അപ്പർ കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; റോ​ഡു​ക​ളി​ല്‍ വെ​ള്ളം ക​യ​റി
Wednesday, June 18, 2025 12:03 AM IST
എ​ട​ത്വ: ശ​ക്ത​മാ​യ മ​ഴ​യി​ലും കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വി​ലും അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ര്‍​ന്നു. ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ പ​ല​തും വെ​ള്ളം ക​യ​റി മു​ങ്ങി. മു​ട്ടാ​ര്‍, താ​യ​ങ്ക​രി, ക​ള​ങ്ങ​ര റോ​ഡു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു

ഒ​രാ​ഴ്ച മു​ന്‍​പു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ വീ​ടു​വി​ട്ട് ക്യാ​മ്പു​ക​ളി​ല്‍ അ​ഭ​യം തേ​ടി​യ ദു​രി​ത​ബാ​ധി​ത​ര്‍ തി​രി​കെ വീ​ടു​ക​ളി​ലെ​ത്തി സാ​ധാ​ര​ണ നി​ല​യി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​ടു​ത്ത വെ​ള്ളം വീ​ട്ടു​മു​റ്റ​ത്ത് എ​ത്തി​യ​ത്. മ​ഴ​യ്ക്ക് അ​ല്പം ശ​മ​നം വ​ന്നെ​ങ്കി​ലും പ​മ്പ, മ​ണി​മ​ല, അ​ച്ച​ന്‍​കോ​വി​ലാ​റു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു​ണ്ട്. ത​ല​വ​ടി, വീ​യ​പു​രം, ത​ക​ഴി, മു​ട്ടാ​ര്‍, ചെ​റു​ത​ന പ​ഞ്ചാ​യ​ത്തി​ലെ ഒ​ട്ടു​മി​ക്ക വീ​ടു​ക​ൾ​ക്കു ചു​റ്റും വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ക​യാ​ണ്. വെ​ള്ളം ഇ​നി​യും ഉ​യ​ര്‍​ന്നാ​ല്‍ ത​ല​വ​ടി പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റും. ആ​ശ​ങ്ക​യോ​ടു കൂ​ടി​യാ​ണ് താ​മ​സ​ക്കാ​ര്‍ വീ​ടി​നു​ള്ളി​ല്‍ ക​ഴി​യു​ന്ന​ത്. ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര മൈ​താ​ന​വും വെ​ള്ള​ത്തി​ല്‍ മു​ങ്ങി.

ത​ല​വ​ടി കു​ന്നു​മ്മാ​ടി -കു​തി​ര​ച്ചാ​ല്‍ പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ നി​ല​യി​ലാ​ണ്. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ഇ​വ​ര്‍ ക്യാ​മ്പു​ക​ളി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച് ര​ണ്ടാം ത​വ​ണ​യാ​ണ് അ​പ്പ​ര്‍ കു​ട്ട​നാ​ട് വെ​ള്ള​ത്തി​ല്‍ മു​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ കെ​ടു​തി​യി​ല്‍ പ്ര​ദേ​ശ​ത്ത് മ​ഴ​യ്‌​ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റും വീ​ശി​യ​ടി​ച്ച് നി​ര​വ​ധി വീ​ടു​ക​ള്‍ മ​രം വീ​ണും മേ​ല്‍​ക്കൂ​ര പ​റ​ന്നു​പോ​യും ത​ക​ര്‍​ന്നി​രു​ന്നു. കു​ട്ട​നാ​ട്, അ​പ്പ​ര്‍ കു​ട്ട​നാ​ട് മേ​ഖ​ല​യി​ല്‍ നൂ​റി​ലേ​റെ വീ​ടു​ക​ള്‍ ത​ക​ര്‍​ന്നി​രു​ന്നു.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്‌​കൂ​ള്‍ മു​റ്റ​ങ്ങ​ള്‍ വെ​ള്ള​ത്തി​ലാ​യി. കൂ​ടാ​തെ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കൂ​ളി​ല്‍ എ​ത്താ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.