കണ്ടിവാതുക്കലില്‍ കാട്ടാനകളിറങ്ങി; കൃഷിയിടങ്ങളില്‍ വ്യാപക നാശനഷ്ടം
1599671
Tuesday, October 14, 2025 7:40 AM IST
നാദാപുരം: ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കലില്‍ കാട്ടാനകള്‍ വീണ്ടും കൃഷിനശിപ്പിച്ചു. കണ്ടിവാതുക്കല്‍, അഭയഗിരി, വാഴമല മേഖലകളിലെ കൃഷിയിടങ്ങളില്‍ കഴിഞ്ഞദിവസം താണ്ഡവമാടിയ കാട്ടാനക്കുട്ടത്തെ വനപാലക സംഘവും കര്‍ഷകരും ചേര്‍ന്ന് കാട്ടിനുള്ളിലേക്ക് തുരത്തിയിരുന്നു.
ദിവസങ്ങള്‍ക്ക് ശേഷം അവ വീണ്ടും തിരികെയെത്തിയത് കര്‍ഷകരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ജനവാസ മേഖലകളില്‍ തമ്പടിച്ചിരിക്കുകയാണ് കാട്ടാനക്കൂട്ടം. ഇടക്കിടെ ചിന്നംവിളിച്ചു പരിഭ്രാന്തി പരത്തുന്ന ആനക്കൂട്ടത്തെ തുരത്താന്‍ വനപാലകര്‍ ഇന്നലെ ഉച്ചയോടെ വീണ്ടുമെത്തി.
14 ആനകളും രണ്ട് കുട്ടിയാനകളുമാണ് ആഴ്ചകളായി കര്‍ഷകരുടെ ഉറക്കം കെടുത്തുന്നത്. തറക്കുന്നേല്‍ ജോര്‍ജ്, ഒ.കെ. വാസു എന്നിവരുടെ റബര്‍, കരുമുളക്, തെങ്ങ് തുടങ്ങിയവയാണ് വ്യാപകമായി നശിപ്പിച്ചത്. കണ്ണൂര്‍ ജില്ല അതിര്‍ത്തിയിലെ വാഴമലയിലും കാട്ടാനകള്‍ വര്‍ഷങ്ങള്‍ ജാതിമരങ്ങള്‍ അടക്കമുള്ള കൃഷികള്‍ നശിപ്പിച്ചിട്ടുണ്ട്.
മാസങ്ങള്‍ക്കു മുമ്പ് വനംവകുപ്പിന്റെ ജണ്ട കെട്ടലില്‍ കൃഷിയിടം നഷ്ടമായ കര്‍ഷകര്‍ക്കടക്കം കൃഷിനാശമുണ്ടായിട്ടുണ്ട്. തകര്‍ന്ന സൗരോര്‍ജ കമ്പിവേലി പുനര്‍ നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചെന്ന് വനംവകുപ്പ് പറയുന്നുണ്ടെങ്കിലും ഈ ഭാഗത്ത് പണി തുടങ്ങിയിട്ടില്ല.
ഡിഎഫ്ഒ അടക്കമുള്ള വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നഷ്ടപരിഹാരം നല്‍കുമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നും പലതവണ ഉറപ്പ് നല്‍കിയെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ല. മലമുകളില്‍ നിന്ന് 400 ഉം 500 ഉം രൂപ വണ്ടിക്കൂലി ഇനത്തില്‍ മുടക്കി വളയത്തെത്തി അപേക്ഷ നല്‍കാറുണ്ടെങ്കിലും വാഹനകൂലി പോലും നഷ്ടപരിഹാരമായി കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കനത്ത നഷ്ടം കാരണം കര്‍ഷകരില്‍ പലരും കൃഷിയിടങ്ങളിലേക്ക് തിരിഞ്ഞു നോക്കാതെയായിട്ടുണ്ട്. ചിലര്‍ സ്ഥലം വില്പന നടത്തി മലയിറങ്ങിയിട്ടുമുണ്ട്.