പ്രതിഷേധമാർച്ചിനിടെ ബസ് തട്ടി കോൺഗ്രസ് നേതാവിനു പരിക്ക്
1598552
Friday, October 10, 2025 6:48 AM IST
വടക്കഞ്ചേരി: വണ്ടാഴിയിൽ പ്രതിഷേധ മാർച്ചിനിടെ സ്വകാര്യ ബസ് തട്ടി കോൺഗ്രസ് നേതാവിന് പരിക്കേറ്റു. പ്രകോപിതരായ പ്രവർത്തകർ ബസിന്റെ മുൻഭാഗത്തെ ചില്ല് തകർത്തു. സംഭവത്തിൽ ബസ് ഡ്രൈവർ ചിറ്റിലഞ്ചേരി സ്വദേശി വിജയനും (45) മർദനമേറ്റു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.കെ. പ്രവീണി (34) ന്റെ കൈക്കാണ് ബസ് തട്ടി പരിക്കേറ്റത്.
ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ മുടപ്പല്ലൂർ ഗവ. ഹൈസ്കൂളിന്റെ മെയിൻ റോഡിലേക്കുള്ള ചെറിയ ഗേറ്റിനടുത്തുവച്ചായിരുന്നു സംഭവം. വടക്കഞ്ചേരി പോലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി. ഗോവിന്ദാപുരത്തുനിന്നും തൃശൂരിലേക്ക് പോയിരുന്ന സ്വകാര്യബസാണ് പ്രകടനത്തിനിടെ കയറിവന്ന് അപകടമുണ്ടാക്കിയത്.
വണ്ടാഴി പഞ്ചായത്തിലെ അഴിമതിക്കും വികസന മുരടിപ്പിനുമെതിരെയായിരുന്നു കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ബ്ലോക്ക് വൈസ് പ്രസിഡന്റുുമാരായ സി. അരവിന്ദാക്ഷൻ മാസ്റ്റർ, എൻ. അശോകൻ മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറി ഡിനോയ് കോമ്പാറ, വി. മനോജ്, എസ്. ലാലു പ്രസംഗിച്ചു.