ഫാബ്രിക്കേഷൻ തൊഴിലാളി ഷോക്കേറ്റു മരിച്ചനിലയിൽ
1598056
Wednesday, October 8, 2025 11:04 PM IST
പുതുനഗരം: അലുമിനിയം ഫാബ്രിക്കേഷൻ പണിക്കിടെ തൊഴിലാളിയെ ഷോക്കേറ്റു മരിച്ചനിലയിൽ കണ്ടെത്തി. പുതുനഗരം നെല്ലിമേട്ടിൽ മുഹമ്മദ് സലീമിന്റെ മകൻ തൗഫീഖാണ് (24) മരിച്ചത്.
കൊടുവായൂർ നൊച്ചൂരിലെ സ്വകാര്യവ്യക്തിയുടെ വീട്ടിൽ മുകൾനിലയിൽ പണിചെയ്യുന്നതിനിടെയാണ് ഷോക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെ വീട്ടുടമസ്ഥനാണ് മൃതദേഹം കണ്ടത്. രാവിലെ പണിക്കെത്തിയ തൗഫീഖ് ഇരുന്പുദണ്ഡ് മുകളിലേക്കു കൊണ്ടുപോകുന്നതിനിടെ വൈദ്യുതിലൈനിൽ തട്ടി ഷോക്കേറ്റതാണെന്നു ബന്ധുക്കൾ പറഞ്ഞു.
താഴത്തെ നിലയിൽ സ്ത്രീകൾ മാത്രമുണ്ടായിരുന്നതിനാൽ ആരും മുകളിലെ നിലയിലേക്കു പോയില്ല. പുറത്തുപോയ വീട്ടുടമസ്ഥൻ വൈകുന്നേരമെത്തി മുകളിലെ നിലയിലേക്കു പോയപ്പോഴാണ് പടിക്കെട്ടിൽ മരിച്ചുകിടക്കുന്നതു കണ്ടത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നടന്നു മണിക്കൂറുകൾ കഴിഞ്ഞതായി അറിയിച്ചു.
മൊബൈൽ ടെക്നീഷ്യനായിരുന്ന തൗഫീഖ് വിദേശത്തുപോയി മാസങ്ങൾക്കുമുന്പാണ് നാട്ടിലെത്തിയത്. ഒരുമിച്ചു ജോലിചെയ്യുന്ന സുഹൃത്ത് പനിപിടിച്ച് വിശ്രമത്തിലായതിനാൽ ഒറ്റയ്ക്കാണ് പണിസ്ഥലത്ത് എത്തിയത്. പുതുനഗരം പോലീസ് ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.
അമ്മ: റെയ്ഹാന. സഹോദരൻ: ഫാസിൽ.