സുസ്ഥിര തൃത്താല പദ്ധതി: മലിനജല സംസ്കരണമാതൃക ശ്രദ്ധേയമാകുന്നു
1598541
Friday, October 10, 2025 6:48 AM IST
തൃത്താല: മലിനജലത്തെ ശാസ്ത്രീയമായി സംസ്കരിക്കാൻ കമ്യൂണിറ്റി സോക്ക്പിറ്റ് സംവിധാനമൊരുക്കി സുസ്ഥിര തൃത്താല പദ്ധതി ശ്രദ്ധേയമാകുന്നു.
തൃത്താല മണ്ഡലത്തിലെ പരുതൂർ ഒഴികെയുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിൽ ഓരോ പട്ടികജാതി നഗറുകളിലായാണ് കമ്യൂണിറ്റിതല സോക്ക് പറ്റുകൾ ഒരുക്കുന്നത്.
100 പട്ടികജാതി കുടുംബങ്ങൾക്ക് പ്രയോജനം കിട്ടുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. ജില്ലാ ശുചിത്വമിഷന്റെ മേൽനോട്ടത്തിൽ ഗ്രാമപഞ്ചായത്തുകളാണ് പദ്ധതി നടപ്പാക്കുന്നത്.
സ്വച്ഛ് ഭാരത് മിഷന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഫണ്ടുകൾ പ്രയോജനപ്പെടുത്തി 38 ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി വിനിയോഗിക്കുന്നത്.
വീടുകളിലെ കുളിമുറികൾ, വാഷ് ബേസിനുകൾ, വാഷിംഗ് മെഷീനുകൾ, അടുക്കളയിലെ സിങ്കുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളമാണ് സോക്ക് പിറ്റ് സംവിധാനത്തിലൂടെ സംസ്കരിക്കുന്നത്.
നിലവിൽ ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ തോപ്പിൽമറ്റം നഗർ, തൃത്താല ഗ്രാമപഞ്ചായത്തിലെ കുണ്ടയം ലക്ഷംവീട് നഗർ, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ ലക്ഷംവീട് നഗർ എന്നിവിടങ്ങളിലെ പ്രവൃത്തികൾ പൂർത്തീകരിച്ചു. നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ ലക്ഷംവീട് നഗർ പ്രവൃത്തിയുടെ പിറ്റ് നിർമാണവും പൂർത്തിയായി.
സ്ഥലപരിമിതി നേരിടുന്ന ഇടങ്ങളിലെ മലിനജല സംസ്കരണത്തിന് പരിഹാരമായാണ് കമ്യൂണിറ്റി സോക്ക് പിറ്റ് സംവിധാനം നടപ്പാക്കിയതെന്ന് ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി. വരുണ്‍ പറഞ്ഞു.