കക്കയം പവർ ഹൗസ് നിർമാണം; ഭൂമി നൽകിയ കുടുംബങ്ങളുടെ സമരം ഫലം കണ്ടു
1599871
Wednesday, October 15, 2025 4:58 AM IST
കൂരാച്ചുണ്ട്: കക്കയത്തെ പവർ ഹൗസ് നിർമാണത്തിന്റെ ഭാഗമായി ഇരുപത് വർഷം മുമ്പ് കെഎസ്ഇബിക്ക് പെൻസ്റ്റോക് പൈപ്പിടാൻ ഭൂമി വിട്ടുനൽകിയ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം.
ഈ വിഷയത്തിൽ കുടുംബങ്ങൾ കൂരാച്ചുണ്ട് വില്ലേജ് ഓഫീസിന് മുന്നിൽ സെപ്റ്റംബർ 18 ന് നടത്തിയ നിരാഹാര സമരത്തെ തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് കക്കയം കോണിപ്പാറ മേഖലയിലെ ലീല കൂവ്വപൊയ്കയിൽ, പ്രജീഷ് പൂവത്തിങ്കൽ, ത്രേസ്യാമ്മ പൂവത്തിങ്കൽ എന്നിവരുടെ കുടുംബങ്ങൾക്ക് തർക്കത്തിലായിരുന്ന ഭൂമിയുടെ രേഖകൾ പരിശോധിച്ച് ജില്ലാ കളക്ടറുടെ നിർദേശപ്രകാരം നികുതി ശീട്ടും, കൈവശാവകാശം തെളിയിക്കുന്ന റവന്യു രേഖകളും കെ.എം. സച്ചിൻ ദേവ് എംഎൽഎ കൈമാറി.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ്, കൊയിലാണ്ടി തഹസിൽദാർ ജയശ്രീ എസ്. വാര്യർ, ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എം. ഷാജി, വില്ലേജ് ഓഫീസർ പി.വി. സുധി, പഞ്ചായത്ത് അംഗങ്ങളായ സിമിലി ബിജു, ഡാർളി ഏബ്രഹാം, നേതാക്കളായ വി.ജെ സണ്ണി, എ.സി. ഗോപി എന്നിവർ പങ്കെടുത്തു. റവന്യു രേഖകൾ ലഭിച്ചതോടെ കെഎസ്ഇബിയിൽ നിന്നും കുടുംബങ്ങൾക്ക് നഷ്ടപരിഹാര തുക ലഭിക്കുന്നതിനുള്ള തടസം നീങ്ങി.