കേരളത്തെ പശ്ചാത്തല വികസന ഹബ്ബാക്കി മാറ്റും: മന്ത്രി റിയാസ്
1600862
Sunday, October 19, 2025 5:24 AM IST
വിഷന്‍ 2031; പൊതുമരാമത്ത് വകുപ്പ് നയരേഖ മന്ത്രി അവതരിപ്പിച്ചു
കോഴിക്കോട്: സംസ്ഥാനം 75-ാം വര്‍ഷത്തിലേക്ക് കടക്കുന്ന 2031-ല്‍ രാജ്യത്തെ ഏറ്റവും മികച്ച പശ്ചാത്തല സൗകര്യമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
വിഷന്‍ 2031-ന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡില്‍ സംഘടിപ്പിച്ച പൊതുമരാമത്ത് വകുപ്പ് സെമിനാറില്‍ വകുപ്പിന്റെ വികസന നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2031 ല്‍ പശ്ചാത്തല വികസനത്തിന്റെ ഹബാക്കി കേരളത്തെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലെത്താനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് മികച്ച റോഡ് ശൃംഖലയുള്ള സംസ്ഥാനമാണ് കേരളം. അതേസമയം വാഹനസാന്ദ്രതയും ഏറ്റവും കൂടുതലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലയിലടക്കം ബിഎം- ബിസി റോഡുകള്‍ പണിത് പശ്ചാത്തല വികസനത്തിലൂടെ ജനജീവിതം വികസനത്തിലേക്ക് എത്തിക്കാന്‍ കേരളത്തിനായി.
കുതിരാന്‍ ടണല്‍, മൂന്നാര്‍-ബോഡിമെട്ട്, നാട്ടുകാല്‍-താണാവ് എന്നീ ദേശീയപാത വികസന പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. ദേശീയപാത 85ല്‍ കൊച്ചി-മൂന്നാര്‍ 125 കിലോ മീറ്റര്‍ പാതാനവീകരണം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമാക്കി തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ്, എറണാകുളം ബൈപാസ്, കൊല്ലം ചെങ്കോട്ട ഗ്രീന്‍ ഫീല്‍ഡ്, കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതാ എന്നീ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാണ് വകുപ്പ് അടിയന്തര പ്രാധാന്യം നല്‍കുന്നത്.
ഈ പദ്ധതികളില്‍ ജിഎസ്ടി വിഹിതവും റോയല്‍റ്റിയും ഒഴിവാക്കി സംസ്ഥാന പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. അതോടൊപ്പം തൃശൂര്‍ - ഇടപ്പള്ളി ദേശീയപാതാ ആറുവരി വികസനം, എന്‍എച്ച് 766 (കോഴിക്കോട് -മുത്തങ്ങ), എന്‍എച്ച് 185ല്‍ അടിമാലി-കുമളി, എന്‍എച്ച് 183ല്‍ മുണ്ടക്കയം -കുമളി എന്നീ പാതകളുടെ നവീകരണം സാധ്യമാക്കുന്നതിനുള്ള ഇടപെടലും നടത്തുന്നതായും മന്ത്രി പറഞ്ഞു.
ദേശീയപാതാ അഥോറിറ്റി പദ്ധതിരേഖ തയാറാക്കുന്ന രാമനാട്ടുകര -കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് (ചൊവ്വ - മട്ടന്നൂര്‍), കൊടൂങ്ങല്ലൂര്‍-അങ്കമാലി, ഫോര്‍ട്ട് വൈപ്പിന്‍ മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ്, കോതമംഗലം മൂവാറ്റുപുഴ ബൈപാസ് എന്നിവ യാഥാര്‍ഥ്യമാക്കാൻ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.