അജയ്യരായി പൂല്ലൂരാംപാറ : ജില്ലാ സ്കൂൾ കായിക മേള സമാപിച്ചു
1600693
Saturday, October 18, 2025 4:47 AM IST
കോഴിക്കോട്: മെഡിക്കൽ കോളജ് ഒളിന്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സ്കൂൾ കായിക മേള സമാപിച്ചപ്പോൾ വിദ്യാലയ തലത്തിൽ 232 പോയിന്റുമായി പൂല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ് കിരീടം നിലനിർത്തി.
തുടർച്ചയായ 21-ാം തവണയാണ് പൂല്ലൂരാംപാറ ചാന്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്. 33 സ്വർണവും 19 വെള്ളിയും 10 വെങ്കലവുമാണ് പുല്ലൂരാംപാറയുടെ താരങ്ങൾ നേടിയത്. കുളത്തുവയൽ സെന്റ് ജോർജ്സ് എച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം. 13 സ്വർണം, 11 വെള്ളി, 11 വെങ്കലമടക്കം 109 പോയിന്റാണ് കുളത്തുവയലിനുള്ളത്.
39 പോയിന്റുമായി മേപ്പയ്യൂർ ജിവിഎച്ച്എസ്എസാണ് മൂന്നാം സ്ഥാനത്ത്. 5 സ്വർണം, മൂന്ന് വെള്ളി, 5 വെങ്കലം സ്കൂൾ സ്വന്തമാക്കി. തലക്കുളത്തൂർ സിഎംഎംഎച്ച്എസ് (38), പൂവന്പായി എഎംഎച്ച്എസ് (30) ആണ് നാലും അഞ്ചും സ്ഥാനത്ത്.
ഉപജില്ലാതലത്തിൽ 309 പോയിന്റുമായി മുക്കം ഉപജില്ല ജേതാക്കളായി. 40 സ്വർണം, 22 വെള്ളി, 15 വെങ്കലം നേടിയാണ് മുക്കം ചാന്പ്യൻമാരായത്. 191 പോയിന്റുമായി പേരാന്പ്ര ഉപജില്ല രണ്ടാം സ്ഥാനത്തും 54 പോയിന്റുമായി ചേവായൂർ ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. 19 സ്വർണം, 16 വെള്ളി, 18 വെങ്കലം എന്നിവ പേരാന്പ്ര ഉപജില്ല നേടിയപ്പോൾ ആറ് സ്വർണം, അഞ്ച് വെള്ളി, ആറ് വെങ്കലം എന്നിവ ചേവായൂർ ഉപജില്ലയും കരസ്ഥമാക്കി.
പേരാന്പ്ര ഉപജില്ല 62 പോയിന്റുമായി ജൂണിയർ ഗേൾസ് ഗ്രൂപ്പ് ചാന്പ്യൻമാരും മുക്കം ഉപജില്ല 62 പോയിന്റുമായി ജൂണിയർ ബോയ്സ് ചാന്പ്യൻമാരുമായി. സബ് ജൂണിയർ ഗേൾസ് വിഭാഗത്തിൽ 34 പോയിന്റുമായി പേരാന്പ്ര ഉപജില്ല ഗ്രൂപ്പ് ചാന്പ്യൻമാരായപ്പോൾ സബ് ജൂണിയർ ബോയിസ് വിഭാഗത്തിൽ 30 പോയിന്റുമായി മുക്കം ഉപജില്ല വിജയികളായി. സീനിയർ ഗേൾസ്, സീനിയർ ബോയ്സ് വിഭാഗങ്ങളിൽ 85, 64 പോയിന്റുകളുമായി മുക്കം ഉപജില്ല ഗ്രൂപ്പ് ചാന്പ്യൻമാരായി..
മേളകൾ നടത്താൻ നിർബന്ധിത പിരിവ്; ഡിഡിഇയെ ഉപരോധിച്ച് എംഎസ്എഫ്
കോഴിക്കോട്: സ്കൂൾ മേളകൾ നടത്താൻ വേണ്ടി ജില്ലയിലെ സ്കൂളുകളിലെ വിദ്യാർഥികളിൽ നിന്നും നിർബന്ധിതമായി പണം പിരിക്കുന്നതിൽ പ്രതിഷേധിച്ച് എംഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഡിഡിഇയെ ഉപരോധിച്ചു. എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളിൽ നിന്ന് നിയമപരമായി യാതൊരു പിരിവും പാടില്ലെന്നിരിക്കെ കോഴിക്കോട് ജില്ലയിൽ ലക്ഷക്കണക്കിന് രൂപയാണ് മേളകൾ നടത്താനെന്ന പേരിൽ വിദ്യാർഥികളിൽ നിന്ന് പിരിക്കുന്നത്.
ഈ പിരിവ് നിർത്തി വയ്ക്കണമെന്നും അനധികൃത പിരിവിന് നേതൃത്വം നല്കിയവർക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് എംഎസ്എഫ് ഉപരോധിച്ചത്.
സമരത്തിന് നേതൃത്വം നൽകിയ എംഎസ്എഫ് ജില്ല ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ജില്ല കമ്മിറ്റി അംഗങ്ങളായ സി.വി ജുനൈദ്, അഫ്ലു പട്ടോത്ത്, റീമ മറിയം, വജാഹത്ത് സനീൻ, അഫ്നാൻ നന്മണ്ട എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.