പുല്ലൂരാംപാറ കുലുങ്ങില്ല : കായിക മേളയ്ക്ക് ഇന്ന് സമാപനം
1600312
Friday, October 17, 2025 5:08 AM IST
കോഴിക്കോട്: കായിക മേളയുടെ രണ്ടാം ദിനം അവസാനിച്ചപ്പോൾ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ് ബഹുദൂരം മുന്നിൽ. 158 പോയിന്റാണ് പുല്ലൂരാംപാറയ്ക്കുള്ളത്. 79 പോയിന്റുമായി കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്എസ് രണ്ടാമതും 32 പോയിന്റുമായി മേപ്പയ്യൂർ ജിവിഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമാണ്.
22 സ്വർണം 14 വെള്ളി ആറ് വെങ്കലം എന്നിങ്ങനെ നേടിയാണ് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്എസ് 10 സ്വർണം എട്ട് വെള്ളി അഞ്ച് വെങ്കലം നേടിയപ്പോൾ നാല് സ്വർണം മൂന്ന് വെള്ളി മൂന്ന് വെങ്കലം എന്നിങ്ങനെ മേപ്പയ്യൂർ ജിവിഎച്ച്എസ്എസും സ്വന്തമാക്കി.
സബ് ജില്ലാ തലത്തിൽ മുക്കം ഉപജില്ല 229 പോയിന്റുമായി മുന്നേറ്റം തുടരുകയാണ്. തൊട്ടുപിന്നിലായി 147 പോയിന്റുമായി പേരാന്പ്ര ഉപജില്ല രണ്ടാം സ്ഥാനത്തും 43 പോയിന്റുമായി ചേവായൂർ ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. 29 സ്വർണം 16 വെള്ളി എട്ട് വെങ്കലവുമാണ് മുക്കം ഉപജില്ലയുടെ ശേഖരത്തിലുള്ളത്.
15 സ്വർണം 12 വെള്ളി 11 വെങ്കലം പേരാന്പ്ര ഉപജില്ല കരസ്ഥമാക്കിയപ്പോൾ നാല് സ്വർണം അഞ്ച് വെള്ളി അഞ്ച് വെങ്കലം ചേവായൂർ ഉപജില്ലയും സ്വന്തമാക്കി. 200 മീറ്റർ ഓട്ട മത്സരവും 400 മീറ്റർ ഹർഡിൽസ് മത്സരങ്ങളുമാണ് ഇന്നത്തെ പ്രധാന ഇനങ്ങൾ. മത്സരങ്ങൾ ഇന്ന് സമാപിക്കുന്നതിനാൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസും മുക്കം ഉപജില്ലയും ചാന്പ്യൻഷിപ്പ് ഉറപ്പിച്ചു.
‘അമർജിത്ത്’ അമ്മയുടെ ഹീറോ, ജില്ലയുടെയും
സീനിയർ 100 മീറ്റർ ഓട്ടം ആവേശകരമായി സമാപിച്ചപ്പോൾ സ്വർണം സ്വന്തമാക്കിയ അമർജിത്ത് നേരെ ഓടിയത് തന്റെ അമ്മ ഷൈജക്ക് അടുത്തേക്കായിരുന്നു. അച്ഛൻ നാല് വർഷം മുൻപ് മരിച്ചതിന് ശേഷം അമ്മയാണ് അമർജിത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിയത്. അച്ഛനിലാത്തതിന്റെ വിഷമം അറിയിക്കാതെയാണ് ആ അമ്മ മക്കളെ വളർത്തിയത്.
സാന്പത്തികമായി പ്രതിസന്ധി നേരിടുന്ന ഈ കുടുംബത്തിന്റെ ഏക സന്തോഷമാണ് മകന്റെ ട്രാക്കിലെ വിജയങ്ങൾ. 100 മീറ്റർ സീനിയർ ഓട്ടം കൂടാതെ 110 മീറ്റർ സീനിയർ ഹർഡിൽസിലും അമർജിത്തിനാണ് സ്വർണം. തുടർച്ചയായി മൂന്ന് വർഷമായി അമർജിത്ത് തന്നെയാണ് ഈ ഇനങ്ങളിൽ സ്വർണം സ്വന്തമാക്കിയത്.
പ്രൈവറ്റ് ലാബിലെ ജീവനക്കാരിയായ അമ്മയുടെ ഏക വരുമാനത്തിലാണ് അമർജിത്ത് കായിക മേഖലയിലെ പ്രകടനമികവ് മുന്നോട്ടുകൊണ്ടു പോകുന്നത്. പ്രതിസന്ധിഘടങ്ങളിൽ മെഡിക്കൽ കോളജ് അക്കാഡമിയിലെ കോച്ച് അവിനാഷിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് സഹായകമാകുന്നത്. സാവിയോ എച്ചഎസിലെ പ്ളസ് ടു വിദ്യാർഥിയാണ് അമർജിത്ത്.