അളുവശേരി-പോത്തുണ്ടി റോഡ് പൊളിച്ച് ആറുമാസമായിട്ടും ഗതാഗതയോഗ്യമാക്കിയില്ല
1598556
Friday, October 10, 2025 6:48 AM IST
നെന്മാറ: അളുവശേരി - പോത്തുണ്ടി റോഡ് നവീകരണത്തിനായി പൊളിച്ചിട്ട് ആറുമാസം കഴിഞ്ഞു. പ്രധാനമന്ത്രി സഡക് യോജന പ്രകാരം നവീകരിച്ച് പുനർനിർമിക്കുന്നതിനായാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ റോഡിന്റെ ഉപരിതലം പൊളിച്ചു ഇളക്കിമറിച്ചത്.
നവീകരണ പ്രവൃത്തികൾ ഉടൻ നടക്കുമെന്ന് പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. ആറുമാസവും വർഷകാലവും കഴിഞ്ഞിട്ടും പണിപൂർത്തിയാകാത്തതിനാൽ സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതുവഴി സർവീസ് നടത്തിയിരുന്ന ബസും റോഡ് തകരാറിലായതോടെ സർവീസ് നിർത്തിവെച്ചു.
ആളുവശേരിയിൽ നിന്നും ചേരുംകാട്, കൊടുവാൾ പാറ, അയർപ്പള്ളം, അമ്പൂരിപ്പതി, തിരുത്തമ്പാടം വഴി പോത്തുണ്ടിയിൽ എത്തുന്ന പ്രധാനറോഡാണിത്. രണ്ടുവർഷം മുമ്പ് പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിച്ചതോടെയാണ് റോഡ് തകർന്നത്. ഇതേതുടർന്നാണ് കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി സഡക്ക് യോജനയിൽ ഉൾപ്പെടുത്തി നവീകരണത്തിന് പദ്ധതിയിട്ടത്. ഇതോടെ ഈ മേഖലയിലുള്ളവർക്ക് നെന്മാറയിലേക്ക് പോത്തുണ്ടിയിലേക്കും യാത്രാസൗകര്യം ഇല്ലാതായി. പൊളിച്ചിട്ട റോഡ് ഉടൻ നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.