മണ്ണാർക്കാട്ട് ഡയപ്പർ മാലിന്യങ്ങൾ നേരിട്ടു വീട്ടിലെത്തി ശേഖരിക്കും
1598113
Thursday, October 9, 2025 12:57 AM IST
മണ്ണാർക്കാട്: ഡയപ്പര്‍ മാലിന്യം സംസ്കരിക്കാന്‍ ഇനി ബുദ്ധിമുട്ടേണ്ട. ഡയപ്പറും നാപ്കിനും ഉള്‍പ്പടെയുള്ള സാനിറ്ററി മാലിന്യം സംസ്കരിക്കാന്‍ നഗരസഭ വീട്ടിലെത്തി ശേഖരിക്കും. ഇതിനായി സുസ്ഥിര മാലിന്യനിര്‍മാര്‍ജന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആക്രി ആപ്പുമായി നഗരസഭ കൈകോര്‍ത്തു. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ പ്രസീത അധ്യക്ഷത വഹിച്ചു.
ഈ ആഴ്ച മുതല്‍ ഇത്തരം മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ആക്രിയുടെ വാഹനം വീടുകളിലേക്കെത്തും. നഗരസഭാപരിധിയില്‍ 29 വാര്‍ഡുകളിലായി എണ്ണായിരത്തോളം വീടുകളുണ്ടെന്നാണ് കണക്ക്. മാലിന്യം നല്‍കുന്നതിന് ആക്രി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ബയോമെഡിക്കല്‍ വിഭാഗത്തിലാണ് ബുക്ക് ചെയ്യേണ്ടത്. ബുക്കിംഗ് തീയതികളില്‍ മാലിന്യം ശേഖരിക്കുന്നതിന് ആളുകള്‍ വീടുകളിലെത്തുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു.
ഓരോതരം മാലിന്യവും നിക്ഷേപിക്കുന്നതിന് വ്യത്യസ്ത നിറത്തിലുള്ള സഞ്ചികള്‍ ആവശ്യക്കാര്‍ക്ക് നല്‍കും. മാലിന്യമെടുക്കുമ്പോള്‍ തൂക്കത്തിന് അനുസരിച്ച് പ്രത്യേക നിരക്കും നല്‍കണം. ഇങ്ങിനെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ എറണാകുളം അമ്പലമുകളിലുള്ള കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിൽ (കെഇഐഎല്‍) എത്തിച്ചാണ് സംസ്കരിക്കുക. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ മാസിത സത്താർ, വത്സലകുമാരി, നഗരസഭ കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി സതീഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ ഇക്ബാൽ പങ്കെടുത്തു.