ശമ്പളം ലഭിക്കാത്ത അധ്യാപകര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി; കഞ്ഞി കുടിച്ച് പ്രതിഷേധം
1599667
Tuesday, October 14, 2025 7:40 AM IST
കോഴിക്കോട് : ഭിന്നശേഷി നിയമത്തിന്റെ പേരില്‍ നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരും അഞ്ചുവര്‍ഷം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെ നോഷണലായി അംഗീകാരം ലഭിച്ച അധ്യാപകരും കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
കുഴികുത്തി കഞ്ഞി കുമ്പിളില്‍ ഒഴിച്ചു കുടിച്ചായിരുന്നു പ്രതിഷേധം. എം.കെ രാഘവന് എംപി ഉദ്ഘാടനം ചെയ്തു.സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇരുപത്തി അയ്യായിരം അധ്യാപകര്‍ പട്ടിണിയാകാന്‍ കാരണമെന്നും ഇനിയും അധ്യാപകരെ ശമ്പളം നല്‍കാതെ തെരുവിലിറക്കിയാല്‍ കോണ്‍ഗ്രസും യുഡിഎഫും അധ്യാപകര്‍ക്കൊപ്പം അണിനിരക്കുമെന്നും എം.കെ രാഘവന് പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അബിന്‍ വര്‍ക്കി മുഖ്യാതിഥിയായിരുന്നു.
മുഖ്യമന്ത്രിയുടെ വീട്ടില്‍ ഒരു തൊഴുത്ത് കെട്ടാന്‍ 30 ലക്ഷത്തിലധികം രൂപ ചെലവഴിച്ച സര്‍ക്കാര്‍, അധ്യാപകരുടെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നു അബിന്‍ വര്‍ക്കി പറഞ്ഞു . എന്‍എസ്എസിനു ലഭിച്ച സമാന ഉത്തരവ് ഹൈക്കോടതിയില്‍ നിന്ന് മറ്റ് അധ്യാപകര്‍ക്കും ലഭിച്ചിട്ടും അത് നായര്‍ സര്‍വീസ് സൊസൈറ്റിക്ക് മാത്രമായി മാറ്റിയ സര്‍ക്കാറിന്റെ പക്ഷപാത നിലപാടിനെതിരെ അധ്യാപകര്‍ കുഴികുത്തി കുമ്പിളില്‍ കഞ്ഞി ഒഴിച്ചു കുടിച്ചു പ്രതിഷേധിച്ചു . ആധുനിക കാലത്തും ഇരട്ട നീതി മാത്രം നല്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ അധ്യാപകര്‍ പകല്‍പന്തം കൊളുത്തി പ്രതിഷേധിച്ചു.
സംസ്ഥാന സെക്രട്ടറി അസീസ് നമ്പ്രത്തുക്കര, കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് ,എബിവിപി ദേശീയ എക്സിക്യൂട്ടീവ് അംഗം യദു കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്ടീവും നോഷണല്‍ ടീച്ചേഴ്സ് കളക്ടീവും കെഎന്എടിഎയും സംയുക്തമായാണ് അധ്യാപക സമര സംഗമം സംഘടിപ്പിച്ചത്. കെഎടിസി പ്രസിഡന്റ് ബിന്സിന് ഏക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു.