ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ രക്തരഹിത അഡ്നോയ്ഡ് ശസ്ത്രക്രിയയ്ക്കു സൗകര്യം
1598111
Thursday, October 9, 2025 12:57 AM IST
ഒറ്റപ്പാലം: താലൂക്കാശുപത്രിയിൽ രക്തരഹിത അഡ്നോയ്ഡ് ശസ്ത്രക്രിയക്ക് സാഹചര്യമായി. കുട്ടികളുടെ അഡ്നോയ്ഡ് ഗ്രന്ഥിയും ടോൺസിലുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്കുള്ള ശസ്ത്രക്രിയ രക്തരഹിതമായി ചെയ്യാനാകുന്ന സൗകര്യമാണ് ഒരുങ്ങുന്നത്.
ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ ഇതിന്റെ പരീക്ഷണപ്രവർത്തനം പൂർത്തിയായി. വായതുറന്ന് ഉറങ്ങുക, കൂർക്കംവലി, ചെവിവേദന, തുടർച്ചയായ കഫക്കെട്ട് തുടങ്ങിയവ ചിലപ്പോൾ അഡ്നോയിഡ് ഗ്രന്ധികളുടെ വീക്കംമൂലം ഉണ്ടാകാറുണ്ട്.
മരുന്നുകൊണ്ട് മാറിയില്ലെങ്കിൽ ശസ്ത്രക്രിയ മാത്രമാണ് വഴി. രക്തരഹിതമായും വേദനയില്ലാതെയും നടത്തുന്ന ശസ്ത്രക്രിയ കഴിഞ്ഞാൽ അന്നുതന്നെ വീട്ടിലേക്ക് തിരിച്ചുപോകാം. ഒപ്പം ഇനി അസുഖംവരില്ലെന്ന് 90 ശതമാനത്തിലേറെ ഉറപ്പിക്കാനുമാകുമെന്ന് ഇഎൻടി വിഭാഗം വിദഗ്ധൻ ഡോ.പി. വിനോദ് പറഞ്ഞു. കോബ്ലേറ്റർ എന്ന യന്ത്രമുപയോഗിച്ചാണ് ശസ്ത്രക്രിയ ചെയ്യുന്നത്. ഇതിനായി എട്ടുലക്ഷം രൂപയാണ് ആരോഗ്യവകുപ്പ് ചെലവഴിക്കുന്നത്.
ഈ യന്ത്രത്തിന്റെ പരീക്ഷണ പ്രവർത്തനവും വിജയകരമായി പൂർത്തിയായിട്ടുണ്ട്. ഒപ്പം ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ വിദഗ്ധപരിശീലനവും നേടി. ജില്ലയിൽ ഏറ്റവുംകൂടുതൽ ഇഎൻടി ശസ്ത്രക്രിയകൾ നടക്കുന്ന സർക്കാർ ആശുപത്രിയാണ് ഒറ്റപ്പാലത്തേത്.