വികസന നേട്ടങ്ങള്‍ പങ്കുവച്ച് കൂരാച്ചുണ്ട് പഞ്ചായത്ത് വികസന സദസ്
1599668
Tuesday, October 14, 2025 7:40 AM IST
കൂരാച്ചുണ്ട്: മലയോര മേഖലയായ കൂരാച്ചുണ്ടില്‍ സംസ്ഥാന സര്‍ക്കാരും ഗ്രാമപഞ്ചായത്തും നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പങ്കുവച്ച് വികസന സദസ്. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. വി.കെ. ഹസീന ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കല്‍, ചര്‍ച്ച എന്നിവ വികസന സദസ്സില്‍ നടന്നു. നദികളിലെ മണല്‍ നീക്കം ചെയ്ത് ജലസംരക്ഷണം ഉറപ്പുവരുത്തുക, പൊതുശ്മശാനം നിര്‍മിക്കുക, ജലസ്രോതസുകളുടെ കരകള്‍ കെട്ടി സംരക്ഷിക്കുക, തകര്‍ന്ന ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മിക്കുക, പകല്‍വീട് നിര്‍മിച്ചു നല്‍കുകയും വയോജന ക്ഷേമത്തിന് ആവശ്യമായ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.
വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 79 കോടി രൂപയാണ് പഞ്ചായത്തില്‍ ചെലവഴിച്ചത്. 48.70 കോടി രൂപ വാര്‍ഷിക പദ്ധതികളിലൂടെയും 30.30 കോടി രൂപ തൊഴിലുറപ്പ് പദ്ധതി വഴിയും ചെലവിട്ടു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം വിത്സണ് മംഗലത്ത് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.ജെ. ആന്‍സമ്മ, സിനി ഷിജോ, കെ. വിജയന്, സെക്രട്ടറി ഫാത്തിമ നിഷാന, അസി. സെക്രട്ടറി മഹേഷ്, കില റിസോഴ്സ് പേഴ്സണ്‍ നിധിന് തുടങ്ങിയവര്‍ പങ്കെടുത്തു.
വികസന സദസ് ബഹിഷ്ക്കരിച്ച് യുഡിഎഫ്
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തും സംസ്ഥാന സര്‍ക്കാരും സംഘടിപ്പിച്ച വികസന സദസില്‍ പങ്കെടുക്കാതെ കൂരാച്ചുണ്ട് പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്കരിച്ചു. പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ നടത്തിയ പോലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ചു കൊണ്ടും സംസ്ഥാന യുഡിഎഫ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരവുമാണ് യുഡിഎഫ് അംഗങ്ങള്‍ വികസന സദസില്‍ നിന്നും വിട്ടു നിന്നതെന്നു കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് പറഞ്ഞു.