അയിലൂരിൽ കേരഗ്രാമം പദ്ധതി ഉദ്ഘാടനം നാളെ
1598112
Thursday, October 9, 2025 12:57 AM IST
നെന്മാറ: അയിലൂർ കൃഷിഭവൻ കേരഗ്രാമം പദ്ധതി ഉദ്ഘാടനം നാളെ. നാളികേരത്തിന്റെ ഉത്പാദനവും ഉത്പാദന ക്ഷമതയും വർധിപ്പിക്കുന്നതിനും വില തകർച്ചയും രോഗകീടാക്രമണം മൂലം പ്രതിസന്ധി നേരിടുന്ന കേരകർഷകർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആവിഷ്ക്കരിച്ച 3 വർഷം നീണ്ടുനിൽക്കുന്ന ബൃഹദ്പദ്ധതിയാണ് കേരഗ്രാമം പദ്ധതി.
നാളികേര കർഷകരുടെ ജീവിത നിലവാരം ഉയർത്തുക, തെങ്ങിന്റെ ചങ്ങാതിക്കൂട്ടങ്ങളെ സൃഷ്ടിക്കുക, മൂല്യവർധിത യൂണിറ്റ് ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. തെങ്ങുകൾ കൂടുതലുള്ള പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചക്ക് 2.30 ന് അയലൂർ പഞ്ചായത്ത് ഹാളിൽ നടക്കും. കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിഘ്നേഷ് അധ്യക്ഷത വഹിക്കും.
പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്.എൻ.ആർ. മുഖപ്രസാദ് പദ്ധതി വിശദീകരിക്കും.
പഞ്ചായത്ത് അംഗങ്ങൾ, കർഷകർ എന്നിവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് കേരസമിതി സെക്രട്ടറി കെ. സുന്ദരൻ, കൃഷി ഓഫീസർ എം. കെ. മാനസ എന്നിവർ അറിയിച്ചു.