ദീര്‍ഘദൂരത്തില്‍ അജയ്യയായി ശ്രേയാലക്ഷ്മി
1600698
Saturday, October 18, 2025 4:47 AM IST
കോഴിക്കോട്: കുളത്തുവയല്‍ സെന്റ് ജോര്‍ജ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ഇ.എസ്. ശ്രേയാലക്ഷ്മിയെ ഓടിത്തോല്പ്പിക്കാമെന്നു കരുതിയാല്‍ തെറ്റി. 1500, 3000 മീറ്റര്‍ മത്സരങ്ങളൊക്കെ ശ്രേയാലക്ഷ്മി പുല്ലുപോലെ ഓടിത്തീര്‍ക്കും. നടന്നു തോല്പ്പിക്കാമെന്നു വിചാരിച്ചാലും സാധിക്കില്ല.
ജില്ലാ സ്കൂള്‍ കായികമേളയില്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം 1500, 3000 ഓട്ടമത്സരങ്ങളിലും മൂന്നു കിലോമീറ്റര്‍ നടത്ത മത്സരത്തിലും ശ്രേയാലക്ഷ്മിക്കാണ് ഒന്നാംസ്ഥാനം. മൂന്നു ഇനങ്ങളില്‍ സ്വര്‍ണം നേടിയ ശ്രേയാലക്ഷ്മി വ്യക്തിഗത ചാമ്പ്യനുമായി. ആദ്യമായി വ്യക്തിഗത ചാമ്പ്യന്‍പട്ടം നേടിയതിന്റെ സന്തോഷത്തിലാണ് ശ്രേയാലക്ഷ്മിയും കുടുംബവും.
സംസ്ഥാന സ്കൂള്‍ കായികമേളയും ഓടിക്കടന്ന് ദേശീയതല മേളയില്‍ സ്വര്‍ണം നേടുകയെന്നതാണ് ഈ കൊച്ചുമിടുക്കിയുടെ ലക്ഷ്യം. വെറ്ററിനറി ജീവനക്കാരനായ കുളത്തുവയല്‍ എടത്തില്‍ ഷിനോദിന്റെയും അഞ്ജുവിന്റെയും മകളാണ് ശ്രേയാലക്ഷ്മി. സഹോദരന്: ശിവറാംശങ്കര്.