കേന്ദ്ര-വന നിയമങ്ങൾ പരിഷ്കരിക്കാതെ കർഷക സമൂഹത്തെ രക്ഷിക്കാനാവില്ല: ശശീന്ദ്രൻ
1600699
Saturday, October 18, 2025 4:47 AM IST
കൂരാച്ചുണ്ട്: കാലഹരണപ്പെട്ട കേന്ദ്ര-വന നിയമങ്ങൾ പരിഷ്കരിക്കാതെ കർഷക സമൂഹത്തെ രക്ഷിക്കാനാവില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കക്കയം ഫോറസ്റ്റ് സ്റ്റേഷന് സമീപം പുതിയതായി നിർമിച്ച ലേഡീസ് ബാരക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കർഷകരെയും കാടിനെയും ഒരുപോലെ സംരക്ഷിക്കുന്ന സമവായത്തിന്റെയും സഹവർത്തിത്വത്തിന്റെയും അന്തരീക്ഷമുണ്ടാകണം. അതിന് ഒരു മാറ്റം ആവശ്യമാണെന്നും അതിനുള്ള നടപടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്നത്തെ അവസ്ഥ മാറ്റി വനം-വന്യജീവി സൗഹൃദ, ജനസൗഹൃദ വകുപ്പാക്കി വനംവകുപ്പിനെ മാറ്റാനാണ് ആഗ്രഹിക്കുന്നത്.
കേന്ദ്ര-വന നിയമത്തിൽ കാലോചിതമായ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. നിബന്ധനകളിൽ ഇളവ് വരുത്തുകയും അത്യാവശ്യ ഘട്ടങ്ങളിൽ സംസ്ഥാന സർക്കാരിന് ഇടപെടാനുള്ള അധികാരം നൽകുകയും ചെയ്യുന്നതാകണം ഭേദഗതി. ഉദ്യോഗസ്ഥരുടെ മുമ്പിൽ പരാതികളുമായി വരുന്ന കർഷകന്റെ അപേക്ഷ മടക്കി വയ്ക്കുകയല്ല വേണ്ടത്, എന്തെങ്കിലും വഴിയുണ്ടോയെന്ന് നോക്കി അവരെ സഹായിക്കണമെന്നും മന്ത്രി പറഞ്ഞു.
കെ.എം. സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി. പുഴകേന്തി നബാർഡ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ജയൻ ജസ്റ്റിൻ മോഹൻ കക്കയം ഇക്കോ ടൂറിസം കാരിയിംഗ് കപ്പാസിറ്റി സ്റ്റഡി റിപ്പോർട്ട് പ്രകാശനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ ഹസീന, പഞ്ചായത്തംഗം ഡാർളി ഏബ്രഹാം, എ.സി ഗോപി, ജോസ് വെളിയത്ത്, വി.എസ്. ഹമീദ്, സൂപ്പി തെരുവത്ത്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആഷിക് അലി, കോഴിക്കോട് നോർത്തേൺ റീജിയൺ ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി എന്നിവർ പ്രസംഗിച്ചു.