവൽ ടെക്നോളജിയും കിട്ടിയാൽ അത് വേറെ ലെവൽ ആയിരിക്കും.ഇന്നോവ എന്നും ഇന്നോവ തന്നെയാണ്. ഇപ്പോൾ അതിന് കുറച്ചുകൂടി പ്രീമിയം ലുക്ക് കൂടി വന്നു എന്ന് മാത്രം.
Auto
മാരുതി സുസുക്കിയുടെ സ്റ്റൈയിലിഷ് താരം ഫ്രോൻക്സ് പുതിയ അവതാരത്തിൽ എത്തുന്നു! മൈലേജിന്റെ കാര്യത്തിൽ എതിരാളികളെ ഞെട്ടിക്കാനാണ് ഇത്തവണ മാരുതിയുടെ നീക്കം.
പുതുമ
35 KM മൈലേജ് - ഇതാ മാസ്റ്റർ സ്ട്രോക്ക്!
അതെ, നിങ്ങൾ കേട്ടത് സത്യമാണ്! പുതിയ ഫ്രോൻക്സ് 35 കിലോമീറ്റർ വരെ മൈലേജ് നൽകും എന്നാണ് റിപ്പോർട്ട്. ഇത് സാധാരണ പെട്രോൾ മോഡലിലല്ല, പുതിയ സ്ട്രോങ് ഹൈബ്രിഡ് (Strong Hybrid) ടെക്നോളജിയിലാണ്.
1.2 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം ഇലക്ട്രിക് മോട്ടോർ കൂടി ചേരുമ്പോൾ പെട്രോൾ കുടിക്കുന്നത് നിർത്തി, കാർ ബാറ്ററിയിൽ ഓടും. നഗരത്തിലെ ട്രാഫിക്കിൽ ഇത് 35-40 KM വരെ കിട്ടും!
ഇതുവരെ 20 ലക്ഷത്തിന് മുകളിലുള്ള കാറുകളിൽ മാത്രം കണ്ടിരുന്ന Level 2 ADAS സുരക്ഷാ ഫീച്ചർ ഇനി ഫ്രോൻക്സിലും!
മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്താൽ കാർ തനിയെ നിർത്തും (Auto Emergency Braking)
ലെയിൻ വിട്ട് പോയാൽ സ്റ്റിയറിംഗ് തനിയെ തിരിച്ചു കൊണ്ടുവരും
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ - ഹൈവേയിൽ ആക്സിലറേറ്റർ ചവിട്ടേണ്ടതില്ല!
ഇതോടെ ഫ്രോൻക്സ് മാരുതിയുടെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നാകും.
വിലയും വരവും:
നിലവിലെ ഫ്രോൻക്സ് 7.5 ലക്ഷം മുതൽ 13 ലക്ഷം വരെയാണ് വില. പുതിയ ഹൈബ്രിഡ് മോഡലിന് ഏകദേശം ഒരു ലക്ഷം കൂടുതൽ വരും എങ്കിലും, മൈലേജ് വെച്ച് നോക്കുമ്പോൾ രണ്ട് വർഷം കൊണ്ട് പെട്രോൾ കാശ് ലാഭിക്കാം!
2026 അവസാനത്തോടെ പുതിയ ഫ്രോങ്സ് ഷോറൂമുകളിൽ എത്തുമെന്നാണ് സൂചന.മൈലേജ് നോക്കുന്നവർക്കും സ്റ്റൈൽ നോക്കുന്നവർക്കും ഇനി ഒരേ ഉത്തരം - ഫ്രോൻക്സ്!
Auto
ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണിയിൽ വലിയ മത്സരം കൊണ്ടുവരാൻ വിയറ്റ്നാമീസ് കമ്പനിയായ വിൻഫാസ്റ്റ് ഒരുങ്ങുന്നു! അവരുടെ ഏറ്റവും കോംപാക്ട് ഇലക്ട്രിക് SUV ആയ VF5 ന്റെ ഫെയ്സ്ലിഫ്റ്റ് മോഡൽ ഇന്ത്യയിലേക്ക് എത്തുന്നു എന്നാണ് പുതിയ വാർത്ത.
2026 ഒക്ടോബർ 27 ന് വിൻഫാസ്റ്റ് ഇന്ത്യയിൽ VF5 ഫെയ്സ്ലിഫ്റ്റിന്റെ ഡിസൈൻ പേറ്റന്റ് ഫയൽ ചെയ്തിരുന്നു. ബെംഗളൂരുവിൽ ഇതിന്റെ ടെസ്റ്റ് വാഹനം ഓടുന്നതിന്റെ സ്പൈ ഫോട്ടോസും പുറത്ത് വന്നു.
VF5 ഒരു ഹാച്ച്ബാക്ക് പോലെ തോന്നിച്ചെങ്കിൽ, പുതിയ മോഡൽ ഒരു ശരിക്കുള്ള SUV ലുക്കിലാണ്:പുതിയ ക്ലാംഷെൽ ബോണറ്റ്, കൂടുതൽ പൊക്കം,സ്ലിം LED ഹെഡ്ലാമ്പുകൾ, കണക്ടഡ് LED ടെയിൽ ലാമ്പ്,ഉള്ളിൽ വലിയ എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ, പുതിയ ഡാഷ്ബോർഡ്.
വിലയും റേഞ്ചും
വിൻഫാസ്റ്റ് ഇതുവരെ ഔദ്യോഗിക വില പ്രഖ്യാപിച്ചിട്ടില്ല, പക്ഷെ റിപ്പോർട്ടുകൾ പ്രകാരംപത്തു ലക്ഷം മുതൽ 12 ലക്ഷം വരെ ആയിരിക്കും പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില.
ബാറ്ററി 37.23 kWh ലിഥിയം ബാറ്ററി, 136 hp കരുത്ത്, 326 KM NEDC റേഞ്ച് (ഇന്ത്യയിൽ ACയോടെ ഏകദേശം 250 -280 KM കിട്ടും). ചെറിയ 29.6 kWh ബാറ്ററിയും ഉണ്ടാകും.
നവംബർ 17, 2026 ന് ലോഞ്ച് ചെയ്യും എന്നും ചില റിപ്പോർട്ടുകൾ പറയുന്നു, പക്ഷെ കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.തൂത്തുക്കുടിയിൽ 4,000 കോടി മുടക്കി വിൻഫാസ്റ്റ് പ്ലാന്റ് തുടങ്ങിയിട്ടുണ്ട്. 45 ലധികം ഷോറൂമുകളും ഇന്ത്യയിൽ ആയിട്ടുണ്ട്.
Auto
കറുത്ത കണ്ണട, മസിൽ കാണിച്ച് നിൽക്കുന്ന ഒരു Thar, കണ്ടാൽ ആരും ഒന്നു നോക്കും. സിനിമാകാർക്കും യുവാക്കൾക്കും ഇപ്പോൾ ഏറ്റവും പ്രിയം ഈ വണ്ടിയോടാണ്.
പക്ഷെ ആ കരുത്തൻ ലുക്കിന് പിന്നിൽ ഒരു സ്ത്രീയുടെ മൃദുവായ കൈയ്യൊപ്പുണ്ടെന്ന് എത്ര പേർക്ക് അറിയാം?
റാംക്രുപ അനന്തൻ.ആൺകുട്ടികൾ മാത്രം കളിക്കുന്ന ഓട്ടോമൊബൈൽ ഡിസൈൻ എന്ന ലോകത്ത്, സ്വന്തം പേര് എഴുതി ചേർത്ത പെൺകുട്ടി.1997 ൽ IIT Bombay യിൽ നിന്ന് പഠനം കഴിഞ്ഞ് മഹീന്ദ്രയിൽ ഒരു ഇന്റീരിയർ ഡിസൈനറായി കയറിയ പെൺകുട്ടി, പിന്നീട് മഹീന്ദ്രയെ തന്നെ ലോകം അറിയുന്ന ബ്രാൻഡ് ആക്കി മാറ്റിയ ഡിസൈനുകളുടെ തലപ്പത്തേക്ക് എത്തി.
അവർ നമുക്ക് സമ്മാനിച്ച വണ്ടികൾ
നമ്മുടെ നാട്ടിൽ ഓടുന്ന Scorpio, Bolero, XUV500, XUV700, Thar ഇതെല്ലാം അവരുടെ കുഞ്ഞുങ്ങളാണ്.പുതിയ Tharന്റെ ആ Box Type കരുത്തും, XUV700 ന്റെ ചീറ്റയെ പോലുള്ള ചീറി പാഞ്ഞു പോകുന്ന ലുക്കും ഒക്കെ അവരുടെ ഭാവനയാണ്.
ചീറ്റപ്പുലിയെ നേരിട്ട് പഠിക്കാൻ ആഫ്രിക്ക വരെ ടീമിനെ കൊണ്ടുപോയിട്ടുണ്ട് അവർ!20 വർഷത്തെ മഹീന്ദ്രയിലെ യാത്രയ്ക്ക് ശേഷം ഇന്ന് അവർ Ola Electric ന്റെ ഭാവി വണ്ടികൾ ഡിസൈൻ ചെയ്യുന്നു.ആൺകരുത്തിന്റെ പ്രതീകമായി കാണുന്ന Thar നെ ഒരു സ്ത്രീ ഡിസൈൻ ചെയ്തു എന്നതാണ് ഏറ്റവും വലിയ ഭംഗി.
Auto
ഒരുകാലത്ത് നിരത്തുകളിലെ താരമായിരുന്ന വെസ്പ, പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചെത്തുന്നു. ഇത്തവണ പെട്രോൾ മണമില്ല, പൂർണമായും ഇലക്ട്രിക് ആയാണ് വരവ്.
2027 മോഡൽ ഇലക്ട്രിക് സ്കൂട്ടറുകളാണ് വെസ്പ അവതരിപ്പിച്ചത്. ഇറ്റലിയിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന മേളയായ EICMA 2026 ലാണ് പുതിയ മോഡലുകൾ കമ്പനി പരിചയപ്പെടുത്തിയത്.
സ്റ്റൈൽ മാറിയില്ല, ഉള്ളിൽ മാത്രം മാറ്റം
വെസ്പ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്ന ആ ക്ലാസിക് ഇറ്റാലിയൻ സൗന്ദര്യം അതേപടി നിലനിർത്തിയിട്ടുണ്ട്. പുറമെ നോക്കിയാൽ പഴയ വെസ്പ തന്നെ. എന്നാൽ ഉള്ളിൽ പിയാജിയോ ഗ്രൂപ്പ് പുതുതായി വികസിപ്പിച്ച ശക്തിയേറിയ ഇലക്ട്രിക് മോട്ടോറാണ്.മൂന്ന് മോഡലുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് - Sprint S, Primavera, Primavera Tech.
ആർക്കൊക്കെ പറ്റിയത്?
ദിവസവും ഓഫീസിലേക്കും മറ്റു ആവശ്യങ്ങൾക്കും സ്കൂട്ടർ ഉപയോഗിക്കുന്നവർക്ക് ഇത് ഏറെ പ്രയോജനപ്പെടും.
സാധാരണ മോഡലുകളായ Primavera യ്ക്കും Sprint S നും മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം. ഒറ്റത്തവണ ചാർജ് ചെയ്താൽ 85 കിലോമീറ്റർ വരെ പോകാം.കൂടുതൽ യാത്ര ചെയ്യുന്നവർക്കായി Primavera Tech എന്ന മോഡലും ഉണ്ട്. ഇതിന് മണിക്കൂറിൽ 67 കിലോമീറ്റർ വേഗതയും 100 കിലോമീറ്റർ റേഞ്ചും ലഭിക്കും.
അതായത്, ഒരാഴ്ച മുഴുവൻ ചാർജ് ചെയ്യാതെ തന്നെ നഗരത്തിനുള്ളിലെ യാത്രകൾ നടത്താം.
വിലയും ലഭ്യതയും
യൂറോപ്പിൽ 2027ന്റെ തുടക്കത്തിൽ തന്നെ ഈ സ്കൂട്ടറുകൾ വിൽപ്പനയ്ക്ക് എത്തും. ഇന്ത്യയിലേക്ക് 2027 അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം ഒന്നര ലക്ഷം രൂപയ്ക്ക് അടുത്തായിരിക്കും വില.
പെട്രോൾ വില കുതിച്ചുയരുന്ന ഈ കാലത്ത്, സ്റ്റൈലും ലാഭവും ഒരുമിച്ച് ആഗ്രഹിക്കുന്നവർക്ക് കാത്തിരിക്കാൻ പറ്റിയ ഒരു വാഹനമാണ് പുതിയ വെസ്പ ഇലക്ട്രിക്.
Auto
കാർ വാങ്ങിയാൽ മാത്രം പോരാ, കൃത്യമായ പരിപാലനമാണ് അതിന്റെ ആയുസും സുരക്ഷയും നിർണയിക്കുന്നത്. പലരും കേടായതിനു ശേഷം മാത്രമാണ് വർക്ക് ഷോപ്പിൽ എത്തുന്നത്. പ്രധാന 10 ഭാഗങ്ങൾ മാറ്റേണ്ട സമയം ഇതാ.
● എൻജിൻ ഓയിൽ: ഓരോ 5,000-10,000 കി.മീ. അല്ലെങ്കിൽ ആറു മാസം കൂടുന്പോൾ. എൻജിന്റെ ആയുസും മികച്ച പ്രകടനവും ഇതിനെ ആശ്രയിച്ചിരിക്കുന്നു.
● ഓയിൽ ഫിൽറ്റർ: ഓരോ 10,000-15,000 കി.മീ. അല്ലെങ്കിൽ ഒരു വർഷം കൂടുന്പോൾ. ഓയിൽ മാറ്റുന്പോൾ തന്നെ ഫിൽറ്ററും മാറ്റുന്നതാണ് നല്ലത്.
● എയർ ഫിൽറ്റർ: ഓരോ 15,000-20,000 കി.മീ. അല്ലെങ്കിൽ ഒരു വർഷം കൂടുന്പോൾ. എൻജിനിലേക്ക് ശുദ്ധമായ കാറ്റ് എത്തിക്കാൻ ഇത് അത്യാവശ്യമാണ്.
● ഇന്ധന ഫിൽറ്റർ: ഓരോ 20,000-40,000 കി.മീ. അല്ലെങ്കിൽ 2-3 വർഷം കൂടുന്പോൾ. ഇത് അടഞ്ഞാൽ സ്റ്റാർട്ടിംഗ് പ്രശ്നവും മൈലേജ് കുറവും ഉണ്ടാകും.
