ഹാമറില്‍ രണ്ടാം തവണയും സ്വര്‍ണം തൂക്കി ബി.പി. മയൂഖി
1600696
Saturday, October 18, 2025 4:47 AM IST
കോഴിക്കോട്: സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം ഹാമര്‍ത്രോയില്‍ അടുപ്പിച്ച് രണ്ടുതവണ സ്വര്‍ണം നേടിയതിന്റെ സന്തോഷത്തിലാണ് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥിനി ബി.പി. മയൂഖി.
കഴിഞ്ഞവര്‍ഷം സംസ്ഥാന സ്കൂള്‍ മേളയില്‍ നേരിയ വ്യത്യാസത്തിനാണ് ഹാമര്‍ത്രോയില്‍ മയൂഖിക്ക് സ്വര്‍ണം നഷ്ടമായത്. അന്ന് മൂന്നാംസ്ഥാനവുമായി മടങ്ങിയ മയൂഖി ഇത്തവണ സംസ്ഥാനമേളയില്‍ സ്വര്‍ണം വാരാനുള്ള തയാറെടുപ്പിലാണ്.
പെരിന്തല്‍മണ്ണ നന്ദനം വീട്ടില്‍ ബിജേഷ്-പ്രിയ ദമ്പതികളുടെ മകളായ മയൂഖി കായികപരിശീലന സൗകര്യം കണക്കിലെടുത്താണ് മലപ്പുറത്തുനിന്ന് പുല്ലൂരാംപാറയില്‍ എത്തിയത്. മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലെ ഡോണി പോളാണ് മയൂഖിയുടെ പ്രധാന പരിശീലകന്.