വികസനത്തിന്റെ മണിയൂർ മോഡൽ; നേട്ടങ്ങളിൽ തിളങ്ങി മണിയൂർ പഞ്ചായത്ത്
1599357
Monday, October 13, 2025 5:45 AM IST
കോഴിക്കോട്: വികസനത്തിന്റെ "മണിയൂർ മോഡൽ' തീർത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയാകുകയാണ് മണിയൂർ ഗ്രാമപഞ്ചായത്ത്. മാലിന്യ സംസ്കരണം, മൂല്യ വർദ്ധിത ഉത്പന്ന നിർമാണം, നികുതി പിരിവ്, ടൂറിസം പദ്ധതി, കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കൽ, ഊട്ടുപ്പുര, ഡിജിറ്റൽ സാക്ഷരത തുടങ്ങി ഒട്ടേറെ മേഖലകളിൽ അഞ്ചുവർഷമായി നടത്തുന്ന മാതൃകാപരമായ ഇടപെടലുകളിലൂടെ വലിയ വികസന നേട്ടങ്ങളാണ് പഞ്ചായത്ത് കൈവരിച്ചത്.
പഞ്ചായത്തിലെ 44 അതിദരിദ്ര കുടുംബങ്ങളെ അതി ദാരിദ്ര്യമുക്തമാക്കി. ലൈഫ് ഭവന പദ്ധതി വഴി 150 വീടുകളാണ് നിർമ്മിക്കുന്നത്. ഇതിൽ 82 വീടുകൾ പൂർത്തിയാക്കുകയും 68 വീടുകൾ നിർമ്മാണത്തിലുമാണ്.
സമഗ്ര പാലിയേറ്റീവ് കെയറിന്റെ ഭാഗമായി മൂന്ന് പാലിയേറ്റീവ് കെയറുകളാണ് പഞ്ചായത്തിലുള്ളത്. പകൽ വീട്, 37 ക്രാഡിൽ അങ്കണവാടി, മൾട്ടിപർപ്പസ് ഹാളും ശൗചാലയ സൗകര്യവും വാനനിരീക്ഷണ കേന്ദ്രവുമുള്ള മനോഹരമായ ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം, ഓപ്പൺ ജിം എന്നിവയും പഞ്ചായത്തിലുണ്ട്. ജെൻഡർ പാർക്ക്, ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ, ഐടിഐ കെട്ടിടം, സ്റ്റേഡിയം, വിനോദസഞ്ചാര കേന്ദ്രം എന്നിവയുടെ നിർമാണവും പഞ്ചായത്തിൽ പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ ഒന്നാണ് മണിയൂരിലെ എംസിഎഫ്. കൂടാതെ, 22 മിനി എംസി എഫും 63 ബോട്ടിൽ ബൂത്തും പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്.
ആരോഗ്യ കായിക മേഖലക്കായി റൈസിംഗ് മണിയൂർ പദ്ധതിയും സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഉയരെ മണിയൂർ പദ്ധതിയും പഞ്ചായത്ത് ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുത്തുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ജില്ലയിൽ തന്നെ മികച്ച മുന്നേറ്റമാണ് പഞ്ചായത്ത് കൈവരിച്ചത്.
തുടർച്ചയായി മൂന്ന് വർഷവും ജില്ലയിൽ ഒന്നാം സ്ഥാനത്താണ്. മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി, ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്ത് ട്രോഫി എന്നിവയും 100 തൊഴിൽ ദിനം സൃഷ്ടിക്കുന്നതിൽ തുടർച്ചയായി മൂന്നാം വർഷം ഒന്നാമത് എത്തുകയും ചെയ്തിട്ടുണ്ട്.