ജില്ലാ സ്കൂൾ കായികോത്സവത്തിനു ചാത്തന്നൂരിൽ തുടക്കം
1599766
Wednesday, October 15, 2025 1:14 AM IST
ആദ്യദിനം മുണ്ടൂർ ഹൈസ്കൂളിന്റെ കുതിപ്പ്;
ഉപജില്ലകളിൽ പറളിയുടെ മുന്നേറ്റം
കൂറ്റനാട്: ചാത്തന്നൂർ സിന്തറ്റിക് ട്രാക്കില്‍ ജില്ലാ സ്കൂള്‍ കായികമേളയുടെ ട്രാക്കുണര്‍ന്നപ്പോള്‍ ആദ്യദിനത്തില്‍ മുണ്ടൂര്‍ ഹൈസ്കൂളിന്റെ കുതിപ്പ്. വടവന്നൂർ, പറളി സ്കൂളുകൾ തൊട്ടുപിന്നിലുണ്ട്.
അഞ്ചു സ്വര്‍ണവും മൂന്നുവെങ്കലവുമായി 37 പോയിന്റാണ് ആദ്യദിനത്തിൽ മുണ്ടൂര്‍ എച്ച്എസിലെ താരങ്ങൾ സ്വന്തമാക്കിയത്. മൂന്നു സ്വര്‍ണവും ഏഴുവെള്ളിയും നേടി വടവന്നൂര്‍ വിഎംഎച്ച്എസ് സ്കൂളാണ് രണ്ടാംസ്ഥാനത്ത്. അഞ്ചു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമായി 35 പോയിന്റോടെ പറളി എച്ച്എസാണ് മൂന്നാംസ്ഥാനത്ത്. ഉപജില്ലകളിൽ 114 പോയിന്റോടെ പറളി മുന്നേറ്റം തുടങ്ങി.
കഴിഞ്ഞ ആറുവര്‍ഷമായി പറളി തന്നെയാണ് ജില്ലാ കീരിടംചൂടുന്നത്. 10 സ്വര്‍ണവും അഞ്ചുവെള്ളിയും ഏഴു വെങ്കലവുമാണ് പറളി ഉപജില്ലയുടെ ആദ്യദിനത്തിലെ നേട്ടം.
49 പോയിന്റോടെ കൊല്ലങ്കോട് ഉപജില്ലയും 44 പോയിന്റോടെ പാലക്കാട് ഉപജില്ലയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. രാവിലെ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സലീന ബീവി കായികമേളയുടെ പതാക ഉയര്‍ത്തി. പി. മമ്മിക്കുട്ടി എംഎല്‍എ ഉദ്ഘാടനം നിർവഹിച്ചു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന അധ്യക്ഷത വഹിച്ചു. 1850 കുട്ടികള്‍ പങ്കെടുക്കുന്ന മേള നാളെ സമാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.