● ബ്രേക്ക് പാഡുകൾ: ഓരോ 20,000 - 40,000 കി.മീ. അല്ലെങ്കിൽ 1.5-2 വർഷം കൂടുന്പോൾ. ഇത് നേരിട്ട് സുരക്ഷയുമായി ബന്ധപ്പെട്ട ഭാഗമാണ്.
● ടയർ: ഓരോ 30,000-50,000 കി.മീ. അല്ലെങ്കിൽ 3-5 വർഷം കൂടുന്പോൾ. ഗ്രിപ്പും സുരക്ഷയും ടയറിനെ ആശ്രയിച്ചിരിക്കുന്നു.
● ബാറ്ററി: ഓരോ 3-5 വർഷം കൂടുന്പോൾ. സ്റ്റാർട്ടിംഗ് പ്രശ്നം, ലൈറ്റ് ഡിം ആകുക എന്നിവ ബാറ്ററി തീരാറായതിന്റെ ലക്ഷണങ്ങളാണ്.
● കൂളന്റ്: ഓരോ 2 - 5 വർഷം കൂടുന്പോൾ. എൻജിന്റെ താപനില നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.
● സ്പാർക്ക് പ്ലഗ്: ഓരോ 20,000-30,000 കി.മീ. കൂടുന്പോൾ. പ്ലഗ് മോശമായാൽ സ്റ്റാർട്ടിംഗ് പ്രശ്നം, എൻജിൻ വിറയൽ, മൈലേജ് കുറയൽ എന്നിവ ഉണ്ടാകും. പെട്രോൾ കാറുകളിൽ ഇത് വളരെ പ്രധാനമാണ്.
● ടൈമിംഗ് ബെൽറ്റ്: ഓരോ 60,000-1,00,000 കി.മീ. അല്ലെങ്കിൽ 5 - 7 വർഷം കൂടുന്പോൾ. ഇത് പൊട്ടിയാൽ എൻജിന് തന്നെ വലിയ നാശം സംഭവിക്കും. അതുകൊണ്ട് കാലാവധി കഴിയും മുൻപ് തന്നെ മാറ്റണം.
ഓർക്കുക:
മുകളിൽ പറഞ്ഞത് പൊതുവായ കണക്കാണ്. നിങ്ങളുടെ വാഹനത്തിന്റെ യൂസർ മാനുവലിൽ പറയുന്ന സമയമാണ് ഏറ്റവും കൃത്യം. കൃത്യമായ സമയത്ത് മാറ്റിയാൽ അറ്റകുറ്റപ്പണി ചെലവ് കുറയും, യാത്ര സുരക്ഷിതമാകും.
Auto
ഇരുചക്രവാഹന പ്രേമികൾക്ക് ഏറ്റവും പ്രിയമേറിയ റെട്രോ ക്ലാസിക് മോഡലുകളിൽ ഒരു വിപ്ലവത്തിന് തയാറെടുത്തിരിക്കുകയാണ് ബ്രിട്ടിഷ് വാഹന നിർമാതാക്കളായ ട്രയംഫ് മോട്ടോർ സൈക്കിൾസ്. ആഗോളതലത്തിൽ തന്നെ റെട്രോ ക്ലാസിക് മോഡലുകൾ വീണ്ടും ട്രെൻഡിംഗിൽ ഇടംനേടിയതോടെ ഇന്ത്യയിൽ വൻതിരിച്ചുവരവാണ് ട്രയംഫ് നടത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ബൃഹത്തായ വിപണി സാധ്യത മുന്നിൽ കണ്ട് ട്രയംഫ് 500 സിസിക്ക് താഴെ പുറത്തിറക്കിയ വാഹനങ്ങളാണ് ഇപ്പോൾ മറ്റ് മോട്ടോർ വാഹന നിർമാതാക്കൾക്ക് വിപണിയിൽ ഭീഷണിയുയർത്തുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന മധ്യവർഗത്തെ ലക്ഷ്യംവച്ച് പുറത്തിറക്കിയിരിക്കുന്ന മോഡലുകൾ ഐഷർ മോട്ടോർസിന്റെ റോയൽ എൻഫീൽഡിന് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല.
നേരത്തെ തന്നെ ഇന്ത്യൻ വിപണി ലക്ഷ്യം വച്ച് റെട്രോ ക്ലാസിക് മോഡലുകളുമായി നിരവധി വിദേശ കമ്പനികൾ രാജ്യത്തെത്തിയിരുന്നു. അമേരിക്കൻ വാഹന നിർമാതാക്കളായ റെനഗഡ് മോട്ടോർസ്, ജാവ, യെസ്ഡി, ബിഎസ്എ, കാവസാക്കി തുടങ്ങിയ ആഗോള ബ്രാൻഡുകൾ ഇന്ത്യയെ ലക്ഷ്യം വച്ചെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല.
എന്നാൽ 400 സിസി ടി സീരിസ് മോഡലുകളുമായി മിഡിൽ ക്ലാസ് യുവാക്കളെ ലക്ഷ്യമിട്ടെത്തിയ ട്രയംഫ് ബൈക്കുകൾക്ക് വൻ സ്വീകാര്യതയാണ് ഇന്ത്യയിൽ ലഭിച്ചത്. ടി ഫോർ, സ്പീഡ് 400, സ്ക്രാം 400 തുടങ്ങിയ മോഡലുകൾക്ക് ഇന്ത്യയിൽ തുടക്കത്തിൽ തന്നെ വൻ സ്വീകാര്യത ലഭിച്ചിരുന്നു.
തുടർന്ന് പരിഷ്കരിച്ച ടാക്സ് ബാറുകൾക്ക് പിന്നാലെ 350 സിസി എൻജിനിൽ പുറത്തിറക്കിയപ്പോഴും ട്രയംഫിനോടുള്ള പ്രിയം കുറഞ്ഞില്ല. താങ്ങാനാവുന്ന വിലയിലെത്തിയ ട്രയംഫിന് ഇന്ത്യൻ നിരത്തുകളുമായുള്ള പഴയ ബന്ധവും വിപണിയിൽ കരുത്ത് പകർന്നു.
ഫോർഡ് മസ്താംഗ് പോലെ ഹോളിവുഡിലെ സ്ഥിരം സാന്നിധ്യമായ ട്രയംഫ് ഇന്ത്യൻ യുവാക്കളുടെ ഹൃദയത്തിൽ ഒരു സ്ഥിര സാന്നിധ്യം കണ്ടെത്താൻ പോകുന്നത് പക്ഷേ ഷോറൂമുകളിലെത്തിയ എക്കാലത്തെയും അതിന്റെ ഐക്കോണിക് മോഡലായ ബോണിവില്ലയിലൂടെ ആണ്.
1200സിസിയുടെ ഐക്കോണിക് മോഡലിന്റെ 350 സിസി ചെറുപതിപ്പാണ് ബോണിവില്ല 400. ട്രയംഫ് ടി സീരിസിൽ പുറത്തിറക്കിയ അതേ 349സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിൻ ലുക്കിൽ ബോണിവില്ലയുടെ ആഗോളപതിപ്പുമായി ഒട്ടും വിട്ടുവീഴ്ച ചെയ്തിട്ടില്ല. 29 ബിഎച്ച്പി കരുത്ത് പകരുന്ന എൻജിൻ 5,500 ആർപിഎമ്മിൽ 31.2 എൻഎം ടോർക്ക് പ്രൊഡ്യൂസ് ചെയ്യും.
195 കിലോഗ്രാം ഭാരമുള്ള വാഹനത്തിന് 14.5 ലിറ്റർ ഫ്യുവൽ കപ്പാസിറ്റിയുണ്ട്. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ട്വിൻ റിയർ ഷോക്ക് അബ്സോർബറുകളുമാണ് വാഹനത്തിന്. കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോളർ, സ്മാർട്ട് ഫോൺ കണക്ടിവിറ്റിയോടുകൂടിയ ടിഎഫ്ടി ഡാഷ്, അഞ്ച് റൈഡിംഗ് മോഡുകളും ക്രൂസ് കൺട്രോളും ഉൾപ്പെടെയുള്ള സവിശേഷതകളോടെയാണ് പുറത്തിറങ്ങുന്നത്.
ബോണിവില്ല ടി40 ടി ഫോർ, ടി40 സ്റ്റാൻഡാർഡ്, ടി40 ബ്ലാക്ക് എന്നിങ്ങനെ മൂന്ന് മോഡലുകളിൽ പുറത്തിറങ്ങുന്ന വാഹനത്തിന് 2,55,167 രൂപ മുതൽ 2,80,167 രൂപ വരെയാണ് എക്സ് ഷോറൂം വില. ബജാജ് ഓട്ടോയാണ് ഇന്ത്യയിൽ ട്രയംഫ് വിപണിയിലെത്തിക്കുന്നത്. റോയൽ എൻഫീൽഡ് ക്ലാസിക്, ഹോണ്ട സിബി 350, ജാവ, യെസ്ഡി, ബിഎസ്എ തുടങ്ങിയവയാണ് വിപണിയിൽ ട്രയംഫ് ബോണിവില്ല നേരിടേണ്ട എതിരാളികൾ.
Auto
വർഷങ്ങളായി പഴയ നിരയുമായി പിടിച്ചുനിന്ന ഓഡി ഇന്ത്യ, ഒടുവിൽ തിരിച്ചുവരവിന് ശക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ്. പുതിയ 2026 ഓഡി Q3. ആഡംബര എസ്യുവി സ്വപ്നം കാണുന്നവർക്ക് ഓഡി ഷോറൂമിലേക്കുള്ള ഏറ്റവും കുറഞ്ഞ വഴിയാണ് Q3, അതുകൊണ്ട് തന്നെ വലിപ്പത്തെക്കാൾ ഏറെ പ്രാധാന്യം ഈ മോഡലിനുണ്ട്.
വിലയും വേരിയന്റുകളും എഞ്ചിനും
Nova (51.99 ലക്ഷം), Zenith (55.99 ലക്ഷം) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പുതിയ Q3 എത്തിയത്. 2.0 ലിറ്റർ TFSI ടർബോ പെട്രോൾ എഞ്ചിൻ, 201 bhp കരുത്തും 320 Nm ടോർക്കും ഉത്പാദിപ്പിക്കും. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സും ഓഡിയുടെ സിഗ്നേച്ചർ quattro ഓൾ-വീൽ ഡ്രൈവും. 0-100 കി.മീ വേഗം കൈവരിക്കാൻ വെറും 7.1 സെക്കന്റ് മതി. ഛത്രപതി സംഭാജിനഗറിൽ അസംബിൾ ചെയ്യുന്ന വാഹനം നേരിട്ട് ഏറ്റുമുട്ടുന്നത് BMW X1, Mercedes-Benz GLA എന്നിവരോട്.
എന്തുകൊണ്ട് ഈ Q3 പ്രധാനം?
Q3 വാങ്ങുന്നവരിൽ 84 ശതമാനം പേരും സ്വയം ഡ്രൈവ് ചെയ്യുന്നവരാണെന്നാണ് ഓഡി പറയുന്നത്. ഈ വിലയിൽ കാർ വാങ്ങുന്ന ആരും ഡ്രൈവറെ വെച്ച് യാത്ര ചെയ്യുന്നവരല്ല. ദിവസത്തെ യാത്ര ആസ്വാദ്യകരമാക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. ആ കാര്യത്തിൽ പുതിയ Q3 നല്ല തുടക്കം കുറിക്കുന്നുണ്ടെന്നാണ് ആദ്യ വിലയിരുത്തൽ.
ഡിസൈനിൽ പുതുമ
പഴയ Q3 മൂർച്ചയുള്ള വരകൾ നിറഞ്ഞതായിരുന്നെങ്കിൽ പുതിയ മോഡൽ കൂടുതൽ വൃത്താകൃതിയിലും ആത്മവിശ്വാസത്തോടെയുമാണ് ഒരുങ്ങിയിരിക്കുന്നത്. മുൻവശം രണ്ടായി തിരിച്ചിരിക്കുന്നു. മുകളിൽ ഇൻഡിക്കേറ്ററായും പ്രവർത്തിക്കുന്ന നേർത്ത LED DRL-കളും താഴെയായി പ്രധാന ഹെഡ്ലാമ്പുകളും. ടച്ച്സ്ക്രീനിലൂടെ നാല് DRL സിഗ്നേച്ചറുകളിൽ ഒന്ന് തിരഞ്ഞെടുക്കാം. വീതിയേറിയ ഹണികോംബ് ഗ്രില്ലിനുള്ളിൽ ADAS റഡാർ മറച്ചുവെച്ചിരിക്കുന്നു. ഫ്ലാറ്റ് ഓഡി ലോഗോയും എടുത്തുപറയേണ്ടതാണ്. എന്നാൽ അടുത്തുനോക്കുമ്പോൾ ഗ്രില്ലിന് അൽപ്പം പ്ലാസ്റ്റിക്ക് ഫീൽ തോന്നും.
ഉള്ളിലെ വിശേഷങ്ങൾ
അകത്തേക്ക് കടന്നാൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് ഷഡ്ഭുജാകൃതിയിലുള്ള സ്റ്റിയറിംഗ് വീലാണ്. ശീലിക്കാൻ ഒരു ദിവസമെടുക്കും. ഇൻഡികേറ്റർ, വൈപ്പർ, ഹെഡ്ലാമ്പ് കൺട്രോളുകൾ എല്ലാം ഒരു വലിയ സ്റ്റോക്കിൽ ആക്കി, ഗിയർ സെലക്ടറിനെ പ്രത്യേക സ്റ്റോക്കിലേക്ക് മാറ്റിയിരിക്കുന്നു. ആദ്യം വിചിത്രമായി തോന്നുമെങ്കിലും രണ്ടാം ദിവസം ഇത് പ്രായോഗികമാണെന്ന് തോന്നിത്തുടങ്ങും. ഇതിന്റെ ഗുണം സെന്റർ കൺസോളിൽ ആഴമേറിയ സ്റ്റോറേജും മികച്ച കപ്പ് ഹോൾഡറുകളും ലഭിക്കുന്നു എന്നതാണ്.
മുൻ സീറ്റുകൾ വലുതും മികച്ച സപ്പോർട്ടോടെയുമാണ്. പിന്നിൽ രണ്ട് പേർക്ക് സുഖമായി ഇരിക്കാം, മൂന്നാമത്തെയാൾക്ക് ഹെഡ്റൂമിൽ അൽപ്പം ഞെരുക്കം തോന്നാം. പിൻ യാത്രക്കാർക്ക് പ്രത്യേക ക്ലൈമറ്റ് സോണും രണ്ട് USB പോർട്ടുകളും ഉണ്ട്. 488 ലിറ്ററാണ് ബൂട്ട് സ്പേസ്, പവേർഡ് ടെയിൽഗേറ്റും ഫ്ലോറിനടിയിൽ സ്പേസ് സേവർ സ്പെയർ ടയറും ഉണ്ട്.
ഫീച്ചറുകളുടെ നിര
ഫീച്ചറുകളിൽ ഓഡി പിശുക്ക് കാണിച്ചിട്ടില്ല. രണ്ട് വേരിയന്റിലും പനോരമിക് സൺറൂഫ്, പവേർഡും ഹീറ്റഡുമായ മുൻ സീറ്റുകൾ ഡ്രൈവർ മെമ്മറിയോടെ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ പാർക്ക് ഫംഗ്ഷൻ എന്നിവ സ്റ്റാൻഡേർഡാണ്.Nova വേരിയന്റിൽഏഴ് എയർബാഗും പത്ത്സ്പീക്കർ ഓഡിയോ സിസ്റ്റവും ലഭിക്കുമ്പോൾ, ടോപ്പ്-എൻഡ് Zenith-ൽ രണ്ട്റിയർ-സൈഡ് എയർബാഗുകൾ കൂടി അധികമായി, ഹെഡ്-അപ്പ് ഡിസ്പ്ലേ, മാട്രിക്സ് ഹെഡ്ലാമ്പുകൾ, 12 സ്പീക്കർ Sonos പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയും ലഭിക്കും.
ചുരുക്കത്തിൽ, ഡെയ്ലി ഡ്രൈവിന് സ്റ്റയിലും പ്രകടനവും ആഗ്രഹിക്കുന്നവർക്ക് ഓഡി Q3 ഇപ്പോഴും ശക്തമായ ഒരു ഓപ്ഷൻ തന്നെയാണ്.
Auto
ഇന്ത്യൻ മിഡ് സൈസ് എസ്യുവി വിപണിയിൽ പുതിയൊരു പോരാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ് ഹ്യുണ്ടായ്. ക്രെറ്റയ്ക്ക് താഴെയായി സ്ഥാനം പിടിക്കുന്ന ബയോണിനെയാണ് കന്പനി ഇന്ത്യൻ മണ്ണിൽ അവതരിപ്പിച്ചിരിക്കുന്നത്. ആധുനിക ഡിസൈൻ, മികച്ച സാങ്കേതികവിദ്യ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ബയോണിന്റെ വരവ്.
►പുതിയ ഡിസൈൻ
കാഴ്ചയിൽ പതിവ് ഹ്യുണ്ടായ് എസ്യുവികളിൽനിന്ന് വ്യത്യസ്തമായ രൂപമാണ് ബയോണിനുള്ളത്. എച്ച് എഡ്ജ് എൽഇഡി ഡേടൈം റണ്ണിംഗ് ലാന്പുകൾ, ഡ്യുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്ലാന്പുകൾ, വ്യത്യസ്തമായ ഗ്രിൽ ഡിസൈൻ എന്നിവ മുൻഭാഗത്തെ ആകർഷകമാക്കുന്നു ണ്ട്. വശങ്ങളിൽ ജ്യാമിതീയ ഡിസൈനിലുള്ള വീൽ ആർച്ചുകളും ബോഡി ക്ലാഡിങ്ങും ബ്രിഡ്ജ് ടൈപ്പ് റൂഫ് റെയിലുകളും നൽകിയിട്ടുണ്ട്. 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ സ്പോർട്ടി ലുക്ക് വർധിപ്പിക്കുന്നു.
►എഐ അകത്തളം
ബ്ലാക്ക്, ഒലീവ് ഗ്രേ നിറങ്ങൾ ചേർന്ന ഡ്യുവൽ ടോണ്‍ ഇന്റീരിയറാണ് അകത്തെ പ്രധാന ആകർഷണം. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീനും ചേർന്ന ഡിജിറ്റൽ കോക്പിറ്റാണ് ഡാഷ്ബോർഡിലുള്ളത്. ആംബിയന്റ് ലൈറ്റിംഗ്, സോഫ്റ്റ് ടച്ച് ഡാഷ്ബോർഡ്, ഡി കട്ട് സ്റ്റിയറിഗ് വീൽ എന്നിവയും അകത്തളത്തിന് പ്രീമിയം ഭാവം നൽകുന്നു. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, പിൻനിര എസി വെന്റുകൾ, വയർലെസ് ഫോണ്‍ ചാർജർ തുടങ്ങിയ സൗകര്യങ്ങളും വാഹനത്തിലുണ്ട്.
ജനറേറ്റീവ് എഐ വോയ്സ് അസിസ്റ്റന്റാണ് ബയോണിന്റെ മറ്റൊരു പ്രത്യേകത. സാധാരണ വോയ്സ് കമാൻഡുകൾക്കപ്പുറം സ്വാഭാവികമായ സംഭാഷണരീതിയിൽ വാഹനത്തോട് സംവദിക്കാനാകും. 500-ലധികം വോയ്സ് കമാൻഡുകളും 10 ഇന്ത്യൻ പ്രാദേശിക ഭാഷകൾ ഉൾപ്പടെ 12 ഭാഷകൾക്കുള്ള പിന്തുണയും വാഹനത്തിലുണ്ട്.
►സുരക്ഷാ ഫീച്ചറുകൾ
സുരക്ഷയ്ക്കായി വാഹനത്തിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ബയോണിലുണ്ട്. ലെവൽ 2 എഡിഎഎസ് സംവിധാനത്തിൽ 23 ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകളുമുണ്ട്. 360 ഡിഗ്രി കാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, സ്മാർട്ട് ക്രൂയിസ് കണ്ട്രോൾ തുടങ്ങിയവയും ബയോണിൽ ലഭ്യമാണ്. എല്ലാ വകഭേദങ്ങളിലും 35-ലധികം സുരക്ഷാ ഫീച്ചറുകൾ സ്റ്റാൻഡേർഡായി നൽകുന്നുണ്ടെന്നാണ് ഹ്യുണ്ടായിയുടെ അവകാശവാദം.
►ക്രെറ്റയുടെ എൻജിൻ
ക്രെറ്റയിൽ ഉപയോഗിക്കുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് ബയോണിന്റെയും കരുത്ത്. 115 പി.എസ് കരുത്തും 143.8 എൻ.എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ, ഐവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. 18.6 കിലോമീറ്റർ മൈലേജാണ് കന്പനി അവകാശപ്പെടുന്നത്.
ഏഴ് വകഭേദങ്ങളിലാണ് ബയോണ്‍ എത്തുന്നത്. മാനുവൽ പതിപ്പുകൾക്ക് 9.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. ഐവിടി ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 13.84 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, വിക്ടോറിസ്, ടൊയോട്ട ഹൈറൈഡർ, കിയ സെൽറ്റോസ്, ടാറ്റ സിയറ തുടങ്ങിയവരാണ് ബയോണിന്റെ പ്രധാന എതിരാളികൾ.
വില: 9.99 ലക്ഷം
മൈലേജ്: 18.6 കിലോമീറ്റർ
Auto
വാണിജ്യ ആവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ഇലക്ട്രിക് ടൂവീലർ മിൻസാര പുറത്തിറക്കി ആൾട്ടിഗ്രീൻ. ജാക്സൺ ഗ്രൂപ്പിന്റെ ഭാഗമായ കമ്പനി ഇലക്ട്രിക് കാർഗോ ത്രീ വീലറിന് ശേഷം പുറത്തിറക്കുന്ന മൾട്ടി യൂട്ടിലിറ്റി വാഹനമാണിത്.
കർഷകർ, ഡെലിവറി പ്രൊഫഷണലുകൾ, ചെറുകിട വ്യാപാരികൾ, സർവീസ് ടെക്നീഷ്യൻമാർ എന്നിവരെ ലക്ഷ്യമിട്ടാണ് വാഹനം എത്തുന്നത്. ഗതാഗതത്തിനും ജോലിക്കും ഒരേപോലെ ഉപയോഗിക്കാം എന്നതാണ് പ്രത്യേകത.
1.24 ലക്ഷം രൂപ (എക്സ്ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. മൂന്ന് വേർഷനുകളും
മിൻസാര ലഭിക്കുക .S, S+, SE.എൻട്രി ലെവൽ മോഡലായ S ന് 2.78 kWh ബാറ്ററിയും 125 കിലോമീറ്റർ റേഞ്ചുമുണ്ട്. S+ മോഡലിന് 3.8 kWh ബാറ്ററിയും 165 കിലോമീറ്റർ റേഞ്ചുമുണ്ട്. SE മോഡലിൽ ബാറ്ററി സ്വാപ്പിംഗ് സൗകര്യവും ലഭിക്കും.
കരുത്തിന്റെ കാര്യത്തിൽ മുന്നിൽ,172 Nm പീക്ക് ടോർക്ക്, 33 ശതമാനം ഗ്രേഡബിലിറ്റി, മണിക്കൂറിൽ 75 കിലോമീറ്റർ ടോപ് സ്പീഡ് എന്നിവ കമ്പനി അവകാശപ്പെടുന്നു. ഏത് റോഡിലും അനായാസം ഓടിക്കാൻ കഴിയുന്ന തരത്തിലാണ് ഡിസൈൻ.
2026 ഡിസംബർ ഒന്നു മുതൽ മൂന്ന് നഗരങ്ങളിൽ ഡെലിവറി ആരംഭിക്കും. ബെംഗളൂരു, വിജയവാഡ, നോയിഡ എന്നിവിടങ്ങളിൽ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
Auto
ഇന്ത്യക്കാരുടെ ഇഷ്ട എസ്യുവി ക്രെറ്റ പുതിയ രൂപത്തിൽ എത്തുന്നു.ഹ്യുണ്ടായ് പുതിയ ക്രെറ്റയുടെ പരീക്ഷണ ഓട്ടത്തിലാണ്. അതിന്റെ പുതിയ വീഡിയോ ഇപ്പോൾ പുറത്തുവന്നു. കുന്നിൻ മുകളിലെ ഇടുങ്ങിയ, ദുർഘടമായ റോഡുകളിലൂടെ അനായാസം കയറി പോകുന്ന ക്രെറ്റയുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ.
2027ന്റെ ആദ്യ പകുതിയിൽ പുതിയ ക്രെറ്റ ഷോറൂമുകളിലെത്തുമെന്നാണ് പ്രതീക്ഷ. നിലവിലെ മോഡലിനെക്കാൾ വലിയ മാറ്റങ്ങളുണ്ടാകും.ഡിസൈൻ പൂർണമായും പുതുക്കും.വലിപ്പം കൂടും.ഇന്റീരിയറും ഫീച്ചറുകളും കൂടുതൽ പ്രീമിയം ആകും.ഏറ്റവും വലിയ ഹൈലൈറ്റ് ശക്മായ ഹൈബ്രിഡ് എൻജിൻ. പെട്രോൾ, ഡീസൽ എൻജിനുകൾക്ക് പുറമെ ഹൈബ്രിഡ് ഓപ്ഷനും ഉണ്ടാകും.ഇൻസ്റ്റഗ്രാമിൽ നിറ്റിൻ കാർബോർ എന്ന അക്കൗണ്ടിലൂടെയാണ് രൂപത്തിൽ വലിയ മാറ്റം വരുത്തിയ ക്രെറ്റയുടെ വീഡിയോ പുറത്തുവന്നത്.
വാഹനം മുഴുവനായി മറച്ച നിലയിലാണെങ്കിലും, പുറംരൂപത്തെക്കുറിച്ച് ചില സൂചനകൾ കിട്ടുന്നുണ്ട്.മലയോര റോഡുകൾ അനായാസം കീഴടക്കുന്ന ഈ പുതിയ ക്രെറ്റയ്ക്കായി കാത്തിരിക്കാം. Bharat Mobility Expo-യിൽ അവതരിപ്പിച്ച്, പിന്നീട് വിൽപന തുടങ്ങും എന്നാണ് ഹ്യുണ്ടായ് പറയുന്നത്. ഹൈബ്രിഡ് ഓപ്ഷൻ വരും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.പുതിയ ക്രെറ്റയെ (കോഡ്: SX3) കുറിച്ച് പുറത്തുവന്ന മറ്റ് വിവരങ്ങൾ
ഡിസൈനിൽ വലിയ മാറ്റം
ഇപ്പോഴത്തെ വളവുള്ള ഡിസൈൻ മാറി, കൂടുതൽ ബോക്സിയും ഉയർന്നു നിൽക്കുന്നതുമായ ലുക്ക് ആകും.ഫ്ലാറ്റ് റൂഫ്, ടോൾ ഹുഡ് കൂടുതൽ റഗ്ഗഡ് എസ്യുവി ഫീൽ.
വിദേശത്ത് ഇതേ മോഡൽ Kona എന്ന പേരിലും ഇന്ത്യയിൽ ക്രെറ്റ എന്ന പേരിലും വിൽക്കും.
ഇന്റീരിയർ പുതിയത്
ഹ്യുണ്ടായിയുടെ പുതിയ Pleos Connect സിസ്റ്റം വലിയ ടച്ച് സ്ക്രീനും ഡിജിറ്റൽ മീറ്ററും.
കൂടുതൽ പ്രീമിയം ഫീച്ചറുകൾ ,പുതിയ ADAS സുരക്ഷാ ഫീച്ചറുകൾ.
എൻജിൻ
നിലവിലെ 1.5L പെട്രോൾ, 1.5L ടർബോ പെട്രോൾ, 1.5L ഡീസൽ തുടരും.
പ്രധാന ഹൈലൈറ്റ്
1.5L പെട്രോൾ + സ്ട്രോങ്ങ് ഹൈബ്രിഡ് സിസ്റ്റം ആദ്യമായി വരും. 25+ km/l മൈലേജ് പ്രതീക്ഷിക്കുന്നു
പ്ലാറ്റ്ഫോം
പുതിയ K3 പ്ലാറ്റ്ഫോമിൽ കൂടുതൽ കരുത്തും സുരക്ഷയും.
