പെ​രു​വ​ണ്ണാ​മൂ​ഴി: ഓ​രോ വ​ർ​ഷ​വും കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി പ്ര​ധാ​ന ക​നാ​ലി​ൽ ജ​ലം തു​റ​ന്നു വി​ടു​മ്പോ​ൾ കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ഇ​ടി​യു​ന്ന ഭാ​ഗം ബ​ല​വ​ത്താ​യി ന​വീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് 230 മീ​റ്റ​ർ താ​ഴെ ഭാ​ഗ​ത്താ​ണ് ക​നാ​ലി​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്.

ഇ​രു​വ​ശ​ത്തു​മാ​യി 32 മീ​റ്റ​ർ നീ​ള​ത്തി​ലും 3.80 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​മാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ന് ജി​എ​സ്ടി അ​ട​ക്കം 12.5 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​മാ​സം ഒ​ടു​വി​ൽ പ​ണി പൂ​ർ​ത്തി​യാ​കും. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ജ​ല​സേ​ച​ന​ത്തി​നാ​യി ക​നാ​ലി​ൽ ആ​ശ​ങ്ക കൂ​ടാ​തെ ജ​ലം തു​റ​ന്നു​വി​ടാ​നാ​കും.

പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ നി​ന്ന് മു​തു​കാ​ട്, ചെ​മ്പ​നോ​ട ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ് ക​നാ​ലി​നു മീ​തെ​യു​ള്ള പാ​ല​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത് പാ​ല​ത്തി​നോ​ട് ചേ​ർ​ന്നാ​ണ്. ന​വീ​ക​ര​ണം ക​ഴി​യു​മ്പോ​ൾ പാ​ല​വും കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​കും.