ടൂറിസം വികസനത്തിനായി മംഗലംഡാമിൽ ചെലവഴിച്ച കോടികളെല്ലാം പാഴായി
1598701
Saturday, October 11, 2025 12:49 AM IST
മംഗലംഡാം: പത്തുവർഷത്തിനിടെ പത്തു കോടിയോളം രൂപ ടൂറിസം വികസനത്തിനായി ചെലവഴിച്ച മംഗലംഡാമിൽ സന്ദർശകരെ വരവേൽക്കുന്നത് പൊന്തക്കാടുകളും കാട്ടുപന്നിക്കൂട്ടങ്ങളും. ചെലവഴിച്ചെന്നുപറയുന്ന കോടികളുടെ വികസനമെല്ലാം കാണാമറയത്തായി. ഡാമിൽ സന്ദർശകരായെത്തുന്നത് കമിതാക്കൾമാത്രം.
കുടുംബസമേതം ഡാം കാണാനെത്തുന്നവർ കണ്ണുപൊത്തിനടക്കേണ്ട സ്ഥിതി. പ്രകൃതി മനോഹരിയായ മംഗലംഡാമിനെ എല്ലാവരുടെയും അറിവോടെ നശിപ്പിക്കുകയാണ്. പൊന്തക്കാടുകൾ വൃത്തിയാക്കാതെ എല്ലാ അരുതായ്മകൾക്കും കൂട്ടുനിൽക്കുന്നവിധമാണ് അധികൃതരുടെ നടപടികളും.
മംഗലംഡാമിലെ സന്ദർശകരിൽ കൂടുതലും പഠിക്കാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങുന്ന വിദ്യാർഥികളാണ്. പത്തുമണിയോടെ ഡാമിലെത്തും. വൈകുന്നേരം വീടുകളിലെത്തേണ്ട സമയത്തു തിരിച്ചുപോകും. സ്കൂൾ പെൺകുട്ടികൾവരെയുണ്ട് കൂട്ടത്തിൽ. ബന്ധപ്പെട്ടവർക്കെല്ലാം ഇതെല്ലാം അറിയാമെങ്കിലും നക്കാപ്പിച്ച പ്രവേശനഫീസിനു വേണ്ടി തലമുറകളെ നശിപ്പിക്കുന്ന കേന്ദ്രമായി മംഗലംഡാമിനെ മാറ്റുകയാണെന്ന ആക്ഷേപമാണുള്ളത്.
കൊട്ടിഘോഷിച്ച് സ്ഥാപിച്ച അഡ്വഞ്ചർ പാർക്ക് സന്ദർശകർക്ക് പ്രയോജനപ്പെടാതെ കാടുമൂടി എല്ലാ സംവിധാനങ്ങളും നശിച്ചു. വഴിയിൽനിന്നും അഡ്വഞ്ചർ പാർക്കിലേക്ക് കയറിപ്പോകുന്ന സ്റ്റെപ്പുകളെല്ലാം കാടുമൂടി. ഇവിടെയെല്ലാം കാട്ടുപന്നികളുടെ താവളങ്ങളാണ്. കുട്ടികളും പ്രായമായവരുമായി കാഴ്ചകാണാൻ പോകുന്നവർ ശ്രദ്ധിക്കണം.
ഏതുസമയവും പന്നികൾ കുതിച്ചെത്തി ആക്രമിക്കാം. ഉദ്ഘാടനദിവസം പോലും തുറക്കാതെ അഴിമതിയിൽ മുങ്ങിയ വികസനങ്ങളെല്ലാം രഹസ്യമാക്കിവച്ചു. 2020 ഒക്ടോബർ 22നാണ് 4.76 കോടി രൂപയുടെ ടൂറിസം വികസനപദ്ധതികൾ നടപ്പിലാക്കി എന്ന് അവകാശപ്പെട്ട് ഏറ്റവും ഒടുവിൽ ഉദ്ഘാടനം നടന്നത്. ഓൺലൈനായി മുഖ്യമന്ത്രിയായിരുന്നു ഉദ്ഘാടകൻ.
അഡ്വഞ്ചർ സ്പോർട്സ് ആൻഡ് കിഡ്സ് പാർക്കാണ് ഉദ്യാന നവീകരണത്തിൽ പ്രധാനമായി അവതരിപ്പിച്ചത്. വലിയ മരങ്ങളിൽ അവിടവിടെയായി കമ്പികൾ വലിച്ചുകെട്ടി പഴയ മുളകൾ തൂക്കിയിട്ടാണ് അഡ്വഞ്ചർ സ്പോർട്സ് പാർക്ക് ഉണ്ടാക്കിയിരുന്നത്.
അതിനുമുമ്പും 4.62 കോടി രൂപ ചെലവഴിച്ച് ഉദ്യാന നവീകരണം നടത്തിയിരുന്നു. എന്നാൽ ഇത്രയും കോടി രൂപ ചെലവഴിച്ചതിന്റെ ടൂറിസം വികസന മൊന്നും മംഗലംഡാമിൽ കാണാനാകില്ല. ആർക്കൊക്കെയോ വേണ്ടി കുറെ ഫണ്ട് അനുവദിക്കുകയും അതിൽ കുറച്ച് തുക കൊണ്ട് എന്തൊക്കെയോ കാട്ടിക്കൂട്ടലുകളാണ് നടക്കുന്നത്.
മലമ്പുഴയെ വെല്ലുന്ന പ്രകൃതിസൗന്ദര്യം മംഗലംഡാമിലുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തി സന്ദർശകരെ ആകർഷിക്കാനുള്ള യാതൊരു നടപടികളും ഇപ്പോഴും വരുന്നില്ല.
സ്ഥലപരിമിതിയുള്ള പോത്തുണ്ടി ഡാമിൽ പോലും സന്ദർശകരുടെ പ്രവാഹമുണ്ടാകുമ്പോൾ മംഗലംഡാമിലേക്ക് സന്ദർശകരാരും തിരിഞ്ഞുനോക്കുന്നില്ല.