വില: ₹11 ലക്ഷം മുതൽ ₹21.5 ലക്ഷം വരെ ആകും എന്നാണ് സൂചന.
Auto
ഇരുചക്ര വാഹന ലോകത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി ഹോണ്ട തങ്ങളുടെ പുതിയ അഡ്വഞ്ചർ സ്കൂട്ടറായ 'ADV125' ആഗോളവിപണിയിൽ അവതരിപ്പിച്ചു. ഇറ്റലിയിലെ മിലാനിൽ നടന്ന പ്രശസ്തമായ EICMA 2026 മോട്ടോർ ഷോയിലാണ് ഈ സ്റ്റൈലിഷ് അർബൻ എപ്ലോററെ കമ്പനി ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയത്. റഫ് ആൻഡ് ടഫ് ലുക്കിൽ എത്തുന്ന ഈ വാഹനം യൂറോപ്യൻ വിപണിയിലെ എഐ ലൈസൻസ് ഉടമകളെ ലക്ഷ്യമിട്ടാണ് പ്രധാനമായും വിപണിയിലിറക്കിയിരിക്കുന്നത്.
എൻജിനും പ്രകടനവും
ഹോണ്ടയുടെ ജനപ്രിയ മോഡലായ PCX125-ൽ ഉപയോഗിച്ചിരിക്കുന്ന അതേ 125 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ eSP+ എൻജിനാണ് ADV125-ന്റെയും ഹൃദയം. ഏകദേശം 12.3 മുതൽ 12.7 bhp വരെ കരുത്തും 11.7 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എൻജിന് സാധിക്കും. CVT ഗിയർബോക്സാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.
റോഡ് യാത്രാ സുഖവും ഫീച്ചറുകളും
ദിവസേനയുള്ള യാത്രകൾക്കൊപ്പം സാഹസിക യാത്രകളെ സ്നേഹിക്കുന്നവരെയും ലക്ഷ്യമിട്ടാണ് ഈ സ്കൂട്ടർ നിർമ്മിച്ചിരിക്കുന്നത്. 165 എംഎം ഗ്രൗണ്ട് ക്ലിയറൻസും, ഷോവ (Showa) കമ്പനിയുടെ ലോംഗ്-ട്രാവൽ സസ്പെൻഷനും മോശം റോഡുകളിലും കുഴികളിലും മികച്ച യാത്രാസുഖം ഉറപ്പുനൽകുന്നു. കൂടാതെ ബ്ലോക്ക്-പാറ്റേൺ ട്യൂബ്ലെസ് ടയറുകളും ഇതിന് കരുത്ത് പകരുന്നു.
അതിശയകരമായ മൈലേജും റേഞ്ചും
ഇന്ധനക്ഷമതയുടെ കാര്യത്തിലും ഈ സ്കൂട്ടർ മുന്നിലാണ്. ലിറ്ററിന് ഏകദേശം 47.6 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 8.1 ലിറ്റർ കപ്പാസിറ്റിയുള്ള ഫ്യുവൽ ടാങ്ക് ഫുൾ അടിച്ചാൽ ഏകദേശം 385 കിലോമീറ്റർ വരെ ദൂരം യാതൊരു തടസവുമില്ലാതെ സഞ്ചരിക്കാം. 97 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം.
സുരക്ഷയും സാങ്കേതികവിദ്യയും
യൂട്യൂബ്, കോൾ അലർട്ടുകൾ എന്നിവയ്ക്കായി ഹോണ്ട റോഡ്സിങ്ക് (RoadSync) കണക്റ്റിവിറ്റിയോടുകൂടിയ അഞ്ച് ഇഞ്ച് ടിഎഫ്ടി (TFT) ഡിസ്പ്ലേയാണ് ഇതിലുള്ളത്. കീലെസ് ഇഗ്നിഷനായി സ്മാർട്ട് കീ സിസ്റ്റം, എമർജൻസി സ്റ്റോപ്പ് സിഗ്നൽ (ESS), HSTC ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്റ്റോറേജും നിറങ്ങളും
യാത്രകളിൽ ലഗേജുകൾ സൂക്ഷിക്കാൻ സീറ്റിനടിയിൽ ഒരു ഫുൾ ഫെയ്സ് ഹെൽമെറ്റ് വയ്ക്കാൻ പാകത്തിലുള്ള 29 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് നൽകിയിരിക്കുന്നു. ഒപ്പം യുഎസ്ബിസി (USB-C) ചാർജിംഗ് പോർട്ടോടുകൂടിയ രണ്ട് ലിറ്ററിന്റെ ഫ്രണ്ട് ഗ്ലോവ് ബോക്സുമുണ്ട്.
മനോഹരമായ പേൾ ഫാൽക്കൺ ഗ്രേ, പേൾ കൂൾ വൈറ്റ്, മാറ്റ് പേൾ ഡിയാസ്പ്രോ റെഡ് എന്നീ ആകർഷകമായ നിറങ്ങളിൽ വാഹനം ലഭ്യമാണ്. യൂറോപ്യൻ വിപണി ലക്ഷ്യമാക്കി അവതരിപ്പിച്ച ഈ കിടിലൻ സ്കൂട്ടർ ഇന്ത്യയിൽ എന്നാണ് എത്തുക എന്നതിനെക്കുറിച്ച് ഹോണ്ട ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Auto
ഇന്ധനം തീരാറായിട്ടും ‘അടുത്ത പമ്പുവരെ എത്താം’ എന്ന കണക്കുകൂട്ടലിലാണോ യാത്ര? റിസർവിൽ ഓടുന്നത് പതിവാക്കിയാൽ ഫ്യുവൽ പമ്പിന്റെ ആയുസിനെ ബാധിച്ചേക്കാം.ഫ്യുവൽ ഇൻഡിക്കേറ്ററിലെ സൂചി താഴ്ന്നു. റിസർവ് ലൈറ്റും തെളിഞ്ഞു. എന്നിട്ടും യാത്ര തുടരുന്നവർ ഏറെയാണ്. അടുത്ത പമ്പുവരെ എത്താമെന്ന പ്രതീക്ഷയാണ് പലർക്കും. വല്ലപ്പോഴും ഇങ്ങനെ സംഭവിക്കുന്നതുകൊണ്ട് ഫ്യുവൽ പമ്പ് കേടാകില്ല. എന്നാൽ ടാങ്കിലെ ഇന്ധനം തീരുന്നതുവരെ ഓടിക്കുന്നത് പതിവാക്കുന്നത് നല്ലതല്ല.
ഫ്യുവൽ പമ്പിനും വേണം ‘കൂളിംഗ് ’
ആധുനിക പെട്രോൾ, ഡീസൽ വാഹനങ്ങളിൽ ഫ്യുവൽ പമ്പ് സാധാരണയായി ടാങ്കിനുള്ളിലാണ്. ടാങ്കിൽനിന്ന് ആവശ്യമായ മർദത്തിൽ എൻജിനിലേക്ക് ഇന്ധനം എത്തിക്കുകയാണ് ജോലി.
പമ്പിലൂടെ ഒഴുകുന്ന ഇന്ധനം അതിന്റെ ചൂട് നിയന്ത്രിക്കാനും സഹായിക്കുന്നു. ആവശ്യത്തിന് ഇന്ധനം ലഭിക്കാത്ത സാഹചര്യം ആവർത്തിച്ചാൽ പമ്പിന്റെ തേയ്മാനം കൂടാം. ആയുസും കുറയാം.
കയറ്റവും വളവും പ്രശ്നമാകാം
ടാങ്കിൽ ഇന്ധനം തീരെ കുറവാണെന്നിരിക്കട്ടെ. കുത്തനെയുള്ള കയറ്റമോ, ഇറക്കമോ, വളവോ എത്തിയാൽ ഇന്ധനം ടാങ്കിനുള്ളിൽ ഒരു വശത്തേക്ക് നീങ്ങാം. ചില സാഹചര്യങ്ങളിൽ പമ്പിന് ആവശ്യത്തിന് ഇന്ധനം കിട്ടാതെ വരാം. ഇതാണ് ‘ഫ്യുവൽ സ്റ്റാർവേഷൻ ’. പിക്കപ്പ് കുറയാം. എൻജിൻ മടിച്ചേക്കാം. ചിലപ്പോൾ വാഹനം ഓഫാകുകയും ചെയ്യാം.
അഴുക്കിനെക്കുറിച്ചുള്ള ധാരണ ശരിയാണോ?
‘റിസർവിൽ ഓടിച്ചാൽ ടാങ്കിന്റെ അടിയിലെ അഴുക്ക് മുഴുവൻ പമ്പ് വലിച്ചെടുക്കും’ എന്നൊരു ധാരണയുണ്ട്. അത് പൂർണമായി ശരിയല്ല. സാധാരണയായി ടാങ്കിന്റെ താഴെയുള്ള ഭാഗത്തുനിന്നുതന്നെയാണ് പമ്പ് ഇന്ധനം എടുക്കുന്നത്.
എന്നാൽ ഇന്ധനത്തിലെ മാലിന്യങ്ങൾ ഫിൽറ്ററിലോ സ്ട്രെയിനറിലോ അടിഞ്ഞുകൂടാം. അതിനാൽ ഗുണനിലവാരമുള്ള ഇന്ധനം ഉപയോഗിക്കുക. നിർമാതാവ് നിർദേശിക്കുന്ന സമയത്ത് ഫിൽറ്ററും പരിശോധിക്കുക.
പമ്പ് പ്രശ്നത്തിലാണോ?
ലക്ഷണങ്ങൾ നോക്കാം
► സ്റ്റാർട്ടാകാൻ വൈകുന്നു.
► പിക്കപ്പ് കുറയുന്നു.
► കയറ്റത്തിൽ കരുത്ത് കുറയുന്നു.
► ഉയർന്ന വേഗത്തിൽ എൻജിൻ മടിക്കുന്നു.
► ഓടുന്നതിനിടെ എൻജിൻ ഓഫാകുന്നു.
ഇവ ഫ്യുവൽ പമ്പിന്റെ തകരാറുകൊണ്ടു മാത്രമാകണമെന്നില്ല. മറ്റു പ്രശ്നങ്ങളും സമാന ലക്ഷണങ്ങൾ നൽകാം. പരിശോധനയിലൂടെ കാരണം ഉറപ്പാക്കണം.
ലൈറ്റ് തെളിഞ്ഞാൽ പേടിക്കേണ്ട
റിസർവ് ലൈറ്റ് തെളിഞ്ഞതുകൊണ്ടുമാത്രം ഫ്യുവൽ പമ്പ് കേടാകില്ല. അത് ഇന്ധനം നിറയ്ക്കാനുള്ള മുന്നറിയിപ്പായി കാണുക.
ലൈറ്റ് തെളിഞ്ഞശേഷം എത്രദൂരം പോകാമെന്നതിന് എല്ലാ വാഹനങ്ങൾക്കും ഒരേ കണക്കില്ല. മോഡൽ, മൈലേജ്, ട്രാഫിക്, റോഡിന്റെ സ്വഭാവം, ഡ്രൈവിംഗ് രീതി എന്നിവയെല്ലാം അതിനെ ബാധിക്കും. അതിനാൽ ‘ഇനിയും ഇത്ര കിലോമീറ്റർ പോകും’ എന്ന കണക്കിൽ യാത്ര നീട്ടേണ്ട.
ഓർമിക്കാം
► റിസർവ് പതിവാക്കരുത്.
► ലൈറ്റ് തെളിഞ്ഞാൽ ഇന്ധനം നിറയ്ക്കുക.
► ടാങ്ക് പൂർണമായി കാലിയാക്കരുത്.
► ദീർഘയാത്രയ്ക്കുമുമ്പ് ഇന്ധനം ഉറപ്പാക്കുക.
► ഫ്യുവൽ ഫിൽറ്റർ സമയത്ത് പരിശോധിക്കുക.
കാൽ ടാങ്കാകുമ്പോൾ ഇന്ധനം നിറയ്ക്കുന്നത് നല്ല ശീലമാണ്. എന്നാൽ അത് നിർബന്ധവുമല്ല.
അവസാന തുള്ളിവരെ ഓടിച്ച് ലാഭിക്കാനൊന്നുമില്ല. സമയത്ത് ഇന്ധനം നിറയ്ക്കുക. വഴിയിൽ നിൽക്കാതിരിക്കാം; പമ്പിനും പണികൊടുക്കാതിരിക്കാം.
Auto
കിയയുടെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്യുവി സൊറെന്റോ ഇന്ത്യൻ വിപണിയിലെത്തി. ആറ് സീറ്റർ, ഏഴ് സീറ്റർ കോണ്‍ഫിഗറേഷനുകളിലും ഫ്രണ്ട് വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് ഓപ്ഷനുകളിലുമാണ് വാഹനം ലഭ്യമാകുക. 27.99 ലക്ഷം മുതൽ 40.39 ലക്ഷം വരെയാണ് സൊറെന്റോയുടെ എക്സ് ഷോറൂം വില.
പുറംമോടി
മസ്കുലാർ ബോഡി ലൈനുകളും 18, 19 ഇഞ്ച് അലോയ് വീൽ ഓപ്ഷനുകളും വാഹനത്തിന് പ്രീമിയം എസ്യുവി ലുക്ക് നൽകുന്നു. നീളമേറിയ ബോഡിയും വലിയ വീൽബേസും ഉള്ളിലെ മൂന്ന് നിരകളിലും കൂടുതൽ ക്യാബിൻ സ്പേസ് ഉറപ്പാക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
മുന്നിലെ വലിയ ഗ്രിൽ, ക്രിസ്റ്റൽ ക്യൂബ് എൽഇഡി ഹെഡ്ലാന്പുകൾ, സ്റ്റാർമാപ്പ് എൽഇഡി ലൈറ്റുകൾ എന്നിവ സൊറെന്റോയുടെ പുറംമോടി കൂട്ടുന്നു.
അകത്തളം
സൊറെന്റോയുടെ അകത്തെ പ്രധാന ആകർഷണങ്ങളിലൊന്ന് ഡാഷ്ബോർഡിലെ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമാണ്. 12 സ്പീക്കറുകളുള്ള ബോസ് പ്രീമിയം ഓഡിയോ സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഡ്യുവൽ സോണ്‍ ക്ലൈമറ്റ് കണ്ട്രോൾ, ഹെഡ്-അപ്പ് ഡിസ്പ്ലേ, പവേർഡ് ടെയിൽഗേറ്റ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്.
10 വേ പവർ അഡ്ജസ്റ്റ്മെന്റ് ലംബർ സപ്പോർട്ട് വെന്റിലേറ്റഡ് സീറ്റുകൾ, രണ്ടാം നിര സീറ്റുകൾ ഇലക്ട്രോണിക്കായി മടക്കാനുള്ള സംവിധാനം എന്നിവയാണ് ക്യാബിനിലെ പ്രധാന സൗകര്യങ്ങൾ. ആറ് സീറ്റർ പതിപ്പിൽ രണ്ടാം നിരയിലും വെന്റിലേഷൻ സൗകര്യമുണ്ട്.
സുരക്ഷാ
10 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഡിജിറ്റൽ ഇൻസൈഡ് റിയർവ്യൂ മിറർ, ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്റ്റ്, ഫ്രണ്ട്-റിയർ ഡാഷ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ പ്രധാന സുരക്ഷാ സംവിധാനങ്ങളാണ്. ലെവൽ 2 അഡാസ് സംവിധാനവും വാഹനത്തിലുണ്ട്.
ഉൾക്കരുത്ത്
രണ്ട് പവർട്രെയിൻ ഓപ്ഷനുകളാണ് കിയ സൊറെന്റോയ്ക്ക് നൽകിയിരിക്കുന്നത്. 1.6 ലിറ്റർ ടർബോ പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് എൻജിൻ 180 എച്ച്പിയും 265 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഇതോടൊപ്പം 65 എച്ച്പിയും 264 എൻഎം ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടോറുമുണ്ട്. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഹൈബ്രിഡ് പതിപ്പിൽ.
ഡീസൽ പതിപ്പിൽ 2.2 ലിറ്റർ എൻജിനാണ് ഉപയോഗിക്കുന്നത്. 193 എച്ച്പി കരുത്തും 442 എൻഎം ടോർക്കും നൽകുന്ന ഡീസൽ എൻജിനൊപ്പം 8-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണ് നൽകിയിരിക്കുന്നത്.
സ്കോഡ കൊഡിയാക്, ഫോക്സ്വാഗണ് ടെയ്റോണ്‍, ജീപ്പ് മെറിഡിയൻ എന്നിവരാണ് നേരിട്ടുള്ള എതിരാളികൾ. ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ തുടങ്ങിയ വലിയ 7-സീറ്റർ എസ്യുവികളുമായും സൊറെന്റോ മത്സരിക്കും.
ഫ്രണ്ട് വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുക. 27.99 ലക്ഷം മുതൽ 40.39 ലക്ഷം വരെയാണ് എക്സ് ഷോറൂം വില
Auto
ഇന്ത്യയിൽ അഡ്വഞ്ചർ ബൈക്ക് സംസ്കാരത്തിന് പുതിയ മുഖം നൽകിയ റോയൽ എൻഫീൽഡ് "ഹിമാലയൻ' പുതിയ രൂപത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്. പഴയ "ഹിമാലയൻ 411'ന്റെ രൂപവും സ്വഭാവവും നിലനിർത്തിക്കൊണ്ട് കൂടുതൽ കരുത്തുള്ള എൻജിനും പുതുക്കിയ ബ്രേക്കുകളും പുതിയ ഫീച്ചറുകളുമായി റോയൽ എൻഫീൽഡ് "ഹിമാലയൻ 440' വിപണിയിലെത്തുന്നത്.
"ഹിമാലയൻ 450'ന് താഴെ കൂടുതൽ ലളിതമായ അഡ്വഞ്ചർ മോട്ടോർ സൈക്കിൾ എന്ന നിലയിലാണ് ഹിമാലയൻ 440നെ റോയൽ എൻഫീൽഡ് അവതരിപ്പിക്കുന്നത്. 2.29 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. ഒറ്റ വേരിയന്റിൽ മൂന്ന് നിറങ്ങളിലാണ് ബൈക്ക് എത്തുന്നത്.
പഴയ രൂപം
കാഴ്ചയിൽ പഴയ ഹിമാലയൻ 411നെ ഓർമിപ്പിക്കുന്ന ഡിസൈനാണ് 440നും. എന്നാൽ പുറംരൂപം വലിയ രീതിയിൽ മാറ്റാതെ മെക്കാനിക്കൽ ഭാഗങ്ങളിലാണ് റോയൽ എൻഫീൽഡ് പ്രധാന ശ്രദ്ധ നൽകിയിരിക്കുന്നത്. വാഹനത്തിന്റെ ഏറ്റവും വലിയ മാറ്റം 411ലെ 411 സിസി എൻജിന് പകരം പുതിയ 443 സിസി എൻജിൻ എത്തിയതാണ്. പഴയ ഹിമാലയന്റെ ലളിതമായ ഭാവം നിലനിർത്തുന്പോഴും ആവശ്യമായ ആധുനിക സൗകര്യങ്ങൾ 440ൽ നൽകിയിട്ടുണ്ട്.
രാത്രിയാത്രയിൽ കൂടുതൽ പ്രകാശം നൽകുന്നതിന് പുതിയ എൽഇഡി ഹെഡ്ലൈറ്റ്, പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ട്രിപ്പർ നാവിഗേഷൻ, യുഎസ്ബി ടൈപ്പ് സി ചാർജിംഗ് തുടങ്ങിയവയും പുതിയ മോഡലിലുണ്ട്.
ദീർഘദൂര യാത്രകൾക്ക് ഹാർഡ് പാനിയറുകൾ, ടോപ്പ് ബോക്സ്, ടൂറിംഗ് സീറ്റ്, ഹാൻഡ് ഗാർഡുകൾ, എൻജിൻ ഗാർഡുകൾ തുടങ്ങിയ ആക്സസറികളും ലഭ്യമാണ്. 21 ഇഞ്ച് മുൻചക്രം, 17 ഇഞ്ച് പിൻചക്രം, 220 എംഎം ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ വാഹനത്തിന്റെ അഡ്വഞ്ചർ സ്വഭാവം നിലനിർത്തുന്നു. സീറ്റ് ഉയരം 800 എംഎം ആണ്.
ഉൾക്കരുത്ത്
ഹിമാലയൻ 440ന്റെ ഹൃദയം 443 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് ഫ്യൂവൽ ഇഞ്ചക്ടഡ് ലോംഗ് സ്ട്രോക്ക് എൻജിനാണ്. 6250 ആർപിഎമ്മിൽ പരമാവധി 25.4 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 34 എൻഎം ടോർക്കും ലഭിക്കും. ആറ് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ.
ബ്രേക്കിംഗ് സംവിധാനത്തിലും മാറ്റമുണ്ട്. മുന്നിൽ 300 എംഎം ഡിസ്കും പിന്നിൽ 240 എംഎം ഡിസ്കുമാണ്. ഡ്യുവൽ ചാനൽ എബിഎസ് സ്റ്റാൻഡേർഡായി ലഭിക്കും. ഓഫ് റോഡ് ഉപയോഗത്തിനായി പിൻ എബിഎസ് സ്വിച്ച് ഓഫ് ചെയ്യാനും കഴിയും.
Auto
ആഡംബര സെഡാൻ ശ്രേണിയിൽ ലെക്സസിന്റെ എട്ടാം തലമുറ മോഡലായ ലെക്സസ് ഇഎസ് 350എച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇഎസ് 300 എച്ചിന് പകരക്കാരനായി എത്തുന്ന ഇഎസ് 350എച്ച് സ്ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായാണ് വിപണിയിലെത്തുന്നത്. ഇന്ത്യയിൽതന്നെ നിർമിക്കുന്ന വാഹനത്തിന് 66.10 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. എക്സ്ക്വിസിറ്റ്, ലക്ഷ്വറി എന്നി രണ്ട് വകഭേദങ്ങളിലാണ് ലെക്സസ് ഇഎസ് 350എച്ച് ലഭ്യമാകുക.
ഉയരം കൂടുതൽ
മുൻ മോഡലിനേക്കാൾ കൂടുതൽ വലുപ്പമുള്ള ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. സെഡ് ആകൃതിയിലുള്ള എൽഇഡി ഹെഡ്ലാംപുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലാംപുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ എന്നിവ വാഹനത്തിന്റെ പുറംരൂപത്തിന് ആധുനിക ഭാവം നൽകുന്നു. ഇന്ത്യൻ റോഡുകളിലെ ഉപയോഗം കണക്കിലെടുത്ത് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 20 മില്ലിമീറ്റർ വർധിപ്പിച്ചിട്ടുണ്ട്. അകത്തളത്തിലും കാര്യമായ മാറ്റങ്ങളുണ്ട്. ഡാഷ്ബോർഡിൽ 14 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നൽകിയിട്ടുണ്ട്. 17 സ്പീക്കറുകളുള്ള മാർക്ക് ലെവിൻസണ് പ്രീമിയം ഓഡിയോ സംവിധാനവും ലഭ്യമാണ്.
ഹൈബ്രിഡ് കരുത്ത്
2.5 ലിറ്റർ നാല് സിലിണ്ടർ നാച്വറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനൊപ്പം ഇലക്ട്രിക് മോട്ടോറും ലിഥിയംഅയണ് ബാറ്ററിയുമാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. എൻജിനും ഇലക്ട്രിക് മോട്ടോറും ചേർന്ന് 244 എച്ച്പി കരുത്താണ് ലഭിക്കുന്നത്. ഇ-സിവിടി ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ഇഎസ് 350എച്ചിലുള്ളത്. ലിറ്ററിന് 25.22 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് കന്പനി അവകാശപ്പെടുന്നത്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 7.7 സെക്കൻഡ് സമയം മതി.
പുതിയ സേഫ്റ്റി സിസ്റ്റം
സുരക്ഷയ്ക്കായി ലെക്സസിന്റെ പുതിയ സേഫ്റ്റി സിസ്റ്റം എൽഎസ്എസ്+4.0 ആണ് ലെക്സസ് ഇഎസ് 350എച്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എട്ട് എയർബാഗുകൾക്ക് പുറമെ ലെവൽ 2 അഡാസ് സംവിധാനവും വാഹനത്തിലുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ സംവിധാനങ്ങൾ ഡ്രൈവിംഗ് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ഡ്രൈവർ മോണിറ്റർ സിസ്റ്റം തുടങ്ങിയവയും പുതിയ വാഹനത്തിലുണ്ട്.
വില: 66.10 ലക്ഷം
മൈലേജ്: 25.22 കിലോമീറ്റർ
Auto
ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി പുതിയ ഇലക്ട്രിക് സ്കൂട്ടറായ "കോനാർക്' വിപണിയിൽ അവതരിപ്പിച്ചു. പുതിയ ഇഎൽ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കോനാർക് ദൈനംദിന യാത്രകൾക്കും കുടുംബ ഉപയോഗത്തിനുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ലോഹനിർമിത ബോഡി, ഉയർന്ന ദൂരപരിധി, വലിയ സ്റ്റോറേജ് സ്പേസ് എന്നിവയാണ് പ്രധാന സവിശേഷതകൾ.
പുതിയ രൂപകല്പന
450എക്സ്, റിസ്ത മോഡലുകളിൽനിന്ന് വ്യത്യസ്തമായ ഡിസൈൻ ശൈലിയാണ് കോനാർക്കിന്. ഏഥറിന്റെ സ്റ്റീൽ യൂണിബോഡി മെറ്റൽ ബോഡി പാനലുകളാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മുന്നിൽ 14 ഇഞ്ച് വീലും പിന്നിൽ 12 ഇഞ്ച് അലോയ് വീലുമാണ് നൽകിയിരിക്കുന്നത്. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കിനൊപ്പം ഡ്യുവൽ ഹൈഡ്രോളിക് കോയിൽ സ്പ്രിങ് റിയർ സസ്പെൻഷനും ലഭിക്കും. മോശം റോഡുകളിലും മികച്ച റൈഡിങ് സ്റ്റബിലിറ്റി ഉറപ്പാക്കുകയാണ് ലക്ഷ്യം.
2.1 കിലോവാട്ട്, 2.7 കിലോവാട്ട് എന്നിങ്ങനെ ബാറ്ററി ഓപ്ഷനുകളിലാണ് കോനാർക് എത്തുന്നത്. 100 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെയാണ് വാഹനത്തിന്റെ ഐഡിസി റേഞ്ച്്. നാല് കിലോവാട്ട് / 4.7 കിലോവാട്ട് ശേഷിയുള്ള പിഎംഎസ്എം ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. 16 എൻഎം ടോർക്ക് ലഭിക്കും. മണിക്കൂറിൽ 80 കിലോമീറ്ററാണ് പരമാവധി വേഗം.
450വാട്ട് ഓണ്‍ബോർഡ് ചാർജർ ഉപയോഗിച്ച് വീട്ടിലെ സോക്കറ്റിൽനിന്ന് 0-80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ നാലു മുതൽ അഞ്ച് മണിക്കൂർ വരെ വേണ്ടിവരും. ഓപ്ഷണലായി ലഭിക്കുന്ന 900വാട്ട് കോന്പിനേഷൻ ചാർജർ ഉപയോഗിച്ചാൽ ചാർജിംഗ് സമയം രണ്ട് മണിക്കൂറായി കുറയ്ക്കാം.
ഫീച്ചറുകളാൽ സമൃദ്ധം
ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷൻ, കാൾ/എസ്എംഎസ് അലേർട്ടുകൾ, തെഫ്റ്റ് അലേർട്ടുകൾ, ഒടിഎ അപ്ഡേറ്റുകൾ തുടങ്ങിയ കണക്റ്റഡ് ഫീച്ചറുകൾ ഈ വാഹനത്തിലുണ്ട്. വേരിയന്റിന് അനുസരിച്ച് 4.2 ഇഞ്ച് ഡീപ്വ്യൂ ഡിജിറ്റൽ ഡിസ്പ്ലേയും കളർ ടിഎഫ്ടി ടച്ച്സ്ക്രീനും കീലെസ് എൻട്രിക്കായി "മാജിക് കീ’ സംവിധാനവുമുണ്ട്.
