സഞ്ചാരികളുടെ എണ്ണത്തിൽ വർധന: ടൂർ ഓപ്പറേറ്റർമാർക്കു ചാകര
1598549
Friday, October 10, 2025 6:48 AM IST
വടക്കഞ്ചേരി: പ്രകൃതി മനോഹരമായ കാഷ്മീരിലേക്ക് പാലക്കാട്ടുനിന്നടക്കമുള്ള മലയാളി സംഘങ്ങളുടെ ഒഴുക്കാണിപ്പോൾ. അവധിദിവസങ്ങൾ അടുത്തടുത്തു വരുമ്പോഴൊക്കെ ദൂരയാത്രകളിലാണ് മലയാളികൾ.
പൂജാ അവധി ദിവസങ്ങളിൽ നിരവധിയാളുകൾ കേരളത്തിൽ നിന്നും കാഷ്മീർ ട്രിപ്പ് നടത്തി. ഭീകരാക്രമണമുണ്ടായ പഹൽഗാം ഉൾപ്പെടുന്ന ടൂർ പാക്കേജാണ് സംഘങ്ങൾ ക്രമീകരിക്കുന്നത്.
കാഷ്മീരിൽ ഗൈഡുകളായി മലയാളികളെത്തന്നെ കിട്ടുന്നതിനാൽ സ്ഥലങ്ങൾ കൂടുതലറിയാനും സഹായകമാണ്. ഭാഷാപ്രശ്നമില്ല. കേരളത്തിൽ ഇടയ്ക്കിടെ മഴ പ്രശ്നക്കാരനാകുന്നതും കേരളം വിട്ടുള്ള യാത്രകൾക്കു താത്പര്യം കൂടാൻ കാരണമായി.
വടക്കഞ്ചേരി മേഖലയിൽനിന്നും കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഗ്രൂപ്പുകൾ കാഷ്മീരിലേക്കു വിനോദയാത്ര നടത്തി. എഴുപത്തിയേഴാം വയസിൽ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടി യുവതലമുറക്കാരെ ഞെട്ടിച്ച മംഗലംഡാം പറശേരി സ്വദേശി കിഴക്കേക്കര ജോസ് ഉൾപ്പെടെ പ്രായമായവരുടെ കൂട്ടായ്മകളും ഇത്തവണത്തെ ഒഴിവുദിവസങ്ങൾ സന്ദർശന സ്ഥലമായി കാഷ്മീരാണ് തെരഞ്ഞെടുത്തത്.
സീനിയർ അഡ്വഞ്ചേഴ്സ് എന്ന കൂട്ടായ്മയിലെ 28 പേരടങ്ങുന്ന സംഘമാണിത്. നടനായിരുന്ന ഇന്നസെന്റിന്റെ സഹോദരൻ ഉൾപ്പെടെ പല ജില്ലക്കാർ ഇതിലുണ്ട്. എപ്പോഴെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ് കാഷ്മീരെന്നാണ് ജോസ് പറയുന്നത്.
ചെറുപ്പം മുതലേ മനസിലൊളിപ്പിച്ച മോഹം സഫലമായതിന്റെ സന്തോഷത്തിലാണ് ജോസേട്ടൻ. ഓട്ടത്തിന്റെ ദശാബ്ദി ആഘോഷത്തോടനുബന്ധിച്ചായിരുന്നു ജോസേട്ടന്റെയും സംഘത്തിന്റെയും കാഷ്മീർ ട്രക്കിംഗ്. കാഷ്മീരിലും ഓട്ടത്തിനു തടസംവരാത്ത വിധമായിരുന്നു ടൂർ പരിപാടി.
പട്ടാളക്കാരുടെ നിരീക്ഷണ വലയത്തലും കാഷ്മീരിലും ഈ മുത്തച്ഛൻമാർ ഓട്ടം മുടക്കിയില്ല.
പ്രകൃതി സൗന്ദര്യംതന്നെയാണ് പ്രധാന കാഴ്ച. വിഐപികളെപ്പോലെയാണ് കാഷ് മീരിലെ ജനങ്ങൾ വിനോദസഞ്ചാരികളെ കാണുന്നത്.
ആപ്പിളിന്റെ വിളവെടുപ്പ് മാസങ്ങൾ കൂടിയാണിപ്പോൾ. കാഷ്മീരി ആപ്പിൾ എന്ന് ഫ്രൂട്സ് കടകളിൽ പറയുമ്പോൾ അത് വിളഞ്ഞുനിൽക്കുന്ന തോട്ടത്തിൽ കയറി ആപ്പിൾ പറിക്കാൻ കഴിഞ്ഞതൊക്കെ ഏറെ കൊതിപ്പിക്കുന്ന അനുഭവമാണെന്ന് സംഘാംഗങ്ങൾ പറഞ്ഞു. ഒരിക്കലും മറക്കാത്ത യാത്രാനുഭൂതി സമ്മാനിക്കുന്ന സ്ഥലമാണ് കാഷ്മീരെന്ന് ബംഗളൂരുവിലെ മത്തിക്കരയിൽനിന്നുള്ള മലയാളിയായ ചീരമ്പൻ ജോണും ഭാര്യ അന്നാസ് ജോണും പറയുന്നു. ഫാ. മാത്യു മേച്ചിറക്കലിന്റെ നേതൃത്വത്തിലായിരുന്നു 48 അംഗ സംഘത്തിന്റെ കാഷ്മീർ ട്രിപ്പ്.