കുരുവട്ടൂര്‍ പഞ്ചായത്ത് വികസന സദസ്
1601268
Monday, October 20, 2025 5:21 AM IST
കോഴിക്കോട്: വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവര്ക്കും ലഭ്യമാക്കാന്‍ സര്‍ക്കാറിന് സാധിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രന്. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശ സ്ഥാപനങ്ങളെ അകറ്റിനിര്‍ത്താതെ വികസന ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റാന്‍ സര്‍ക്കാറിന് സാധിച്ചു. ഇത്തരം വികസന കാഴ്ചപ്പാടുകളിലൂടെ സര്‍ക്കാര്‍ കൂടുതല്‍ ജനകീയമാകുകയാണ്. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങളിലൂടെ നവകേരളം യാഥാര്‍ഥ്യമാകുകയാണെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്തിന്റെ വികസന രേഖ സെക്രട്ടറി ആര്. ഗോപീകൃഷ്ണന് പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഭരണനേട്ടങ്ങളുടെ അവതരണം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ വീഡിയോ സന്ദേശം, കെ സ്മാര്‍ട്ട് ക്ലിനിക്ക്, തൊഴില്‍ മേള, ചര്‍ച്ച എന്നിവ സദസിന്റെ ഭാഗമായി നടന്നു. ഹരിത കര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പഞ്ചായത്തിന്റെ മിനി സ്റ്റേഡിയം സംരക്ഷിക്കുക, പറമ്പില്‍ ബസാര്‍ അങ്ങാടിയില്‍ കൂടുതല്‍ വികസനം കൊണ്ടുവരുക, റോഡിന്റെ വശങ്ങളില് കലുങ്കുകള്‍ നിര്‍മിക്കുക, റോഡ് നിര്‍മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കുക, ഉന്നതികളിലെ വീടുകള്‍ നവീകരിക്കുക, റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, പാറത്തോടും പൂനൂര് പുഴയും സംരക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. പറമ്പില്‍ എഎം എല്‍പി സ്കൂളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എ. സരിത അധ്യക്ഷയായി.