ഈ വെള്ളി മുക്കിക്കളയല്ലേ .. ഇതിന് പിന്നിലുണ്ട് വലിയ പോരാട്ടത്തിന്റെ കഥ
1600313
Friday, October 17, 2025 5:08 AM IST
കോഴിക്കോട്: കായിക മേളയിലെ തന്റെ സ്വപ്നങ്ങൾക്ക് മുന്നിൽ നിന്ന പ്രതിസന്ധികളെ അതിജീവിച്ച് പ്രശാന്ത് നേടിയ വെള്ളി മെഡലിന് സ്വർണത്തേക്കാൾ തിളക്കം. എല്ലാ താരങ്ങളും സ്വർണം ലക്ഷ്യം വച്ച് പരിശീലിക്കുന്പോൾ പ്രശാന്ത് തന്റെ ആരോഗ്യം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലായിരുന്നു. തന്റെ സ്കൂളിനായി സ്വർണ മെഡൽ നേടാനുള്ള കഠിന പ്രയത്നത്തിനിടെയാണ് രണ്ട് മാസം മുന്പ് പ്രശാന്തിന് വെരിക്കോസ് വെയിനിന്റെ പ്രശ്നം രൂക്ഷമായത്.
ഇനിയും നീട്ടി വയ്ക്കാൻ സാധിക്കില്ലെന്ന് മനസിലാക്കിയ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി. ഡോക്ടർമാർ നിർദേശിച്ച ചികിത്സ കഴിഞ്ഞ് പരിശീലനത്തിന് ഇറങ്ങാൻ ഇരിക്കെയാണ് ചിക്കൻ ബോക്സിന്റെ വന്നത്.
കായിക പരിശീലനം ആരംഭിക്കേണ്ട പ്രശാന്ത് വീണ്ടും ആശുപത്രിയിലേക്ക് മടങ്ങി. ശരീരവും മനസും തളർന്നു. ഇനി കായികമേളയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പ്രശാന്തിന്റെ കുടുംബം ഉറപ്പിച്ചു. എന്നാൽ സ്വപ്നങ്ങളിൽ നിന്ന് പിന്തിരിയാൻ പ്രശാന്ത് തയാറായിരുന്നില്ല. രോഗ ലക്ഷണങ്ങൾ അവസാനിച്ച ഉടനെ പരിശീലനം ആരംഭിച്ചു.
ഒരു ദിവസം രണ്ടു നേരമായി മണിക്കൂറുകളോളം വിയർപ്പൊഴുക്കി. കളിക്കളത്തിൽ ഇറങ്ങാൻ കഴിയില്ലെന്ന് പറഞ്ഞവർക്ക് മുന്നിൽ സീനിയർ 800 മീറ്ററിൽ വെള്ളി മെഡലുമായാണ് പ്രശാന്ത് മടങ്ങിയത്. കൂടാതെ 4 x400 മീറ്റർ റിലെയിലും സ്വർണം സ്വന്തമാക്കി. പൂല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് പ്രശാന്ത്.