പൊറോട്ട കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്പന; യുവാവ് അറസ്റ്റില്‍
1600138
Thursday, October 16, 2025 4:59 AM IST
കോഴിക്കോട് : പൊറോട്ട കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവ് കോഴിക്കോട്ട് അറസ്റ്റില്‍. ഫ്രാന്‍സിസ് റോഡിനടുത്ത് പി.പി ഹൗസിലെ കെ. ടി അഫാം(24) ആണ് അറസ്റ്റിലായത്.
ഇയാളില്‍നിന്ന് വില്പനയ്ക്കായി സൂക്ഷിച്ച 30 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വീട്ടില്‍ വച്ച് പൊറോട്ട നിര്‍മിച്ചു സമീപത്തുള്ള ഹോട്ടലുകളില്‍ വിതരണം ചെയ്യലാണ് ഇയാളുടെ ജോലി. പൊറോട്ട വാങ്ങിക്കാന്‍ എന്ന വ്യാജേന പല ആളുകളും വീട്ടില്‍വന്ന് മയക്കുമരുന്ന് വാങ്ങിപ്പോകുന്നുണ്ട് എന്നുള്ള വിവരം പോലീസിന് ലഭിച്ചതിനെ തുടര്‍ന്ന് പ്രതിയും പ്രതിയുടെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
തുടര്‍ന്ന് സിറ്റി ഡാന്‍സഫും ടൗണ്‍ പോലീസും ചേര്‍ന്ന് വീട് റെയ്ഡ് ചെയ്തതിനെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. മയക്കുമരുന്നു കൂടാതെ ഇലക്ട്രോണിക് ത്രാസും പാക്ക്ചെയ്യാന്‍ ഉപയോഗിക്കുന്ന സിപ് ലോക്ക് കവറുകളും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള പൈപ്പും ഇയാളുടെ റൂമിലെ അലമാരയില്‍ നിന്ന് കണ്ടെടുത്തു.
പ്രതി ആരില്‍ നിന്നെല്ലാമാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും ആര്‍ക്കെല്ലാം ആണ് ഇത് കച്ചവടം ചെയ്യുന്നത് എന്നും ഉള്ള വിവരങ്ങള്‍ ഇയാളില്‍ നിന്ന് പോലീസ് ശേഖരിച്ചുവരുന്നതായി പോലീസ് അറിയിച്ചു.സിറ്റിയുടെ പല ഭാഗങ്ങളിലുള്ള ചെറുപ്പക്കാര്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കുമാണ് മയക്കുമരുന്ന് കച്ചവടം നടത്തി വന്നിരുന്നത്.