പിതാവിന്റെ ശിക്ഷണത്തില്‍ സ്വര്‍ണക്കൊയ്ത്തുമായി ഡെന ഡോണി
1600697
Saturday, October 18, 2025 4:47 AM IST
കോഴിക്കോട്: ജില്ലതലത്തില്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷം ഷോട്ട്പുട്ട്, ഡിസ്കസ്ത്രോ എന്നിവയില്‍ സ്വര്‍ണം നേടിയ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ ഡെന ഡോണി തന്റെ വിജയങ്ങളുടെ ക്രെഡിറ്റ് പിതാവ് ഡോണി പോളിനാണ് സമര്‍പ്പിക്കുന്നത്. പിതാവിന്റെ കീഴില്‍ വര്‍ഷങ്ങളായി പരിശീലനം നടത്തുന്ന ഡെന വ്യക്തിഗത ചാമ്പ്യന്‍പട്ടം ലക്ഷ്യമാക്കിയാണ് ഗ്രൗണ്ടിലിറങ്ങിയത്.
പക്ഷെ ഇത്തവണ നേരിയ വ്യത്യാസത്തിനാണ് ഹാമര്‍ത്രോയില്‍ ഒന്നാം സ്ഥാനം നഷ്ടമായത്. ഷോട്ട്പുട്ട്, ഡിസ്കസ്ത്രോയില്‍ വിജയഗാഥ തുടരുകയും ചെയ്തു. ഇത്തവണ ജില്ലാതല ഹാമര്‍ത്രോയില്‍ രണ്ടാംസ്ഥാനം നേടിയ ഡെന കഴിഞ്ഞവര്‍ഷം സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഡിസ്കസ്ത്രോയില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. ഷോട്ട്പുട്ടിന് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. 2024ലെ ജില്ലാതല കായികമേളയില്‍ ഷോട്ട്പുട്ട്, ഡിസ്കസ്ത്രോ എന്നിവയിലും ഒന്നാം സ്ഥാനം ഡെന ഡോണിക്കായിരുന്നു. സ്പോര്‍ട്സിനോട് ഏറെ താത്പര്യമുള്ള കുടുംബമാണ് ഡെനയുടേത്.
മൂത്ത സഹോദരി ഡോണ മരിയ ഷോട്ട്പുട്ടില്‍ ഇത്തവണത്തെ ദേശീയ സ്വര്‍ണ മെഡല്‍ ജേതാവാണ്. ചെന്നൈ എംസിസി കോളജില്‍ ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയായ ഡോണയുടെയും ഗുരു ഡോണി പോളാണ്. പുല്ലൂരാംപാറ സ്കൂളിലെ കായികതാരങ്ങള്‍ക്കെല്ലാം ത്രോ ഇനങ്ങളില്‍ പരിശീലനം നല്‍കുന്നത് ഡോണി പോളാണ്. അടിസ്ഥാനപരമായി ബിസിനസുകാരനായ ഡോണി പോള്‍, ഡോണ മരിയയ്ക്ക് നല്കിയ പരിശീലനം ഹിറ്റായതോടെയാണ് ഇളയ മകളെയും മറ്റു വിദ്യാര്‍ഥികളെയും പരിശീലിപ്പിക്കാന്‍ ആരംഭിച്ചത്.
പുല്ലൂരാംപാറയിലെ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ പരിശീലകനാണ് അരഞ്ഞാണിപുത്തന്‍പുരയില്‍ ഡോണി പോള്‍. മൂത്തമകള്‍ ഡോണ മരിയ ആദ്യമായി സ്കൂള്‍ തലത്തില്‍ ത്രോ ഇനങ്ങളില്‍ മത്സരിച്ചപ്പോഴാണ് എന്തുകൊണ്ട് തനിക്ക് പരിശീലനം നല്കിക്കൂടാ എന്ന ചോദ്യം ഡോണി പോളിന്റെ ഉള്ളിലുയര്‍ന്നത്.
പഠിക്കുന്ന കാലത്ത് ഡോണി പോളിന് സ്പോര്‍ട്സുമായി വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി അദ്ദേഹം മികച്ച കായികപരിശീലകനാവുകയായിരുന്നു. ഇന്റര്‍നെറ്റില്‍ പരതി ത്രോ ഇനങ്ങളെക്കുറിച്ചും പരിശീലനങ്ങളെക്കുറിച്ചും നന്നായി പഠിച്ചു.
അത് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയത് വിജയം കണ്ടു. ഡോണി പോള്‍ പരിശീലനം നല്കുന്ന എട്ടുകുട്ടികള്‍ ദേശീയ, സംസ്ഥാന, ജില്ലാതലങ്ങളില്‍ മിന്നുംപ്രകടനം കാഴ്ചവച്ചിട്ടുണ്ട്.ഇതുകൂടാതെ സ്കൂളിലെ കായികാധ്യാപകന് എഡ്വേര്‍ഡും കായികതാരങ്ങള്‍ക്ക് കട്ട സപ്പോര്‍ട്ടുമായി കൂടെയുണ്ട്. സിമി ജോര്‍ജാണ് ഡോണിയുടെ ഭാര്യ.