"ഇരട്ട വോട്ടുള്ളവരുടെ പേരുവിവരങ്ങള്‍ ബൂത്തുകള്‍ക്കു മുന്പില് പ്രദര്‍ശിപ്പിക്കും'
1601250
Monday, October 20, 2025 5:03 AM IST
വ്യാജ വോട്ടുകാര്‍ക്ക് യുഡിഎഫിന്റെ മുന്നറിയിപ്പ്
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കള്ളവോട്ട് തടയാനുള്ള ശ്രമവുമായി യുഡിഎഫ്. ഇരട്ടവോട്ടിനെ ജനകീയമായി പ്രതിരോധിക്കുമെന്നും ഇരട്ട വോട്ടുള്ളവരുടെ പേര് വിവരങ്ങള്‍ ബൂത്തുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്നും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് വിവരം കൈമാറുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ്, ജില്ലാ സെക്രട്ടറി ടി.ടി ഇസ്മയില്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനുള്‍പ്പെടെ നല്കിയ പരാതികളില്‍ നടപടിയുണ്ടായില്ലെന്നും ഇരട്ടവോട്ട് ഉന്നയിക്കപ്പെട്ട നമ്പറുകള്‍ക്ക് പുതിയ സീരിയില്‍ നമ്പര്‍ നല്കി നിലനിര്‍ത്തിയിരിക്കുകയാണെന്നും കെ. പ്രവീണ്‍കുമാര്‍ ആരോപിച്ചു.
ഇരട്ട വോട്ടുകളില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നമ്പര്‍ മറച്ചുവച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്ഇസി നമ്പറുകളാണ് നല്‍കിയിരിക്കുന്നത്. പുതിയ വോട്ടര്‍പട്ടികയില്‍ പേര് വരുന്ന പതിനെട്ട് വയസ് പൂര്ത്തിയാകുന്നവര്ക്കുള്ള ഐഡിയാണ് എസ്ഇസി. എന്നാല്‍ എസ്ഇസി ഐഡി ദുരുപയോഗപ്പെടുത്തുകയാണ് സിപിഎമ്മെന്നും പ്രവീണ്‍കുമാര്‍ ആരോപിച്ചു.
സീരിയല്‍ നമ്പര്‍ പോലും മാറ്റിയാണ് പലര്‍ക്കും വോട്ട് അനുവദിച്ചത്. കള്ളവോട്ടും ഇരട്ടവോട്ടും വ്യാപകമാക്കാനാണിത്.
നാദാപുരം പഞ്ചായത്തിലെ വിഷ്ണുമംഗലത്ത് മൂന്നാം വാര്‍ഡിലെ വോട്ടര്‍മാര്‍ അവിടത്തെ വോട്ട് മാറ്റാതെ രണ്ടാം വാര്‍ഡിലേക്ക് പേര് മാറ്റാന്‍ അപേക്ഷ നല്‍കുകയും അവരുടെ പേര് വോട്ടര്‍പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തത് ദുരൂഹമാണ്. ഇങ്ങനെ നമ്പര്‍ നല്കിയാല് ഇരട്ട വോട്ടുകള്‍ കണ്ടുപിടിക്കാന്‍ കഴിയില്ലെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. കള്ളവോട്ടും ഇരട്ട വോട്ടും സാധൂകരിക്കാനുള്ള നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ചെയ്തത്. ജില്ലയില്‍ ഒരു ലക്ഷം കള്ളവോട്ട് ഉണ്ടെന്നാണ് യുഡിഎഫ് കണക്ക്.
ഒരേ വോട്ടര്‍ ഐഡിയില്‍ രണ്ട് വോട്ട് ചേര്‍ക്കുന്ന സംഭവങ്ങള്‍ എല്ലാ സ്ഥലത്തും വ്യാപകമാണ്. കോഴിക്കോട് കോര്‍പറേഷനില്‍ 25,000 കള്ളവോട്ടുകളുണ്ടെന്ന് യുഡിഎഫ് നേരത്തെ തന്നെ പറഞ്ഞിരുന്നു. കോര്പറേഷന് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും നേതാക്കള്‍ പറഞ്ഞു. നാദാപുരം, ചെങ്ങോട്ട്കാവ് പഞ്ചായത്തുകളിലും കൊയിലാണ്ടി, ഫറോക്ക് നഗരസഭകളിലും ഇരട്ടവോട്ടുകള്‍ വ്യാപകമാണ്.
സിപിഎം തോല്‍വി ഭയന്ന് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തുകയാണ്. വാര്‍ഡ് അതിര്‍ത്തി മറികടന്ന് വോട്ട് ചേര്‍ക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ കൂട്ടുനില്‍ക്കുകയാണെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.