തകർന്ന സർവീസ് റോഡും വെള്ളക്കെട്ടും; പെരുമാൾപുരത്തെ യാത്രാദുരിതത്തിന് ശമനമില്ല
1599873
Wednesday, October 15, 2025 4:58 AM IST
പയ്യോളി: ദേശീയപാത നിർമാണം മൂന്ന് വർഷം പിന്നിടുമ്പോൾ പെരുമാൾപുരത്തെ യാത്രാദുരിതത്തിന് അറുതിയായില്ല. പയ്യോളിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാരാണ് ദുരിതം ഏറെയും അനുഭവിക്കുന്നത്. ശക്തമായ മഴ പെയ്യുന്നതോടെ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമാവുകയാണ്. അതേസമയം ഇവിടെ അണ്ടർപാസ് നിർമാണം പൂർത്തിയായിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും അപ്പ്രോച്ച് റോഡുകൾ നിർമിക്കാത്തതാണ് ദുരിതത്തിന് കാരണമാകുന്നത്.
സർവീസ് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ റോഡ് ഉയർത്തുമെന്ന് മുന്പ് പറഞ്ഞിരുന്നെങ്കിലും ഇത് സംബന്ധിച്ച് ഇപ്പോൾ സ്ഥിരീകരണമില്ല. ഇതുകാരണം റോഡിന് കിഴക്ക് ഭാഗത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടിട്ട് മൂന്ന് വർഷം പിന്നിട്ടു. ഇക്കഴിഞ്ഞ മഴക്കാലത്ത് തിക്കോടി എഫ്സിഐ ഗോഡൗണിൽ നിന്നും അരി കയറ്റി പോവുകയായിരുന്ന ലോറി യന്ത്ര തകരാറുകാരണം ഇവിടെ കുടുങ്ങിയപ്പോൾ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
ഇത്തരത്തിൽ ഓരോ മഴയത്തും ആശങ്കയോടെയാണ് യാത്രക്കാർ പെരുമാൾപുരം കടന്നുപോകുന്നത്. കഴിഞ്ഞദിവസം പെയ്ത മഴയിലും സ്ഥിതി വ്യത്യസ്തമല്ല. ഒരു മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്കാണ് പെരുമാൾപുരത്ത് അനുഭവപ്പെട്ടത്. റോഡിന്റെ ശോചനീയാവസ്ഥ തന്നെയായിരുന്നു കാരണം.