ഇരട്ടക്കൊലപാതകം നടത്തിയെന്ന പ്രതിയുടെ കുറ്റസമ്മതം : കൊല്ലപ്പെട്ടതാരാണെന്നു കണ്ടെത്താന് മിസിംഗ് കേസുകൾക്ക് പിറകെ പോലീസ്
1573723
Monday, July 7, 2025 5:01 AM IST
കോഴിക്കോട്: മലപ്പുറം വേങ്ങര ചേറൂര് കിളിനക്കോട് പള്ളിക്കല് ബസാറില് താമസിക്കുന്ന തായ്പറമ്പില് മുഹമ്മദലി (54) കൂടരഞ്ഞിയിലും വെള്ളയില് ബീച്ചിലുമായി രണ്ടുപേരെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തല് നടത്തിയതിന്റെ അടിസ്ഥാനത്തില് വിശദമായ അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം.
രണ്ടു മൃതദേഹങ്ങളുടെയും പോസ്റ്റ്മോര്ട്ടം നടന്ന കോഴിക്കോട് മെഡിക്കല് കോളജില് നിന്ന് ഫോറന്സിക് വിഭാഗത്തിന്റെ സഹായത്തോടെ പോസ്റ്റ്മോര്ട്ടം രേഖകള് ശേഖരിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം. മുഹമ്മദലിയുടെ വെളിപ്പെടുത്തലിനു പിന്നാലെ രണ്ടു ജില്ലകളിലെ പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
1986ല് കൂടരഞ്ഞിയിലും 1989ല് വെള്ളയില് ബീച്ചില്വച്ചും താന് കൊലപാതകങ്ങള് നടത്തി എന്നായിരുന്നു മുഹമ്മദലിയുടെ വെളിപ്പെടുത്തല്. വര്ഷങ്ങള് പിന്നിട്ടിട്ടും ആരാണ് മരിച്ചതെന്ന് കണ്ടെത്താന് സാധിച്ചിട്ടില്ല. ഇവരെ തിരിച്ചറിയുകയാണ് പോലീസിനുള്ള വെല്ലുവിളി. മരിച്ചവരെ തിരിച്ചറിയാന് കൊലപാതകം നടന്ന കാലയളവില് വിവിധ പോലീസ് സ്റ്റേഷനുകളില് രജിസ്റ്റര് ചെയ്ത മിസിംഗ് കേസുകളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളയില് ബീച്ചില് 1989ല് കണ്ടെത്തിയ മൃതദേഹത്തിന്റെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് അടക്കം ശേഖരിച്ച് അന്വേഷണം നടത്താന് സിറ്റി പോലീസ് കമ്മിഷണര് ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. കൂടരഞ്ഞിയില് 1986ല് മരിച്ച അജ്ഞാതന്റെ കൂടുതല് വിവരങ്ങള് തിരുവമ്പാടി പോലീസും അന്വേഷിക്കുന്നുണ്ട്. അതിനിടെ മുഹമ്മദലിയെ വീണ്ടും കസ്റ്റഡിയില് വാങ്ങി മൊഴിയെടുക്കാനുള്ള നീക്കവും പോലീസ് നടത്തുന്നുണ്ട്.
മുഹമ്മദലിക്ക് മാനസിക പ്രശ്നങ്ങള് ഉണ്ടാകാമെന്ന സഹോദരന്റെ വെളിപ്പെടുത്തല് സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2015ല് കോഴിക്കോട് വിജയ ആശുപത്രിയിലും തൊട്ടടുത്ത വര്ഷം മെഡിക്കല് കോളജ് ആശുപത്രിയിലും മുഹമ്മദലി ചികിത്സ തേടിയിരുന്നതായുള്ള സൂചനകള് ശരിയാണോയെന്നു പോലീസ് പരിശോധിച്ചു വരികയാണ്.
കൂടരഞ്ഞിയില് താന് കൊലപ്പെടുത്തിയതായി മുഹമ്മദലി പറഞ്ഞ യുവാവിന്റെ ശ്വാസകോശത്തില് മണ്ണും ചെളിയും കണ്ടിരുന്നതായി അന്നത്തെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് സൂചിപ്പിക്കുന്നുണ്ട്. മരണത്തിന് ഏതാനും ദിവസങ്ങള്ക്കുശേഷം ഇരിട്ടിയില് നിന്ന് ഏതാനുംപേര് മരിച്ചയാളുടെ വിവരങ്ങള് അന്വേഷിച്ച് കൂടരഞ്ഞിയില് വന്നിരുന്നതായി നാട്ടുകാരില് ചിലര് ഓര്മിക്കുന്നുണ്ട്. മരിച്ചത് മകനാണോ എന്ന സംശയത്തെ തുടര്ന്നാണ് ഇരിട്ടിയില് നിന്ന് ആളുകള് എത്തിയത്.
ഇവരെ കണ്ടെത്താനുള്ള ശ്രമമാണ് തിരുവമ്പാടി പോലീസ് നടത്തുന്നത്. ജൂണ് അഞ്ചിനാണ് മുഹമ്മദലി വേങ്ങര പോലീസില് കീഴടങ്ങി കൂടരഞ്ഞിയിലെ കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തന്നെ ആക്രമിക്കാന് ശ്രമിച്ചയാളെ ചവിട്ടിയെന്നും അയാള് സമീപത്തെ തോട്ടില് വീണ് മരിച്ചുവെന്നുമാണ് മുഹമ്മദലി വെളിപ്പെടുത്തിയത്.
ഈ കേസില് റിമാന്ഡിലായ മുഹമ്മദലിയെ പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വെള്ളയില് ബീച്ചിലെ കൊലപാതകത്തെക്കുറിച്ചും വെളിപ്പെടുത്തല് നടത്തിയത്. ഈ കൊലപാതകത്തില് മറ്റൊരാള്ക്ക് പങ്കുള്ളതായും മുഹമ്മദലി പറഞ്ഞിട്ടുണ്ട്. ഇയാള് കഞ്ചാവ് ബാബു എന്നറിയപ്പെടുന്ന ആള് ആണെന്നാണ് സൂചന. ഇയാളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.