സ്നേഹത്തണലിൽ അനുദേവിന്റെ പൊന്‍ തിളക്കം
1600314
Friday, October 17, 2025 5:08 AM IST
കോഴിക്കോട്: ഒരുപാട് പേരുടെ സ്നേഹത്തിന്റെയും കരുതലിന്റെയും ഫലമായിരുന്നു പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസിലെ അനുദേവിന്റെ വിജയം. 100 മീറ്റർ ജൂനിയർ ഓട്ടത്തിലിയിരുന്നു ഇന്നലെ അനുദേവ് കളത്തിലിറങ്ങിയത്.
സാന്പത്തികമായി വളരെയധികം ബുദ്ധിമുട്ട് നേരിടുന്ന അനുദേവിന് മലബാർ സ്പോർട്സ് അക്കാഡമിയിലെ കോച്ച് എം.എസ് അനന്തുവും മറ്റ് സീനിയർ അത്ലറ്റ്സും ചേർന്ന് വാങ്ങിയ സ്പൈക്കുമായാണ് കളത്തിലിറങ്ങിയത്. എല്ലാവരുടെ സ്നേഹത്തിന്റെ കരുത്തിൽ കുതിച്ച അനുദേവ് മികച്ച പ്രകടനം കാഴ്ച വച്ച എല്ലാവരുടെ പ്രതീക്ഷ നിറവേറ്റി.
വിദ്യാർഥിയുടെ കഴിവ് മനസിലാക്കിയതുകൊണ്ടാണ് 20000 രൂപ ചെലവ് വരുന്ന സ്പൈക്ക് വാങ്ങാൻ ഏവരും തയാറായതെന്ന് കോച്ച് അനന്തു പറഞ്ഞു. വളയം നെരുവമ്മൽ സ്വദേശികളായ ചന്ദ്രന്റെയും -ബേബിയുടെയും മകനാണ് അനുദേവ്. കൂലിപണിക്കാരനായ ചന്ദ്രന്റെ വരുമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം.
ബുദ്ധിമുട്ടുണ്ടെങ്കിലും മകന്റെ സ്വപ്നങ്ങൾക്ക് പൂർണ പിന്തുണയാണ് ഇവർ നൽകുന്നത്. ഇന്ന് 200 മീറ്റർ ഓട്ടത്തിൽ മത്സരിക്കുന്ന അനുദേവ് സ്വർണം നേടുമെന്ന പ്രതീക്ഷയിലാണ് ഏവരും.