പുതുനഗരം സിഗ്നൽറോഡിൽ വാഹന പാർക്കിംഗ് തടയണമെന്ന് ആവശ്യം
1598972
Sunday, October 12, 2025 12:39 AM IST
പുതുനഗരം: ഹൈസ്കൂൾ റോഡിൽ സിഗ്നലിനു സമീപം വാഹനസഞ്ചാര തടസമായി വണ്ടികൾ ദീർഘനേരം നിർത്തിയിടുന്നവർക്കെതിരെ പോലീസ് നടപടി വേണമെന്ന് യാത്രക്കാർ.
സിഗ്നൽ കഴിഞ്ഞ് കരിപ്പോട് ഭാഗത്തേക്കുള്ള വാഹനങ്ങളാണ് അനധികൃത പാർക്കിംഗ് കാരണം വഴിയിലകപ്പെടുന്നത്. ഇതു കാരണം സമയം വൈകി ഓടുന്നതുമൂലം ബസ് ജീവനക്കാർ തമ്മിൽ സമയത്തെചൊല്ലി തർക്കമുണ്ടാവാറുമുണ്ട്.
വാഹനങ്ങൾ റോഡിൽ നിർത്തി പിന്നീട് ദീർഘനേരം കഴിഞ്ഞാണ് വാഹനം മാറ്റിയിടാൻ വരുന്നത്. ഈ സമയത്ത് സിഗ്നൽ കഴിഞ്ഞുവരുന്ന വാഹനങ്ങൾ മുന്നോട്ട് പോവാനാതെ ചിലപ്പോൾ നാൽക്കവല റോഡ് ഗതാഗതകുരുക്കിൽ അകപ്പെടുകയും വാഹനങ്ങൾ ഹോൺ മുഴക്കി ബഹളമുണ്ടാക്കുകയും ചെയ്യാറുണ്ട്. ഈ സ്ഥലത്ത് റോഡിനു വീതി കുറവാണെന്നതിനാൽ ഇരുചക്ര വാഹനം നിർത്തിയാൽപോലും കുരുക്ക് മുറുകുന്ന അവസ്ഥയുണ്ട്. രാവിലെ 8.30 മുതൽ 11 വരെയും വൈകുന്നേരം 3.30 മുതൽ 6.30 വരെയും വാഹനഗതാഗതം കൂടുതലുണ്ടാവാറുണ്ട്.
രോഗികളുമായി വരുന്ന ആംബുലൻസ്പോലും കുരുക്കിൽ അകപ്പെടുന്നതായും ആരോപണമുണ്ട്.