കയറ്റത്തിലും ഇറക്കത്തിലും വാഹനം പിന്നിലേക്ക് ഉരുണ്ടുപോകുന്നത് തടയാൻ ഓട്ടോഹോൾഡ് സംവിധാനം, വാഹനം മറിഞ്ഞാൽ മോട്ടോറിലേക്കുള്ള വൈദ്യുതി തടയുന്ന ഫാൾസേഫ് സംവിധാനം, കുറഞ്ഞ വേഗത്തിൽ വാഹനം എളുപ്പത്തിൽ മുന്നോട്ടും പിന്നോട്ടും നീക്കി പാർക്ക് ചെയ്യാൻ സഹായിക്കുന്ന എയർവാക്ക് സംവിധാനം തുടങ്ങിയ പുതിയ സുരക്ഷാ ഫീച്ചറുകളും കോനാർക്കിലുണ്ട്.
സീറ്റിനടിയിൽ 31 ലീറ്റർ ബൂട്ട് സ്പേസാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് ഹാഫ് ഫേസ് ഹെൽമറ്റുകൾ വരെ സൂക്ഷിക്കാനാകും. മുൻവശത്ത് യുഎസ്ബി ചാർജിംഗ് സൗകര്യത്തോടുകൂടിയ രണ്ട് ലിറ്റർ ഗ്ലോവ് ബോക്സും നൽകിയിട്ടുണ്ട്. സ്മാർട്ട് ഇക്കോ, ഇക്കോ, പവർ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളാണ് കോനാർക്കിലുള്ളത്.
മത്സരം കടുക്കും
ടിവിഎസ് ഐക്യൂബ്, ടിവിഎസ് ഓർബിറ്റർ, ബജാജ് ചേതക് ഇലക്ട്രിക്, ഒല എസ്1 എക്സ്, ഒല എസ്1 എയർ, ഹീറോ വിഡ വിഎക്സ്2 തുടങ്ങിയ മോഡലുകളോടാണ് ഏഥർ കോനാർക് മത്സരിക്കുക. 10,000 കിലോമീറ്ററാക്കി സർവീസ് ഇടവേള വർധിപ്പിച്ചതും അഞ്ചാം തലമുറ ബെഡ്റോക്ക് ബാറ്ററിക്ക് 10 വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറന്റി നൽകുന്നതുമാണ് കോനാർക്കിന്റെ പ്രത്യേകത.
വാഹനത്തിന്റെ പ്രാരംഭ വില 99,999 രൂപയാണ്. ക്വാർട്സ് വൈറ്റ്, മജസ്റ്റിക് ഗ്രേ, ലൂമൻ കോപ്പർ, സെലസ്റ്റിയൽ ഗോൾഡ്, ക്ലാറെറ്റ് റെഡ് തുടങ്ങിയ നിറങ്ങളിൽ ഏഥർ കോനാർക് ലഭ്യമാണ്.
വില: 99,999
റേഞ്ച്: 200 കിലോമീറ്റർ
Auto
വാഹനത്തിന്റെ ടയറിൽ കാറ്റ് നിറയ്ക്കാൻ പോകുന്പോൾ പലപ്പോഴും ചോദ്യം വരും എയർ മതിയോ, നൈട്രജൻ വേണോ? നൈട്രജൻ നിറച്ചാൽ മൈലേജ് കൂടും, ടയർ കൂടുതൽ കാലം നിലനിൽക്കും, ചൂടാകുന്പോൾ പ്രഷർ കുറയില്ല. തുടങ്ങിയ അവകാശവാദങ്ങളും വ്യാപകമാണ്. എന്നാൽ യാഥാർഥ്യം എന്താണ്?
സാധാരണ എയർ
സാധാരണ എയർ എന്നത് അന്തരീക്ഷവായു തന്നെയാണ്. ഏകദേശം 78 ശതമാനം നൈട്രജനും 21 ശതമാനം ഓക്സിജനും കൂടാതെ ചെറിയ അളവിൽ ആർഗണ്‍, കാർബണ്‍ ഡൈഓക്സൈഡ് തുടങ്ങിയ വാതകങ്ങളും ഇതിലുണ്ട്. അതേസമയം നൈട്രജൻ നിറയ്ക്കുന്പോൾ 95 ശതമാനവും നൈട്രജൻ വാതകമാണ് ടയറിലെത്തുന്നത്.
നൈട്രജന്റെ നേട്ടം എന്ത്?
നൈട്രജൻ തന്മാത്രകൾ ഓക്സിജനേക്കാൾ വലുതായതിനാൽ ടയറിന്റെ ചെറിയ സുഷിരങ്ങളിലൂടെ വാതകം പുറത്തേക്ക് പോകുന്ന തോത് കുറയുമെന്നാണ് പ്രധാന വാദം. അതിനാൽ ദീർഘകാലം ടയർ പ്രഷർ നിലനിർത്തുന്നതിൽ നൈട്രജന്‍ ചെറിയ നേട്ടമുണ്ടാകാം.എന്നാൽ സാധാരണ റോഡ് ഉപയോഗത്തിലുള്ള കാറുകളിൽ ഈ വ്യത്യാസം വളരെ വലുതല്ല. ടയറിൽ ചെറിയ ചോർച്ചയുണ്ടെങ്കിൽ നൈട്രജൻ നിറച്ചാലും പ്രഷർ കുറയും.
മൈലേജ് കൂടുമോ?
നൈട്രജൻ നിറച്ചാൽ ഇന്ധനക്ഷമത ഗണ്യമായി വർധിക്കുമെന്നതിന് ശക്തമായ തെളിവില്ല. ടയറിലെ ശരിയായ പ്രഷർ നിലനിർത്തുന്നതാണ് മൈലേജിനെ കൂടുതൽ സ്വാധീനിക്കുന്നത്. പ്രഷർ കുറവുള്ള ടയറുകൾ കൂടുതൽ റോളിംഗ് റെസിസ്റ്റൻസ് ഉണ്ടാക്കുകയും ഇന്ധന ഉപഭോഗം വർധിപ്പിക്കുകയും ചെയ്യും.
ചൂടിൽ പ്രഷർ ഉയരുമോ?
നൈട്രജൻ നിറച്ചാലും ടയർ ചൂടാകുന്പോൾ അതിനുള്ളിലെ വാതകം വികസിക്കുകയും പ്രഷർ ഉയരുകയും ചെയ്യും. അതിനാൽ നൈട്രജൻ നിറച്ചാൽ ചൂടുമൂലമുള്ള പ്രശ്നമുണ്ടാകില്ല എന്നു പറയാനാകില്ല.
ടയറിന്റെ ആയുസ് കൂടുമോ?
നൈട്രജനിൽ ഈർപ്പം വളരെ കുറവായതിനാൽ ടയറിന്റെയും റിമ്മിന്റെയും അകത്തെ ഭാഗങ്ങളിൽ ഈർപ്പവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കാം. എന്നാൽ സാധാരണ കാറിന്റെ ടയറിന്റെ ആയുസ് നൈട്രജൻ മാത്രം ഉപയോഗിച്ചതുകൊണ്ട് വർധിക്കില്ല. ടയറിന്റെ ഗുണനിലവാരം, പ്രഷർ, വീൽ അലൈൻമെന്റ്, ഡ്രൈവിംഗ് രീതി, റോഡ് സാഹചര്യം എന്നിവയെ ആശ്രയിച്ചിരിക്കും.
അപ്പോൾ എയർ മതിയോ?
ദൈനംദിന ഉപയോഗത്തിലുള്ള കാറുകൾക്ക് നല്ല നിലവാരത്തിലുള്ള സാധാരണ അന്തരീക്ഷ വായു മതിയാകും. നൈട്രജൻ സൗജന്യമായോ ചെറിയ ചെലവിലോ ലഭിക്കുന്നുണ്ടെങ്കിൽ ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ അതിനായി അധിക പണം ചെലവഴിക്കുന്നത് സാധാരണ വാഹന ഉടമയ്ക്ക് വലിയ പ്രയോജനം നൽകണമെന്നില്ല.
നൈട്രജനിലേക്ക് മാറുന്പോൾ
എയറിൽനിന്ന് നൈട്രജനിലേക്ക് മാറുന്പോൾ ടയറിലെ മുഴുവൻ എയറും കളഞ്ഞിട്ട് വേണം നൈട്രജൻ നിറയ്ക്കാൻ. പകുതി എയർ പകുതി നൈട്രജൻ എന്നത് യാതൊരു ഗുണവും ചെയ്യില്ല.
ഓർക്കുക
ടയറിൽ എന്ത് നിറച്ചാലും ഒരു കാര്യം മറക്കരുത്. ശരിയായ പ്രഷർ. വാഹന നിർമാതാവ് നിർദേശിക്കുന്ന ടയർ പ്രഷർ കൃത്യമായി പാലിക്കുകയും ഇടയ്ക്കിടെ പരിശോധിക്കുകയും ചെയ്യുന്നതാണ് ടയറിന്റെ സുരക്ഷയ്ക്കും മൈലേജിനും ഏറ്റവും പ്രധാനപ്പെട്ടത്.
Auto
വിര്‍ട്ടസ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ട് നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി വോള്ക്സ്വാഗണ് ഇന്ത്യ പുതിയ ആനിവേഴ്സറി എഡിഷന് അവതരിപ്പിച്ചു. എന്‍ജിനിലും ഗിയര്‍ബോക്സിലും മാറ്റങ്ങളില്ലെങ്കിലും വിര്‍ട്ടസിന്റെ ജിടി പ്ലസ് സ്പോര്‍ട്ട് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ പതിപ്പ്.
സ്പോര്‍ട്ടി രൂപവും ശക്തമായ ടര്‍ബോ എന്‍ജിനും മികച്ച ഡ്രൈവിംഗ് അനുഭവവും വേണമെന്ന് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ആനിവേഴ്സറി എഡിഷന് എത്തിയിരിക്കുന്നത്. 19.20 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.
കാഴ്ചയില്‍ ആകര്‍ഷകം
സാധാരണ വേരിയന്റുകളില്‍ നിന്ന് വിര്‍ട്ടസ് ആനിവേഴ്സറി എഡിഷനെ വേറിട്ടുനിര്‍ത്തുന്നത് അതിന്റെ ആകര്‍ഷകമായ ഡിസൈന്‍ മാറ്റങ്ങളാണ്. പുതിയ അവക്കാഡോ പേള്‍ നിറമാണ് വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. കോണ്ട്രാസ്റ്റ് ബ്ലാക്ക് റൂഫ്, ഡാര്‍ക്ക് ഫിനിഷിലുള്ള അലോയ് വീലുകള്‍, റെഡ് ബ്രേക്ക് കാലിപ്പറുകള്‍, ബ്ലാക്ക് ബൂട്ട് ലിപ് സ്പോയിലര്‍ എന്നിവ വാഹനത്തിന് കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് നല്കുന്നു.
360 ഡിഗ്രി സര്റൗണ്ട് വ്യൂ കാമറ, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡോര്‍ പഡില്‍ ലാംപുകള്‍, ഡ്യുവല്‍ ടോണ്‍ ഹോണ്‍ എന്നിവയും ഈ എഡിഷനില്‍ അധികമായി നല്‍കിയിട്ടുണ്ട്. നീളമേറിയ ബോണറ്റ്, ഷാര്‍പ്പ് എല്‍ഇഡി ലൈറ്റുകള്‍, കൂപ്പെ ശൈലിയിലുള്ള റൂഫ് ലൈന്‍, വശങ്ങളിലൂടെ ഒഴുകുന്ന ബോഡി ലൈന്‍ എന്നിവ വാഹനത്തിന് മിഴിവേകുന്നു.
സമ്പന്നമായ അകത്തളം
ഗ്ലോസ്ബ്ലാക്ക് ഇന്‍സെര്‍ട്ടുകളും റെഡ് ആംബിയന്റ് ലൈറ്റിംഗും സജ്ജീകരിച്ച ഓള്‍ബ്ലാക്ക് ഇന്റീരിയറാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. 10.1 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ക്യാബിനെ സമ്പന്നമാക്കുന്നു.
സുരക്ഷയ്ക്കും മുന്‍ഗണന
സുരക്ഷയുടെ കാര്യത്തിലും വിര്‍ട്ടസ് ആനിവേഴ്സറി എഡിഷന് ശ്രദ്ധേയമാണ്. അഞ്ച് സ്റ്റാര്‍ ഗ്ലോബല്‍ എന്‍സിഎപി സുരക്ഷാ റേറ്റിംഗ് നേടിയ വിര്‍ട്ടസില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഐഎസ്ഒഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ തുടങ്ങിയ നിരവധിയായ സുരക്ഷാ സംവിധാനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കരുത്തുറ്റ എന്ജിന്
1.5 ലീറ്റര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 150 പിഎസ് പരമാവധി കരുത്തും 250 എന്‍എം ടോര്‍ക്കും നല്കുന്ന എന്‍ജിനൊപ്പം ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടമാറ്റിക് ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്.
മികച്ച പവറിനൊപ്പം ലിറ്ററിന് 19.62 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ മിഡ്സൈസ് സെഡാന് വിപണിയില്‍ വിര്‍ട്ടസിന് പ്രധാന എതിരാളികള്‍ ഹ്യുണ്ടായ് വെര്‍ണ, ഹോണ്ട സിറ്റി, സ്കോഡ സ്ലാവിയ എന്നിവരാണ്.
വില: 19.20 ലക്ഷം
മൈലേജ്: 19.62 കിലോമീറ്റർ
Auto
മഴ കുറഞ്ഞു, വെള്ളമിറിങ്ങി, പക്ഷെ വെള്ളത്തിൽ മുങ്ങിയ കാർ ഇനി എന്തു ചെയ്യും? വീണ്ടും ഓടിക്കാൻ പറ്റുമോ? ടോട്ടൽ ലോസ് ആകുമോ? ഇൻഷ്വറൻസ് കന്പനിക്കാർ പണം തരുമോ? പരിഭ്രമിക്കേണ്ട, കീ തിരിക്കുംമുന്‍പ് സുരക്ഷിതമായി കൈകാര്യം ചെയ്യാം...
ആദ്യം ചെയ്യേണ്ടത്
സ്റ്റാർട്ട് ചെയ്യരുത്: കീ തിരിക്കുകയോ പുഷ് ബട്ടണ്‍ അമർത്തുകയോ വേണ്ട. വെള്ളം സിലിണ്ടറിൽ കയറിയാൽ ഹൈഡ്രോ ലോക്ക് (hydrolock) ആകും, എൻജിൻ തകരാറിലാകും.
ബാറ്ററി ഡിസ്കണക്ട് ചെയ്യുക: ഷോർട്ട് സർക്യൂട്ട് ഒഴിവാക്കാൻ നെഗറ്റീവ് ടെർമിനൽ ആദ്യം ഉൗരിമാറ്റുക
ഇൻഷ്വറൻസ് കന്പനിയെ വിളിക്കുക: 24 മണിക്കൂറിനുള്ളിൽ വിവരം അറിയിക്കുക. ഫോട്ടോ/വീഡിയോ എടുത്ത് വയ്ക്കുക.
2. ഇൻഷ്വറൻസ് ക്ലെയിം എങ്ങനെ?
തേഡ് പാർട്ടി: കവർ ചെയ്യില്ല
കോംപ്രഹെൻസീവ്: കവർ ചെയ്യും
ആഡ്-ഓണ്‍: എൻജിൻ പ്രൊടെക്ടർ: എൻജിൻ, ഗിയർബോക്സ് കേടുപാടുകൾക്കും പണം കിട്ടും
ആഡ്-ഓണ്‍: കണ്‍സ്യൂമബിൾസ്: ഇന്ധനം, കൂളന്റ് മാറ്റുന്ന ചെലവ് കിട്ടും
പ്രധാനം: വെള്ളത്തിൽ മുങ്ങിയെന്ന് ഒളിച്ചുവയ്ക്കരുത്. പിന്നീട് ക്ലയിം കിട്ടില്ല.
3. ഗാരേജിൽ എത്തിയാൽ
ഇന്ധനം, ഫിൽറ്റർ മാറ്റം: എൻജിൻ ഓയിൽ, ഗിയർ ഓയിൽ, എയർ ഫിൽറ്റർ എല്ലാം മാറ്റണം. വെള്ളം കലർന്നിട്ടുണ്ടാകാം.
എൻജിൻ ഫ്ലഷ്: സിലിണ്ടറിൽ വെള്ളമുണ്ടോ എന്ന് മെക്കാനിക്കിനെകൊണ്ട് പരിശോധിപ്പിക്കണം.
ഇലക്ട്രോണിക്സ്: ഇസിയു, സെൻസറുകൾ, വയറിംഗ് ഡ്രൈ ചെയ്യണം. തുരുന്പ്/ക്ലാവ് ഉണ്ടെങ്കിൽ മാറ്റണം.
ഇന്റീരിയർ: സീറ്റ്, കാർപെറ്റ് എല്ലാം അഴിച്ച് ഉണക്കണം. അല്ലെങ്കിൽ ഫംഗസ്, ദുർഗന്ധം ഉണ്ടാകും.
ബ്രേക്ക്, ക്ലച്ച്: ബ്രേക്ക് ഓയിൽ മാറ്റുക. ഡിസ്ക്/പാഡിൽ തുരുന്പുണ്ടോ എന്ന് പരിശോധിപ്പിക്കണം.
4. ‘ടോട്ടൽ ലോസ്’ ആകുമോ?
വെള്ളം എത്ര ഉയരത്തിൽ: ഡാഷ്ബോർഡ് വരെ കയറിയെങ്കിൽ 80 ശതമാനം വരെ ടോട്ടൽ ലോസിന് സാധ്യത.
റിപ്പയർ ചെലവ്: വാഹനത്തിന്റെ IDV വാല്യു 75 ശതമാനത്തിൽ കൂടുതൽ ആണെങ്കിൽ ടോട്ടൽ ലോസ് ഡിക്ലയർ ചെയ്യും.
5. ഇവ ചെയ്യരുത്
Auto
1. ഇറങ്ങുന്നതിന് മുമ്പ്
*ആഴം നോക്കുക: ടയറിന്റെ പകുതി/ഹബ് ലെവലില്‍ കൂടുതല്‍ വെള്ളമുണ്ടെങ്കില്‍ ഇറങ്ങരുത്.
*മുന്നില്‍ പോകുന്ന വാഹനം സുരക്ഷിതമായി കടന്നപോയശേഷം മാത്രം വാഹനം വെള്ളത്തിലേക്ക് ഇറക്കുക.
*AC ഓഫ് ചെയ്യുക: AC ഫാന്‍ പ്രവര്‍ത്തിക്കുന്നത് വെള്ളം റേഡിയേറ്ററിലേക്ക് വലിച്ചെടുക്കാന്‍ ഇടയാക്കും.
2. വെള്ളത്തിലൂടെ ഓടിക്കുമ്പോള്‍
*ഒരേ സ്പീഡില്‍, ഒരേ ഗിയറില്‍: 1st അല്ലെങ്കില്‍ 2nd ഗിയര്‍. RPM 2000-3000. നിര്‍ത്തുക. സ്പീഡ് കൂട്ടുകയോ, കുറയ്ക്കുകയോ ക്ലച്ച് ചവിട്ടുകയോ ചെയ്യരുത്
*വേഗത കുറയ്ക്കുക: പെട്ടെന്ന് പോയാല്‍ മുന്നില്‍ `bow wave' ഉണ്ടാകും. ആ തിര വെള്ളം എയര്‍ ഇന്‍ടേക്കിലേക്ക് കയറ്റും
*മുന്നിലുള്ള വാഹനത്തെ പിന്തുടരരുത്: വളരെ അടുത്ത് പോയാല്‍ അവരുടെ തിര നിങ്ങളുടെ എന്‍ജിനില്‍ കയറും. 2-3 കാര്‍ അകലം പാലിക്കുക.
*എക്സോസ്റ്റ് വെള്ളത്തില്‍ മുങ്ങാന്‍ അനുവദിക്കരുത്: എക്സോസ്റ്റില്‍ വെള്ളം കയറിയാല്‍ എന്ജിന് ഓഫ് ആകും. അതുകൊണ്ട് സ്പീഡ് നിലനിര്‍ത്തുക.
3. ഇറങ്ങിക്കഴിഞ്ഞാല്‍
*ബ്രേക്ക് ടെസ്റ്റ് ചെയ്യുക: കുറച്ച് ദൂരം ബ്രേക്ക് ചവിട്ടി ഡ്രൈ ആക്കുക. വെള്ളം കയറിയാല്‍ ബ്രേക്ക് സിസ്റ്റം കാര്യക്ഷമമായി പ്രവര്‍ത്തിക്കാതെ വരാം.
*ലൈറ്റുകള്‍, ഹോണ്‍, വൈപ്പര്‍ ചെക്ക് ചെയ്യുക: ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടോയെന്ന് നോക്കണം.
*എന്ജിന് ശബ്ദം കേള്‍ക്കുക: ‘ടക് ടക്` ശബ്ദം, വൈബ്രേഷന്‍, പുക എന്നിവ ഉണ്ടെങ്കില്‍ ഉടന്‍ നിര്‍ത്തി മെക്കാനിക്കിനെ വിളിക്കുക.
4. ഏത് വാഹനത്തിനാണ് റിസ്ക് കൂടുതല്‍
സെഡാന്: എയര്‍ ഇന്ടെക് താഴെയായതിനാല്‍ വെള്ളം കയറാനുള്ള സാധ്യത കൂടുതലാണ്.
ഹാച്ച്ബാക്ക്: ഗൗണ്ട് ക്ലിയറന്‍സ് കുറവായതിനാല്‍ വെള്ളക്കെട്ടില്‍ റിസ്ക് കൂടുതലാണ്.
പെട്രോൾ, ഡീസല്‍ വാഹനങ്ങള്‍: വെള്ളം എയര്‍ ഇന്ടെക്കിലൂടെ കയറിയാല്‍ രണ്ടിലും ഹൈട്രോലോക്ക് സംഭവിക്കാം. പെട്രോള്‍ വാഹനങ്ങളേക്കാള്‍ ഡീസല്‍ എന്‍ജിനുകളില്‍ കേടുപാടുകള്‍ ഗുരുതരമാകാം.
Auto
പ്രീമിയം എസ്യുവി വിപണിയിൽ ഹോണ്ടയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഇസെഡ്ആർ-വി ഇ:എച്ച്ഇവി ഇന്ത്യയിൽ ഒൗദ്യോഗികമായി അവതരിപ്പിച്ചു. പൂർണമായും ജപ്പാനിൽ നിർമിച്ച് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ഈ ഹൈബ്രിഡ് എസ്യുവിക്ക് 47.99 ലക്ഷം (എക്സ്-ഷോറൂം) രൂപയാണ് പ്രാരംഭ വില.
സ്കോഡ കൊഡിയാക്, ഫോക്സ്വാഗണ് ടൈറോണ്‍, ബിഎംഡബ്ല്യു എക്സ്1 എന്നീ പ്രീമിയം എസ്യുവികളുമായാണ് ഹോണ്ട ഇസഡ്ആർ-വി ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത്.
സ്പോർട്ടി ശൈലി
ഹോണ്ടയുടെ ആഗോള ഡിസൈൻ ഭാഷ്യം പിന്തുടരുന്ന ഇസഡ്ആർ-വിക്ക് പ്രീമിയം ലുക്കും സ്പോർട്ടി ഭാവവും കന്പനി നൽകിയിട്ടുണ്ട്. വെർട്ടിക്കൽ സ്ലാറ്റുകളുള്ള മുൻ ഗ്രില്ലും അതിനോട് ചേർന്നുനിൽക്കുന്ന ഷാർപ്പ് എൽഇഡി ഹെഡ്ലാന്പുകളും എൽ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകളുമാണ് മുൻവശത്തെ പ്രധാന ആകർഷണം.
18 ഇഞ്ച് അലോയ് വീലുകൾ, കൂപ്പെ ശൈലിയിലുള്ള ഫ്ലോയിംഗ് റൂഫ് ലൈൻ, എയറോഡൈനാമിക് റിയർ സ്പോയ്ലർ എന്നിവ വശക്കാഴ്ചയിൽ വാഹനത്തിന്റെ ഭംഗി വർധിപ്പിക്കുന്നു.
സാങ്കേതികവിദ്യ
ഓൾ ബ്ലാക്ക് തീമിലുള്ള കാബിനാണ് ഇസഡ്ആർ-വിയുടേത്. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും പിന്തുണയ്ക്കുന്ന ഒൻപത് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.2 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12 സ്പീക്കറുകളുള്ള ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
പനോരമിക് സണ്‍റൂഫ്, വയർലെസ് ഫോണ്‍ ചാർജർ, ഡ്യുവൽ സോണ്‍ ക്ലൈമറ്റ് കണ്ട്രോൾ, മെമ്മറി ഫംഗ്ഷനോടുകൂടിയ പവർ സീറ്റ്, കിക്ക് സെൻസറോടുകൂടിയ ഹാൻഡ്സ്-ഫ്രീ പവർഡ് ടെയിൽഗേറ്റ് എന്നിവയും വാഹനത്തിലുണ്ട്.
സുരക്ഷയിൽ
ഹോണ്ട സെൻസിംഗ് ലെവൽ-2 അഡാസ് സുരക്ഷാ സംവിധാനത്തോടെയാണ് ഇസഡ്ആർ-വി എത്തുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ എന്നിവയ്ക്കൊപ്പം എട്ട് എയർബാഗുകൾ, 360 ഡിഗ്രി കാമറ, ഹിൽ ഡിസെന്റ് കണ്ട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ധനക്ഷമത
2.0 ലിറ്റർ അറ്റ്കിൻസണ് സൈക്കിൾ പെട്രോൾ എൻജിനും ഡ്യുവൽ ഇലക്ട്രിക് മോട്ടോറും ചേർന്ന ഇ-എച്ച്ഇവി സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റമാണ് വാഹനത്തിന് കരുത്തേകുന്നത്. 184 ബിഎച്ച്പി കരുത്തും 315 എൻഎം ടോർക്കും ഈ പവർ ട്രെയിൻ ഉത്പാദിപ്പിക്കുന്നു. ഇത് ഇ-സിവിടി ഗിയർ ബോക്സിലൂടെ പവർ മുൻചക്രങ്ങളിലേക്ക് എത്തുന്നു. 0-100 കിലോമീറ്റർ വേഗം കൈവരിക്കാൻ വാഹനത്തിന് 7.9 സെക്കൻഡ് മതി. 22.8 കിലോമീറ്ററാണ് കന്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.
മൂന്ന് വർഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റിയും ഹൈബ്രിഡ് ബാറ്ററിക്ക് എട്ട് വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ വാറന്റിയും ഹോണ്ട നൽകുന്നു.
വില: 47.99 ലക്ഷം
മൈലേജ്: 22.8 കിലോമീറ്റർ
Auto
സർവീസ് സെന്ററിലെത്താതെ തന്നെ വാഹനത്തിന്റെ എൻജിൻ എത്രത്തോളം ആരോഗ്യകരമായി പ്രവർത്തിക്കുന്നുവെന്നു മനസിലാക്കാൻ സഹായിക്കുന്ന ലളിതമായ ഉപകരണമാണ് ഡിപ്സ്റ്റിക്ക്. ഓയിലിന്റെ നിറവും അളവും ഇടയ്ക്കിടെ പരിശോധിച്ചാൽ പല തകരാറുകളുടെയും സൂചനകൾ തിരിച്ചറിയാം.
ഇളം തവിട്ട് / തേൻ നിറം
പുതിയതോ മികച്ച നിലയിലുള്ളതോ ആയ എൻജിൻ ഓയിലിന്റെ സാധാരണ നിറമാണിത്. എൻജിൻ ഭാഗങ്ങൾക്ക് ആവശ്യമായ ലൂബ്രിക്കേഷൻ ലഭിക്കുന്നുണ്ടെന്നാണ് ഇതിന്റെ സൂചന.
കടും തവിട്ട്
വാഹനം കുറച്ചുകാലം ഓടിക്കഴിഞ്ഞാൽ ചൂടും ഓക്സിഡേഷനും മൂലം ഓയിൽ കടും തവിട്ട് നിറത്തിലാകാം. ഇത് സാധാരണമാണ്. എന്നാലും നിർമാതാവ് നിർദേശിച്ച സർവീസ് ഇടവേള പാലിക്കണം.
കറുത്ത നിറം
ഓയിലിൽ കരി, ലോഹകണങ്ങൾ, മറ്റ് മാലിന്യങ്ങൾ എന്നിവ അടിഞ്ഞുകൂടുന്പോൾ കറുത്ത നിറമാകും. പെട്രോൾ വാഹനങ്ങളിൽ ഇത് സാധാരണയായി ഓയിൽ മാറ്റേണ്ട സമയമായതിന്റെ സൂചനയാണ്. വൈകിച്ചാൽ എൻജിൻ തേയ്മാനം കൂടുകയും ഇന്ധനക്ഷമത കുറയുകയും ചെയ്യാം.
