വിഷന്‍ 2031: യുവജനകാര്യവകുപ്പ് സെമിനാര്‍ 21ന്
1598815
Saturday, October 11, 2025 4:52 AM IST
സംഘാടക സമിതി രൂപീകരിച്ചു
കോഴിക്കോട്: കേരളത്തിന്റെ ഭാവി വികസനത്തിനുള്ള ആശയ രൂപീകരണം ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന "വിഷന്‍ 2031'ന്റെ ഭാഗമായ യുവജനകാര്യവകുപ്പ് സെമിനാര്‍ 21ന് കോഴിക്കോട് കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്മാന് ജൂബിലി ഹാളില്‍ നടക്കും.
സെമിനാറിന്റെ സംഘാടക സമിതി യോഗം ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. 2031 ആകുമ്പോഴേക്ക് യുവജന മേഖലയില്‍ കേരളം കൈവരിക്കേണ്ട പുരോഗതിയെ കുറിച്ച് ആശയങ്ങള്‍ രൂപീകരിക്കുകയും വ്യത്യസ്ത മേഖലകളിലുള്ള യുവജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയുമാണ് സെമിനാറിന്റെ ലക്ഷ്യം.
യുവജനകാര്യ മന്ത്രി സജി ചെറിയാന്, യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, 33 മേഖലകളില്‍നിന്നുള്ള വിവിധ ജില്ലകളിലെ 650ലധികം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.
യുവജന കമ്മീഷന് ചെയര്‍മാന്റെയും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്റെയും വിഷയാവതരണവും പ്രതിനിധികളുടെ ചര്‍ച്ചകളും സെമിനാറിന്റെ ഭാഗമായുണ്ടാകും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ രക്ഷാധികാരികളായ സംഘാടക സമിതിയാണ് രൂപീകരിച്ചത്. മേയര്‍ ബീന ഫിലിപ്പ് ചെയര്‍പേഴ്സണും ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് കണ്‍വീനറും യുവജന കമ്മീഷന് അംഗം പി.സി. ഷൈജു കോഓർഡിനേറ്ററുമാണ്.
യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ ദിപു പ്രേംനാഥ് വൈസ് ചെയര്‍മാനായും ജില്ലാ യൂത്ത് കോഓർഡിനേറ്റര്‍ ടി.കെ. സുമേഷ് ജോയിന്റ് കണ്‍വീനറായും പ്രവര്‍ത്തിക്കും.
കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ യുവജന കമീഷന് ചെയര്മാന് എം. ഷാജര്‍, യുവജന കമ്മീഷന് അംഗം പി.സി. ഷൈജു, യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍മാരായ എസ്.ആര്. അരുണ്‍ ബാബു, ദിപു പ്രേംനാഥ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുൾ കരീം, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍, ജില്ലാ യൂത്ത് കോഓർഡിനേറ്റര്‍ ടി.കെ. സുമേഷ് എന്നിവര്‍ പങ്കെടുത്തു.