വന്യമൃഗ ആക്രമണങ്ങളിൽ കർഷകരുടെ മരണം: കിഫയുടെ പ്രതിഷേധകൂട്ടായ്മ
1597885
Wednesday, October 8, 2025 1:45 AM IST
മംഗലംഡാം: കൊട്ടിഘോഷിച്ച് വന്യജീവി വാരാഘോഷങ്ങൾ നടന്നുക്കൊണ്ടിരിക്കെ തുടർച്ചയായ ദിവസങ്ങളിൽ വന്യജീവി ആക്രമണത്തിൽ മൂന്ന്പേർ കൊല്ലപ്പെട്ട സംഭവം സംസ്ഥാന സർക്കാരിന്റെ കർഷകരോടുള്ള കടുത്ത അനാസ്ഥയുടെ പ്രതിഫലനമാണെന്ന് കിഫ ആലത്തൂർ, നെന്മാറ നിയോജക മണ്ഡലം കമ്മിറ്റികൾ സംയുക്തമായി ഒലിപ്പാറ അടിപ്പെരണ്ടയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ചൂണ്ടിക്കാട്ടി.
പരാതിപ്പെട്ടിവച്ചും സെമിനാറുകൾ നടത്തിയും വനം വകുപ്പ് വൗച്ചറുകൾ എഴുതികൂട്ടുമ്പോൾ പാവപ്പെട്ട മലയോരകർഷകന്റെ ജീവൻ രക്ഷിക്കാൻ വനംവകുപ്പിന് സാധിക്കുന്നില്ല. അവാർഡ് നേടുന്ന നടൻമാരെ ആദരിക്കാൻ 2.84 കോടി രൂപ ഒരു ദിവസം ചെലവാക്കിയ സർക്കാർ നിയമസഭാ സബ് കമ്മിറ്റി വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിന് 23 കോടി രൂപ ശുപാർശ ചെയ്തെങ്കിലും വെറും 1.26 കോടി രൂപ മാത്രമാണ് അനുവദിച്ചത്.
ഈ പ്രഹസനങ്ങൾ അവസാനിപ്പിച്ച് മലയോരവാസികളുടെ ജീവൻ സംരക്ഷിക്കാൻ വേണ്ട നടപടികളെടുക്കണം. കൃഷിഭൂമിയിലിറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള ശക്തമായ നടപടികൾ വനംവകുപ്പ് കൈക്കൊള്ളണം. ഇല്ലെങ്കിൽ സ്വയം പ്രതിരോധിക്കാനുള്ള അവകാശം കർഷകർക്ക് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിഷേധകൂട്ടായ്മയിൽ കിഫ ജില്ലാ സെക്രട്ടറി അബ്ബാസ് ഒറവഞ്ചിറ അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ ഡോ. സിബി സക്കറിയാസ്, ജില്ലാ ട്രഷറർ രമേശ് ചേവക്കുളം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബെന്നി ജോർജ് കിഴക്കേപറമ്പിൽ, ഹുസൈൻകുട്ടി, എബ്രഹാം പുതുശേരി, സോമൻ കൊമ്പനാൽ പ്രസംഗിച്ചു.
കാഞ്ഞിരപ്പുഴ: ചിന്നക്കനാലിലും അട്ടപ്പാടിയിലും കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജാഥ നടത്തി. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പരിസരത്ത് നിന്ന് കാഞ്ഞിരം അങ്ങാടിയിലേക്ക് നടത്തിയ പ്രതിഷേധപ്രകടനത്തിന് ജില്ലാ കോ- ഓർഡിനേറ്റർ ജോമി മാളിയേക്കൽ, വിൻസന്റ് ഇലവുങ്കൽ, ജിമ്മിച്ചൻ വട്ടവനാൽ, വികാസ് ജോസ,് രാധാകൃഷ്ണൻ, ചാമുണ്ണി എന്നിവർ നേതൃത്വം നൽകി. കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര ജാഥ ഉദ്ഘാടനം ചെയ്തു. കർഷകരും ഓട്ടോ-ടാക്സി തൊഴിലാളികൾ ഉൾപ്പടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.