ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു
1599429
Monday, October 13, 2025 10:11 PM IST
കോഴിക്കോട്: ബാലുശേരി എകരൂരില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. രണ്ടുപേര്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡ് സ്വദേശിയായ പരമേശ്വര്‍ (25)ആണ് മരിച്ചത്.
സംഭവത്തില്‍ എകരൂരില്‍ തന്നെ വാടകയ്ക്ക് താമസിക്കുന്ന ഝാര്‍ഖണ്ഡ് സ്വദേശികളായ സുനില്‍, ഘനശ്യാം എന്നിവരാണ് അറസ്റ്റിലായത്.
മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ഞായറാഴ്ച രാത്രി പതിനൊന്നൊടെയാണ് കൊലപാതകം നടന്നത്. പ്രതികളും പരമേശ്വരും തമ്മില്‍ ഞായറാഴ്ച വൈകുന്നേരം ഫോണിലൂടെ വെല്ലുവിളിച്ചിരുന്നു.
ഇതിനു പിന്നാലെ പ്രതികള്‍ രാത്രിയില്‍ പരമേശ്വര്‍ താമസിക്കുന്ന സ്ഥലത്തെത്തി. മദ്യലഹരിയിലായിരുന്ന പ്രതികള്‍ കത്തിയെടുത്ത് കുത്തി. നെഞ്ചിലും പുറത്തും ആഴത്തിലുള്ള മുറിവേറ്റാണ് പരമേശ്വര്‍ മരിച്ചത്. കത്തി പോലീസ് കണ്ടെത്തി.
ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പ്രതികളെ റിമാന്‍ഡ് ചെയ്തു.