ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ ഇന്ന് ഫറോക്കില്‍
1599087
Sunday, October 12, 2025 5:02 AM IST
കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍) ചുരുളന്‍ വള്ളങ്ങളുടെ മത്സരങ്ങള്‍ ഫറോക്കില്‍ ചാലിയാറില്‍ ഇന്ന് നടക്കും. ഫറോക്ക് പഴയ പാലത്തിനും പുതിയ പാലത്തിനുമിടയില്‍ നടക്കുന്ന മത്സരത്തില്‍ 14 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്.
മത്സരങ്ങള്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഫറോക്ക് മുന്‍സിപ്പല്‍ ചെയര്മാന് എന്‍.സി. അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിക്കും. എം.കെ രാഘവന് എംപി, കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, കെടിഐഎല്‍ ചെയര്മാന് എസ്.കെ. സജിഷ്, മുന്‍ എംഎല്‍എ വി.കെ.സി. മമ്മദ് കോയ എന്നിവര്‍ പങ്കെടുക്കും.
മത്സരങ്ങള്‍ ഉച്ചതിരിഞ്ഞ് രണ്ടിന് ആരംഭിക്കും. ഒരു വള്ളത്തില്‍ 30 തുഴച്ചിലുകാര്‍ ഉണ്ടായിരിക്കും. അഞ്ച് ഹീറ്റ്സ് മത്സരങ്ങളും അതില്‍ നിന്ന് സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലുകളും (ഫസ്റ്റ് ലൂസേഴ്സ്, ലൂസേഴ്സ്, ഫൈനല്‍) നടക്കും. വൈകുന്നേരം അഞ്ചിന് സമ്മാനദാനം നടക്കും.