റോഡിന്റെ തകർച്ച; പെരുവണ്ണാമൂഴി-ചക്കിട്ടപാറ റൂട്ടിൽ ഓട്ടോ സർവീസ് നിർത്തി
1599874
Wednesday, October 15, 2025 4:58 AM IST
ചക്കിട്ടപാറ: തകർന്ന റോഡ് നേരെയാക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പെരുവണ്ണാമൂഴി-പൊന്മലപ്പാറ-ചക്കിട്ടപാറ റൂട്ടിലൂടെയുള്ള ഓട്ടോറിക്ഷകളുടെ ഓട്ടം നിർത്തി. പെരുവണ്ണാമൂഴി ഓട്ടോ കോഓർഡിനേഷൻ കമ്മിറ്റിയാണ് തീരുമാനം നടപ്പിലാക്കിയത്. തകർന്നു കിടക്കുന്ന റോഡ് ജലസേചന വകുപ്പിന്റെ അധീനതയിൽ പെടുന്നതാണ്. റോഡ് നന്നാക്കിയില്ലെങ്കിൽ ഓട്ടം നിർത്തുമെന്ന് അധികൃതർക്ക് നേരത്തെ അറിയിപ്പ് നൽകിയിരുന്നു.
റോഡ് പൊളിച്ചത് ജൽജീവൻ പൈപ്പ് സ്ഥാപിച്ച കരാറുകാരാണ്. പൈപ്പ് സ്ഥാപിച്ച ശേഷം ഫെസ്റ്റ് നടത്താൻ ധ്യതി പിടിച്ച് പാത നന്നാക്കിയതാണ് റോഡ് വീണ്ടും പൊട്ടിത്തകരാൻ ഇടയാക്കിയത്. ഓട്ടോറിക്ഷക്കാർ ഓട്ടം നിർത്തിയതോടെ പാറപ്പൊടി കുഴികളിൽ വിതറിയെങ്കിലും ഇത് തികച്ചും അപര്യാപ്തമാണ്.