നാലാം വര്‍ഷവും സ്വര്‍ണം പോക്കറ്റിലാക്കി ശ്രീരാജ്
1600694
Saturday, October 18, 2025 4:47 AM IST
കോഴിക്കോട്: ജില്ലാ സ്കൂള്‍ കായികമേളയില്‍ ഡിസ്കസ്ത്രോ, ഷോട്ട്പുട്ട് എന്നിവയില്‍ കഴിഞ്ഞ നാലുവര്‍ഷമായി ഉയര്‍ന്നു കേള്‍ക്കുന്ന പേര് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ വിദ്യാര്‍ഥി പി.എസ്. ശ്രീരാജിന്റേതാണ്. ഇത്തവണയും പതിവു തെറ്റിച്ചില്ല. ഈ രണ്ടിനങ്ങളിലും ശ്രീരാജ് സ്വര്‍ണം എറിഞ്ഞിട്ടു.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇത് രണ്ടാംതവണയാണ് ശ്രീരാജ് ഡിസ്കസ് ത്രോയിലും ഷോട്ട്പുട്ടിലും സ്വര്‍ണം നേടുന്നത്. ഹൈസ്കൂള്‍ കാലത്ത് ജൂണിയര്‍ വിഭാഗത്തിലും രണ്ടുതവണ ശ്രീരാജായിരുന്നു ചാമ്പ്യന്‍.
മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പങ്കെടുത്തപ്പോഴെല്ലാം ശാരീരിക പ്രശ്നങ്ങള്‍ കാരണം ശ്രീരാജിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ സംസ്ഥാനമേളയില്‍ അതിനു പകരം വീട്ടാനുള്ള തയാറെടുപ്പിലാണ് പുല്ലൂരാംപാറ പറമ്പനാട്ട് പി.ആര്. സജിന്‍രാജ്-വിജയലക്ഷ്മി ദമ്പതികളുടെ മകനായ ശ്രീരാജ്. അഭിനവ്, വിഷ്ണുപ്രിയ എന്നിവരാണ് സഹോദരങ്ങള്‍.