ദീപാവലി സീസണ്: സുരക്ഷ ശക്തമാക്കി റെയില്‍വേ
1600858
Sunday, October 19, 2025 5:09 AM IST
കോഴിക്കോട്: ദീപാവലി ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് റെയില്‍വേ പാലക്കാട് ഡിവിഷനില്‍ കൂടുതല്‍ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തി. യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനാണ് നടപടി. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനിലുകളിലും പരിസരത്തും പടക്കങ്ങളും തീപിടിക്കുന്ന വസ്തുക്കളും ഉണ്ടോ എന്നു കണ്ടെത്തുന്നതിനു ആര്‍പിഎഫ് പരിശോധന ഊര്‍ജിതമാക്കും.
24 മണിക്കുറും റെയില്‍വേ സ്റ്റേഷനുകള്‍ നിരീക്ഷണത്തിലായിരിക്കും. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനു സംവിധാനമൊരുക്കും. കൂടുതല്‍ ജീവനക്കാരെ ഇതിനായി നിയോഗിക്കും. യാത്രക്കാര്‍ക്ക് ക്യൂ സിസ്റ്റം കൊണ്ടുവരും. ടിക്കറ്റില്ലാ യാത്രക്കാരെ കണ്ടെത്തുന്നതിനു ടിക്കറ്റ് പരിശോധന ഊര്‍ജിതപ്പെടുത്താന്‍ തീരുമാനിച്ചതായി പാലക്കാട് ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു. പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ലാത്തവരെ കണ്ടെത്താന്‍ പ്ലാറ്റ്ഫോമുകളിലും പരിശോധന ഉണ്ടാവും. സിസിടിവി നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും. ട്രെയിനുകളില്‍ ആര്‍പിഎഫും ടിടിഇമാരും പരിശോധന കര്‍ശനമാക്കും.
യാത്രക്കാരെ അടിയന്തരഘട്ടത്തില്‍ സഹായിക്കാന്‍ മെഡിക്കല്‍ ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.മംഗളുരു സെന്‍ട്രല്‍, മംഗളൂരു ജംഗ്ഷന്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍ ജംഗ്ഷന്, പാലക്കാട് ജംഗ്ഷന്, പൊള്ളാച്ചി ജംഗ്ഷന് എന്നീ സ്റ്റേഷനുകളില്‍ ജാഗ്രതപുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
യാത്രക്കാര്‍ സര്‍ക്കാര്‍ നടപടികളുമായി സഹകരിക്കണമെന്ന് ഡിവിഷണല്‍ മാനേജര്‍ മധുകര്‍ റാവോട്ട് അഭ്യര്‍ഥിച്ചു.തിരക്കുള്ള സീസണുകളില്‍ സാമൂഹ്യവിരുദ്ധരുടെയും മോഷ്ടാക്കളുടെയും പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് ലക്ഷ്യം.