സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് കമ്പനിയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍
1600856
Sunday, October 19, 2025 5:09 AM IST
കോഴിക്കോട് : സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് കമ്പനിയില്‍ നിന്നു ലാപ്ടോപ്പുകളും മറ്റും മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. കുന്ദമംഗലം കാരന്തൂര്‍ കാശ്മീരി വീട്ടില്‍ ജാവേദ്ഖാന്‍ (23)നെയാണ് നടക്കാവ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ11ന് രാത്രി കുന്ദമംഗലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള എരഞ്ഞിപ്പാലം സെയില്‍സ് ടാക്സ് ഓഫീസിന് സമീപമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ ഡെവലപ്പ്മെന്റ് കമ്പനിയില്‍ നിന്നു സ്ഥാപനത്തിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന് 4 ലാപ് ടോപുകള്‍, വയര്‍ലെസ് കാമറ, ലാപ് ടോപ് ബാഗ് എന്നിവ പ്രതി മോഷ്ടിച്ചു കൊണ്ടു പോകുകയായിരുന്നു. ഉടമയുടെ പരാതിയില്‍ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് സൈബര്‍സെല്ലുമായി ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ നിന്നു പ്രതിയെ പറ്റി മനസിലായി. കോഴിക്കോട് വച്ച് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. നടക്കാവ് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പ്രജീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
ഇയാള്‍ക്കെതിരേ കോഴിക്കോട് ടൗണ്‍, മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന് നുകളിലായി മോഷണ കേസും പോക്സോ കേസും നിലവിലുണ്ട്. കഴിഞ്ഞ ജൂലൈ മാസം കോവൂരിലെ സൗപര്‍ണിക എന്ന വീട്ടില്‍ നിന്നും രണ്ട് ലാപ്ടോപ്പുകളും, 18000 രൂപയും മോഷ്ടിച്ച കേസില്‍ നിലവില്‍ ജാമ്യത്തിലാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.