നോക്കുകുത്തിയായി മലമ്പുഴ ബസ് സ്റ്റാൻഡ്
1486947
Saturday, December 14, 2024 5:04 AM IST
മലന്പുഴ: ലക്ഷങ്ങൾ മുടക്കി ജലസേചനവകുപ്പ് പണിതീർത്ത മലമ്പുഴ ഉദ്യാന ബസ് സ്റ്റാൻഡ് നോക്കുകുത്തിയായി. ഒറ്റ ബസുപോലും സ്റ്റാൻഡിലേക്കു കാലങ്ങളായി കയറാറില്ല.
പൊന്തക്കാടുകൾനിറഞ്ഞ് പാമ്പുകളുടെയും തെരുവുനായ്ക്കളുടേയും വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. രാത്രിയായാൽ സാമൂഹ്യവിരുദ്ധരുടെ താവളവും ഇതുതന്നെ.
പരാതികളും ആക്ഷേപങ്ങളുമുണ്ടെങ്കിലും സാമൂഹ്യവിരുദ്ധ ആക്രമണഭീതിമൂലം കണ്ടിട്ടും കണ്ണടച്ചു കഴിയുകയാണെന്നു പരിസരവാസികൾ പറയുന്നു. പോലീസ് പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും മെയിൻ റോഡിലൂടെ മാത്രം.
പൊന്തക്കാടു നിറഞ്ഞ ബസ് സ്റ്റാന്റിനകത്ത് ഇടക്കെങ്കിലും പരിശോധന നന്നായിരുന്നുവെന്നാണ് നാട്ടുകാരുടെ അഭിപ്രായം. സ്റ്റാൻഡിലേക്കു ബസുകൾ കയറാത്തതു സംബന്ധിച്ച് പല ന്യായങ്ങളാണ് ബസുടമകളും ജീവനക്കാരും നിരത്തുന്നത്.
യാത്രക്കാർക്കും ജീവനക്കാർക്കും ഉപയോഗിക്കാൻ ഹോട്ടലുകളോ ശൗചാലയമോ ഒന്നും ഇവിടെയില്ല. പാലക്കാടു ഭാഗത്തുനിന്നും വരുന്ന യാത്രക്കാർ ഉദ്യാനകവാടത്തിനു മുന്നിൽ ഇറങ്ങുന്നു. സ്റ്റാന്റിലേക്ക് ആരും തന്നെയുണ്ടാവില്ല. കാലിയായി പോയിവരുന്നതിന്റെ ഡീസൽ ചെലവും സമയനഷ്ടവുണ് ജീവനക്കാർ ആവലാതിയായി പറയുന്നത്.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മലന്പുഴയിലെ ഈ അവസ്ഥ മറ്റെവിടെയും കാണാനാകില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു.