നാദാപുരം ഉപജില്ല ശാസ്ത്രോത്സവത്തിന് തുടക്കമായി
1598816
Saturday, October 11, 2025 4:52 AM IST
നാദാപുരം: വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ നാദാപുരം ഉപജില്ല ശാസ്ത്രോത്സവത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിന് ഇന്നലെ പ്രവൃത്തിപരിചയം, ഐടി മേളയോടെയാണ് തുടക്കം കുറിച്ചത്. 2019 ലും 2024 ലും രണ്ട് തവണയായി ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം വിറങ്ങലിച്ച വിലങ്ങാട് മലയോരത്തെ നാട്ടുകാർ സ്കൂൾ ശാസ്ത്രോത്സവം ആഘോഷമാക്കി മാറ്റുകയാണ്.
ആദ്യ ദിനത്തിൽ തന്നെ ഉപജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദ്യാർഥികൾക്കും അധ്യാപകർക്കും വേണ്ട എല്ലാ സൗകര്യങ്ങൾ ഒരുക്കുന്നതിനും സ്കൂൾ അധികൃതരോടൊപ്പം തന്നെ നാട്ടുകാരും ഒത്തൊരുമയോടെ പ്രവർത്തിച്ചു.
പ്രവൃത്തി പരിചയമേള വിലങ്ങാട് സെന്റ് ജോർജ് പാരിഷ്ഹാൾ, സെന്റ് ജോർജ് ഹൈസ്കൂൾ, മഞ്ഞക്കുന്ന് പാരിഷ് ഹാൾ എന്നീ മൂന്നിടങ്ങളിലായാണ് നടന്നത്. ആദ്യ ദിനത്തിൽ തന്നെ എൽപി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 1500 ഓളം വിദ്യാർഥികൾ പങ്കാളികളായി. പുതുക്കിയ മാന്വൽ പ്രകാരം പുതിയ മത്സര ഇനങ്ങൾ കൂട്ടിച്ചേർക്കുകയും ചില ഇനങ്ങൾ മത്സരത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.