ഡീസൽ വാഹനങ്ങളിൽ കറുത്ത ഓയിൽ സാധാരണം
ഡീസൽ എൻജിനുകളിൽ ഇന്ധനം കത്തുന്പോൾ കൂടുതൽ കരി (സൂട്ട്) രൂപപ്പെടും. ഇത് എൻജിനുള്ളിൽ അടിഞ്ഞുകൂടാതിരിക്കാൻ ഓയിലിലെ ഡിറ്റർജന്റ് അഡിറ്റീവുകൾ കരി ഓയിലിൽ തന്നെ പിടിച്ചുനിർത്തുന്നു. അതിനാലാണ് ഓയിൽ പെട്ടെന്ന് കറുത്തതായി കാണപ്പെടുന്നത്. അതിനാൽ ഡീസൽ വാഹനങ്ങളിൽ നിറം മാത്രം കണ്ട് ഓയിൽ മാറ്റേണ്ട സമയം തീരുമാനിക്കരുത്. നിർദേശിച്ച സർവീസ് ഇടവേളയും ഓടിയ കിലോമീറ്ററും കൂടി പരിഗണിക്കണം.
ഓയിലിന്റെ അളവും പരിശോധിക്കണം
ഓയിലിന്റെ നിറം നല്ലതാണെങ്കിലും അളവ് കുറഞ്ഞാൽ എൻജിന് ആവശ്യമായ ലൂബ്രിക്കേഷൻ ലഭിക്കില്ല. ഇത് അമിത തേയ്മാനം, ഓവർഹീറ്റിംഗ്, എൻജിൻ കേടുപാടുകൾ എന്നിവയ്ക്ക് കാരണമാകും. ദീർഘദൂര യാത്രയ്ക്ക് മുന്‍പ് ഡിപ്സ്റ്റിക്ക് ഉപയോഗിച്ച് ഓയിലിന്റെ അളവ് പരിശോധിക്കുന്നത് നല്ലതാണ്.
ഡിപ്സ്റ്റിക്കിലെ അടയാളങ്ങൾ
വാഹനത്തിന്റെ ബോണറ്റിനുള്ളിൽ എൻജിന്റെ വശത്തായി മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളിൽ റിംഗ്/ഹാൻഡിൽ രൂപത്തിൽ കാണപ്പെടുന്നു. എൻജിൻ ഓഫ് ചെയ്ത് ഏതാനും മിനറ്റുകൾ കഴിഞ്ഞ് ഡിപ്സ്റ്റിക് എടുത്ത് തുടച്ച് വീണ്ടും കയറ്റി പുറത്തെടുത്ത് പരിശോധിച്ചാൽ ഓയിലിന്റെ അളവും നിറവും മനസിലാക്കാം. (എൻജിൻ തണുത്ത അവസ്ഥയിൽ പരിശോധിക്കുന്നതാവും ഏറ്റവും ഉത്തമം). ഡിപ്റ്റിക്കിന്റെ താഴ്ഭാഗത്തായി രണ്ട് അടയാളങ്ങൾ കാണാം.( LOW/ADD) താഴെയുള്ള അടയാളം ഓയിൽ കുറവിനെയും മുകളിലുള്ള അടയാളം ടാങ്ക് ഫുൾ എന്നതിനെയും സൂചിപ്പിക്കുന്നു.
ഓയിൽ മാറ്റം വൈകിച്ചാൽ
► എൻജിൻ ഭാഗങ്ങളുടെ തേയ്മാനം വർധിക്കും
► ഓവർഹീറ്റിംഗ് സാധ്യത കൂടും
► സ്ലഡ്ജ് രൂപപ്പെടാം
► മൈലേജും എൻജിൻ പെർഫോമൻസും കുറയാം
► വലിയ എൻജിൻ റിപ്പയർ ചെലവുകൾ ഉണ്ടാകാം
ഇതുംകൂടി ശ്രദ്ധിക്കൂ
► കന്പനി നിർദേശിക്കുന്ന കിലോമീറ്റർ/സർവീസ് ഇടവേള
► ഉപയോഗിക്കുന്ന ഓയിലിന്റെ തരം (മിനറൽ, സെമി-സിന്തറ്റിക്, ഫുൾ സിന്തറ്റിക്)
► വാഹനത്തിന്റെ ഉപയോഗരീതി (നഗരയാത്ര, ഹൈവേ, കനത്ത ട്രാഫിക്)
► ഡിപ്സ്റ്റിക്കിലെ ഓയിലിന്റെ അളവ് ഓർക്കാം
ഓയിൽ മാറ്റം വൈകിച്ച് ഇന്ന് ലാഭിക്കുന്ന ചെറിയ തുക, നാളെ വലിയ എൻജിൻ റിപ്പയർ ബില്ലായി തിരിച്ചെത്താം. കൃത്യസമയത്ത് ഓയിൽ മാറ്റുന്നതാണ് എൻജിന്റെ ആയുസും നിലനിർത്താനുള്ള ഏറ്റവും ലളിതമായ മാർഗം.
Auto
ആധുനിക ഡിസൈനും കരുത്തുറ്റ ടര്‍ബോ എന്‍ജിനുകളും പ്രീമിയം സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളുമായി നിസാന്റെ പുതിയ കോംപാക്റ്റ് എസ്യുവിയായ നിസാന്‍ ടെക്ടണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി.
മാഗ്നൈറ്റിന് ശേഷം നിസാന്റെ ഏറ്റവും പ്രധാനപ്പെട്ട മോഡലായാണ് ടെക്ടണിനെ വിലയിരുത്തുന്നത്. നിസാന്റെ ഐതിഹാസിക എസ്യുവിയായ പട്രോളിന്റെ ഡിസൈന്‍ സ്വാധീനം പ്രകടമായതിനാല്‍ വാഹനലോകത്ത് ഇതിനോടകം തന്നെ "ബേബി പട്രോള്‍’ എന്ന വിശേഷണവും ടെക്ടണ്‍ സ്വന്തമാക്കിയിട്ടുണ്ട്.
ബോള്‍ഡ് ഡിസൈന്‍
വലിയ ഫ്രണ്ട് ഗ്രില്‍, സി ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, മുന്നിലും പിന്നിലും കണക്റ്റഡ് ലൈറ്റ് ബാറുകള്‍, ശക്തമായ ബോഡി ലൈനുകള്‍, 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവയാണ് ടെക്ടണിന്റെ പ്രധാന ഡിസൈന്‍ സവിശേഷതകള്‍. 212 മില്ലി മീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സും ഉയര്‍ന്ന ഡ്രൈവിംഗ് പൊസിഷനും നഗരത്തിലും ഗട്ടര്വഴികളിലും വാഹനം സുഗമമായി ഡ്രൈവ് ചെയ്യാന്‍ സഹായിക്കും.
പ്രീമിയം ക്യാബിന്
വിശാലമായ ഇന്റീരിയറാണ് ടെക്ടണിന്റെ പ്രധാന ആകര്‍ഷണം. 10.1 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഗൂഗിള്‍ ബില്‍റ്റ്ഇന്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ഒടിഎ അപ്ഡേറ്റുകള്, ആറ് സ്പീക്കര്‍ അര്‍ക്കാമിസ് സൗണ്ട് സിസ്റ്റം എന്നിവ വാഹനത്തില്‍ പ്രീമിയം അനുഭവം സമ്മാനിക്കുന്നു. 700 ലിറ്റര്‍ ബൂട്ട് സ്പേസ് ദീര്‍ഘദൂര യാത്രകള്‍ക്ക് കൂടുതല്‍ സുഖം നല്‍കും.
സുരക്ഷയില്‍
ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, 360 ഡിഗ്രി കാമറ എന്നിവയ്ക്കൊപ്പം അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ് എന്നിവ ഉള്‍പ്പെടുന്ന ലെവല്‍2 എഡാസ് സുരക്ഷാ സംവിധാനങ്ങളും ടെക്ടണില്‍ ലഭ്യമാണ്. ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും വാഹനത്തിനുണ്ട്.
എന്ജിന് ഓപ്ഷനുകള്‍
പെര്‍ഫോമന്‍സിന് മുന്‍തൂക്കം നല്‍കിയാണ് ടെക്ടണ്‍ ഒരുക്കിയിരിക്കുന്നത്. 100 പിഎസ് പവറും 166 എന്‍എം ടോര്‍ക്കും വികസിപ്പിക്കുന്ന 1.0 ലിറ്റര്‍ ടി160 ടര്‍ബോ പെട്രോള്‍ എന്‍ജിനും, 163 പിഎസ് പവറും 280 എന്‍എം ടോര്‍ക്കും നല്കുന്ന 1.3 ലിറ്റര്‍ ടി280 ഡയറക്ട് ഇന്ജെക്ഷന് ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണുള്ളത്. ആദ്യ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്. 1.3 ലിറ്റര്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവലിനൊപ്പം 6 സ്പീഡ് വെറ്റ് ക്ലച്ച് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ലഭ്യമാകും. 19.4 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ആറ് വേരിയന്റുകള്‍
റെനോ-നിസാന്‍ അലയന്‍സിന്റെ പുതിയ ആര്‍ജിഎംപി (റെനോ ഗ്രൂപ്പ് മോഡുലാര്‍ പ്ലാറ്റ്ഫോം) അടിസ്ഥാനമാക്കിയാണ് ടെക്ടണ്‍ വികസിപ്പിച്ചിരിക്കുന്നത്. വിസിയ, വിസിയ പ്ലസ്, അസെന്റ, എന്കണക്റ്റ, ടെക്ന, ടെക്ന പ്ലസ് എന്നീ ആറ് വേരിയന്റുകളിലായിരിക്കും ഈ എസ്യുവി വിപണിയിലെത്തുക. വാഹനത്തിന്റെ എക്സ് ഷോറൂം വില 10.49 ലക്ഷം രൂപ മുതല്‍ 18.59 ലക്ഷം രൂപ വരെയാണ്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, റെനോ ഡസ്റ്റര്‍ തുടങ്ങിയ ജനപ്രിയ മോഡലുകള്‍ക്ക് നേരിട്ടുള്ള എതിരാളിയായാണ് ടെക്ടണിന്റെ വരവ്.
വില: 10.49 ലക്ഷം
മൈലേജ്: 19.4 കിലോമീറ്റർ
Auto
കാർ വാങ്ങാൻ എത്തുന്നവരുടെ ആദ്യ ചോദ്യങ്ങളിലൊന്നാണ്, “മൈലേജ് എത്ര കിട്ടും?” വരും വർഷങ്ങളിൽ ആ ചോദ്യത്തിന് കൂടുതൽ നല്ല മറുപടി ലഭിക്കുമെന്ന പ്രതീക്ഷയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ കോർപറേറ്റ് ആവറേജ് ഫ്യൂവൽ എക്കോണമി (CAFE)-III കരട് ചട്ടങ്ങൾ നൽകുന്നത്.
2027 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുമെന്നു നിർദേശിക്കുന്ന പുതിയ മാനദണ്ഡങ്ങൾ ഓരോ വാഹനത്തിന്റെയും മാത്രമല്ല, ഒരു കമ്പനിയുടെ മൊത്തം വാഹനനിരയുടെ ഇന്ധനക്ഷമത ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്. അതിനായി വാഹന നിർമാതാക്കൾ കൂടുതൽ മൈലേജുള്ള എൻജിനുകളും ഭാരം കുറഞ്ഞ വാഹനങ്ങളും ഹൈബ്രിഡ്, ഇലക്ട്രിക്, എഥനോൾ അധിഷ്ഠിത സാങ്കേതികവിദ്യകളും വിപണിയിലെത്തിക്കേണ്ടിവരും.
►ഇന്ധനച്ചെലവ് കുറയും
കൂടുതൽ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾ എത്തിയാൽ ഓരോ കിലോമീറ്ററിനും ചെലവാകുന്ന ഇന്ധനം കുറയും. വർഷത്തിൽ 15,000-20,000 കിലോമീറ്റർ ഓടുന്നവർക്ക് ഇത് ശ്രദ്ധേയമായ ലാഭമാകും.
►മലിനീകരണം കുറയും
കുറഞ്ഞ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾ കുറഞ്ഞ അളവിൽ കാർബൺ പുറന്തള്ളും. ഇതിലൂടെ പരിസ്ഥിതിക്കും ഗുണമുണ്ടാകും.
പുതിയ സാങ്കേതികവിദ്യകൾ സാധാരണമാകും
ഇപ്പോൾ ഉയർന്ന വിലയുള്ള കാറുകളിൽ മാത്രം കാണുന്ന മൈൽഡ് ഹൈബ്രിഡ്, സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, എയ്റോഡൈനാമിക് ഡിസൈൻ, ലോ-റോളിംഗ് റെസിസ്റ്റൻസ് ടയറുകൾ തുടങ്ങിയവ സാധാരണ മോഡലുകളിലേക്കും എത്തിയേക്കും.
►പുനർവിൽപ്പന മൂല്യം ഉയരാം
കൂടുതൽ മൈലേജുള്ള വാഹനങ്ങൾക്ക് സെക്കൻഡ് ഹാൻഡ്/യൂസ്ഡ് വാഹന വിപണിയിലും കൂടുതൽ ആവശ്യക്കാരുണ്ടാകാൻ സാധ്യതയുണ്ട്.
►തുടക്കവില ഉയരാം
പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ചെലവ് വാഹനവിലയിൽ പ്രതിഫലിക്കും.
►സർവീസ് കൂടുതൽ സങ്കീർണമാകാം
ഹൈബ്രിഡ് സംവിധാനങ്ങൾ, പുതിയ എൻജിൻ സാങ്കേതികവിദ്യകൾ എന്നിവ സർവീസ് ചെലവും വിദഗ്ധ സേവനത്തിന്റെ ആവശ്യകതയും വർധിപ്പിക്കും.
►നിർമാതാക്കൾക്ക് വലിയ നിക്ഷേപം
ഗവേഷണത്തിനും പുതിയ എൻജിനുകൾ വികസിപ്പിക്കാനും നിർമാണരീതികൾ മാറ്റാനും വാഹന കമ്പനികൾക്ക് വൻ നിക്ഷേപം ആവശ്യമായി വരും.