വ്യക്തിഗത ചാമ്പ്യന്‍പട്ടം പറന്നുപിടിച്ച് അല്‍ക്ക
1600695
Saturday, October 18, 2025 4:47 AM IST
കോഴിക്കോട്: മൈതാനം കണ്ടാല്‍ പറക്കുന്ന അല്‍ക്ക ഷിനോജ് തന്നെയാണ് ഇത്തവണ സബ്ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം വ്യക്തിഗത ചാമ്പ്യൻ. കുളത്തുവയല്‍ സെന്റ് ജോര്‍ജ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ അല്‍ക്ക ഏതാനും വര്‍ഷങ്ങളായി 200, 400, 600 മീറ്റര്‍ ഓട്ടങ്ങളില്‍ മറ്റാരെയും മുന്നില്‍ കടത്തിവിട്ടിട്ടില്ല.
മൂന്നു വ്യക്തിഗത ഇനങ്ങള്‍ക്കു പുറമെ അല്‍ക്കയും ഉള്‍പ്പെട്ട സ്കൂള്‍ ടീമാണ് ഇത്തവണ 4 x100 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടിയത്. കഴിഞ്ഞവര്‍ഷം സംസ്ഥാനതലത്തിലും ജില്ലാതലത്തിലും 200, 400, 600 മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ സ്വര്‍ണം കൊയ്ത അല്ക്കയായിരുന്നു ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യൻ.
ഇരട്ട സഹോദരനായ അഞ്ചല്‍ ഷിനോജും വളര്‍ന്നുവരുന്ന കായികതാരമാണ്. സിആര്‍പിഎഫ് ജവാനായ കുളത്തുവയല്‍ ചേറ്റാനിയില്‍ ഷിനോജിന്റെയും ജിതിനയുടെയും മകളാണ് അല്‍ക്ക. സ്കൂളിലെ കായികാധ്യാപിക സിനി ജോസഫിനു പുറമെ, കെ.എം. പീറ്റര്‍, വിജയന് എന്നിവരും അല്‍ക്കയുടെ പരിശീലകരാണ്.