ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ കാൽനടമേൽപ്പാലം തുറക്കണമെന്ന് ആവശ്യം
1598103
Thursday, October 9, 2025 12:57 AM IST
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ കാൽനട മേൽപ്പാലം അടിയന്തിരമായി തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തം. പ്ലാറ്റ്ഫോമുകളുടെ രണ്ടറ്റങ്ങളിലേക്കും പോകേണ്ടവർ ഒരു നടപ്പാലം മാത്രം ഉപയോഗിച്ചാണിപ്പോൾ പോകുന്നത്.
സ്റ്റേഷനിലെത്തിയാൽ നടപ്പാലം കയറി ട്രെയിനെത്തുന്ന പ്ലാറ്റ്ഫോമിന്റെ മുമ്പിലേക്കും പുറകിലേക്കും വലിയ ദൂരം പോകേണ്ടതാണ് യാത്രക്കാരെ വലയ്ക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ മുമ്പുണ്ടായിരുന്ന നടപ്പാലമാണ് കാലപ്പഴക്കത്താലുള്ള പ്രശ്നങ്ങളാൽ അറ്റകുറ്റപ്പണി നടത്താതെ ഇട്ടിരിക്കുന്നത്. ഒരു വർഷത്തോളമായി ഇതു അടച്ചിട്ടിരിക്കുകയാണ്.
ഏഴ് പ്ലാറ്റ്ഫോമുകളിലേക്കുമെത്താൻ പുതിയ പാലം നിർമിച്ചെങ്കിലും ടിക്കറ്റെടുക്കുന്നവർക്ക് ഈ ഭാഗത്തേക്ക് കുറേ നടന്നുവേണം കയറാൻ. അടച്ചിട്ട പാലം പ്രവേശനകവാടത്തിലേക്ക് നേരിട്ടെത്തുന്നതാണ്. ഭാരമേറിയ ബാഗുകളുമായെത്തുന്നവർക്കും പ്രായമായവർക്കും ഇപ്പോൾ പ്ലാറ്റ്ഫോമുകളിലേക്കെത്താൻ ഏറെ പാടുപെടണം.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി 12 കോടിയോളം രൂപയുടെ പ്രവൃത്തികൾ നടത്തി നവീകരിച്ചെങ്കിലും യാത്രക്കാരുടെ അടിസ്ഥാനപ്രശ്നത്തിന് പരിഹാരമായിട്ടില്ല.
യാത്രക്കാരെ പ്ലാറ്റ്ഫോമുകളിലേക്കെത്തിക്കാൻ ബാറ്ററി കാർ സംവിധാനമുണ്ടായിരുന്നെങ്കിലും ഇതു പാളത്തിലേക്ക് മറിഞ്ഞതോടെ സേവനവും നിലച്ചു.
കരാറുകാരുടെ ഡ്രൈവർക്കെതിരേ നടപടിയുമെടുത്തിരിക്കുകയാണ്. സൗകര്യങ്ങളില്ലാത്തതിനാൽ യാത്രക്കാർ പലപ്പോഴും പോർട്ടർമാരുടെ സേവനമാണിപ്പോഴും ഉപയോഗിക്കുന്നത്.