കുറുക്കൻകുണ്ട് നിവാസികൾക്ക് വൈദ്യുതിയും റോഡും മുഖ്യവിഷയം
1597881
Wednesday, October 8, 2025 1:44 AM IST
പാലക്കാട്: വനംവകുപ്പിന്റെ പതിനഞ്ച് ദിവസം നീണ്ടുനിന്ന തീവ്രയജ്ഞ പരിപാടിയിൽ ജില്ലയിൽ ആയിരക്കണക്കിന് പരാതികൾ ലഭിച്ചു.
ഏറിയ പങ്കും വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്. എന്നാൽ അട്ടപ്പാടിയിലെ കുറുക്കൻകുണ്ട് പ്രദേശവാസികൾ കാലങ്ങളായി ഉന്നയിച്ചുവരുന്ന റോഡും വൈദ്യുതിയും സംബന്ധിച്ച പരാതികളാണ് ഉന്നയിച്ചത്. വനംവകുപ്പ് തങ്ങളുടെ ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾ തടസപ്പെടുത്തുന്നതാണ് കർഷകർ മുഖ്യ പരാതിയായി ഉന്നയിച്ചത്. വൈദ്യുതിയും റോഡും ലഭിക്കുന്നതിന് വനം വകുപ്പ് ഉന്നയിക്കുന്നത് നിയമപരമല്ലാത്ത വാദങ്ങളാണ്. റോഡ് പഞ്ചായത്തിന്റെയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും മുന്പേയുള്ള കൂപ്പു റോഡാണ് കുറുക്കൻകുണ്ടിലേത്. 1980 ൽ അഗളി പഞ്ചായത്ത് റോഡ് സോളിംഗും, മെറ്റലിംഗും നടത്തിയതാണ്.
പക്ഷേ ബ്ലോക്കുതലത്തിൽ കൂടിയ ഫോറസ്റ്റിന്റെ മീറ്റിംഗിൽ കുറുക്കൻകുണ്ടുകാരുടെ ആവശ്യങ്ങൾ അടഞ്ഞ അധ്യായമാണെന്ന റേഞ്ച് ഓഫീസറുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് കർഷക സംഘടനകൾ അറിയിച്ചു. അരനൂറ്റാണ്ടായി താമസിച്ചു പോരുന്ന കർഷകരുടെ പ്രശ്നങ്ങളിൽ ജില്ലാ കളക്ടർ ഇടപെടണം എന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇന്നാണ് പാലക്കാട് കളക്ടറേറ്റിൽ വനംവകുപ്പിന്റെ യോഗം.