വന്യജീവി ആക്രമണം : ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു
1598555
Friday, October 10, 2025 6:48 AM IST
പാലക്കാട്: ജില്ലയിലെ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനുള്ള 45 ദിവസത്തെ തീവ്രയജ്ഞ പരിപാടിയുമായി ബന്ധപ്പെട്ട നടപടികൾ ചർച്ച ചെയ്യാനായി ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു. യോഗത്തിൽ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അധ്യക്ഷയായി.
വന്യമൃഗ ആക്രമണ ഭീഷണിയുള്ള സ്ഥലങ്ങളിൽ ട്രൈബൽ പ്രമോട്ടർമാർ വഴി പൊതുജനങ്ങൾക്ക് മുന്നറിയിപ്പും ബോധവത്കരണവും നൽകാൻ യോഗത്തിൽ നിർദേശം നൽകി.
വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി ബന്ധപ്പെട്ട ഒരോ വകുപ്പുകളും നോഡൽ ഓഫീസറെ നിയമിക്കണം. വന്യജീവി ആക്രമണമുള്ള സ്ഥലങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാനായി ഫോറസ്റ്റ്, എൽഎസ്ജിഡി തുടങ്ങിയ വകുപ്പുകൾക്ക് നിർദേശം നൽകി. ആന്റിവെനം ഇല്ലാത്ത പിഎച്ച്സി കളെ കണ്ടെത്തി അവ ലഭ്യമാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി.
വാച്ചർമാർ ഇല്ലാത്ത സ്ഥലങ്ങളിൽ അവരെ നിയമിക്കാനും വനംവകുപ്പിന് നിർദേശം നൽകി. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.