കൂരാച്ചുണ്ടിലെ പൊതുശ്മശാനം; ടെൻഡർ നടപടികൾ വൈകുന്നു
1600867
Sunday, October 19, 2025 5:24 AM IST
ജനകീയ സമിതി വീണ്ടും സമരത്തിലേക്ക്
കൂരാച്ചുണ്ട്: പൊന്നുണ്ടമലയിലെ നിർദിഷ്ട പൊതുശ്മശാന ഭൂമിയിൽ ആധുനിക വാതക ശ്മശാനം നിർമിക്കുന്നതിന് കിഫ്ബി മുഖേന രണ്ടരക്കോടിയോളം രൂപ സർക്കാർ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിട്ടും പദ്ധതിയുടെ ടെൻഡറിന് ആവശ്യമായ നടപടികൾ വൈകിപ്പിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരേ വീണ്ടും പൊതുശ്മശാനം ജനകീയ സമരസമിതി രംഗത്തിറങ്ങുന്നു.
25ന് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കാൻ തീരുമാനിച്ചതായി ഭാരവാഹികളായ അശോകൻ കുറുങ്ങോട്ട്, ഒ.ഡി തോമസ്, കെ.കെ.ബാലകൃഷ്ണൻ, ഗോപാലകൃഷ്ണൻ തോട്ടാത്ത്, എൻ.പി. ദാമോദരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2018-ൽ ശുചിത്വമിഷൻ രൂപകൽപ്പന ചെയ്ത വാതക ശ്മശാനം നിർമിക്കുന്നതിന് 60 ലക്ഷം രൂപയുടെ പ്രൊപ്പോസൽ സർക്കാരിന് പഞ്ചായത്ത് സമർപ്പിച്ചിരുന്നു. എന്നാൽ പ്രവൃത്തി തുടങ്ങിയെന്ന ഒരു ബോർഡ് നിർദിഷ്ട ഭൂമിയിൽ സ്ഥാപിച്ചതല്ലാതെ ഒരു പ്രവർത്തനവും നടത്തിയില്ല. തുടർന്ന് ജനകീയ സമരസമിതി എംഎൽഎ മുഖേന വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ആധുനിക രീതിയിയുള്ള വാതക ശ്മശാനം നിർമിക്കാൻ രണ്ടരക്കോടിയോളം രൂപ അനുവദിച്ച് സർക്കാർ ഭരണാനുമതി നൽകുകയായിരുന്നു.
ഇതിനായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് രണ്ട് ലക്ഷം രൂപ നൽകിയാണ് പദ്ധതിയുടെ ഡിപിആർ തയാറാക്കിയത്. പിന്നീട് പദ്ധതിക്ക് ആവശ്യമായ എല്ലാ രേഖകളും പഞ്ചായത്ത് കഴിഞ്ഞ മാർച്ചിൽ പ്രവൃത്തിയുടെ മേൽനോട്ടം വഹിക്കുന്ന ഇംപാക്ട് കേരളയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി സമരസമിതിയെ അറിയിക്കുകയും ചെയ്തു.
എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ടെൻഡർ നടപടിയോ പ്രവൃത്തി ഉദ്ഘാടനമോ ചെയ്തിട്ടില്ല. പൊതുശ്മശാനം യാഥാർഥ്യമാകാൻ പഞ്ചായത്ത് അധികൃതർ മുന്നിട്ടിറങ്ങണമെന്നാണ് ജനകീയ സമര സമിതി ആവശ്യപ്പെടുന്നത്.