വിസ്മയക്കാഴ്ചകളുടെ വർണക്കൂടാരമൊരുക്കി മംഗലം ഗവ. എൽപി സ്കൂൾ
1598553
Friday, October 10, 2025 6:48 AM IST
വടക്കഞ്ചേരി: പിഞ്ചുകുട്ടികളുടെ ഉല്ലാസഭൂമികയായി മാറുകയാണ് സർക്കാർ എൽപി സ്കൂളുകൾ. കുട്ടികളുടെ മാനസിക, ശാരീരിക, വൈജ്ഞാനിക, വൈകാരിക മേഖലകളുടെ വികാസത്തിനായുള്ള വർണക്കാഴ്ചകളാണ് ഇതിനായി ഒരുക്കുന്നത്. വർണ ക്കൂടാരം എന്ന് പേരിട്ടിട്ടുള്ള ഈ പദ്ധതിയുടെ പേരുപോലെതന്നെയാണ് ഇപ്പോൾ സർക്കാർ പ്രീ പ്രൈമറി സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങളും.
കാട്ടരുവിയും തോടും വ്യു പോയിന്റും ആമ്പൽകുളവും കളി ഉപകരണങ്ങളും വിവിധ ഇടങ്ങളിലെ വൈജ്ഞാനിക മേഖലകളുമായി വിസ്മയപ്പെടുത്തുന്നതാണ് സ്കൂൾമുറ്റവും ക്ലാസ് മുറികളും.
ഭാഷായിടം, ഗണിതയിടം, വരയിടം, കളിയിടം, ഇ - ഇടം, ശാസ്ത്രയിടം, നിർമാണയിടം, കരകൗശലയിടം, ഹരിതോദ്യാനം തുടങ്ങി 13 ഇടങ്ങളായാണ് വർണക്കൂടാരം സജ്ജമാക്കുന്നത്. സ്കൂളിലെ ഏതെങ്കിലും അധ്യാപകനെ ഇതിനായി കണ്ടെത്തി പരിശീലനം നൽകും. ഈ അധ്യാപകന്റെ നേതൃത്വത്തിൽ ഈ മേഖലയിൽ പ്രാവീണ്യമുള്ള തൊഴിലാളികളെ വച്ചാണ് പ്രവൃത്തികൾ നടത്തുന്നത്. മംഗലം ഗവ. എൽപി സ്കൂളിൽ പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് വർണക്കൂടാരം സജ്ജമായിട്ടുള്ളത്.
പി.വി. ഷിബി ടീച്ചറുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. പ്രധാനാധ്യാപിക ബി. മല്ലിക, മറ്റു അധ്യാപകരും അനധ്യാപകരുമായ ബാബു വർഗീസ്, കെ. ശ്രീദേവി, കോ-ഓർഡിനേറ്റർ ജീന കബീർ, റഹ്മത്ത്, നീതു, അബ്ദുൾ സലാം, ഫൗസിയ, സരിത, രാധ, ബിന്ദു രമേഷ്, പിടിഎ പ്രസിഡന്റ് കെ. ആർ. സുരേഷ്, എസ്എംസി കൺവീനർ കെ. ഗോവിന്ദൻ, സ്കൂൾ ലീഡർ എസ്. ശ്രീനാഥ് തുടങ്ങിയവരുടെ മേൽനോട്ടവും ഇടപെടലുകളുമുണ്ട് വർണക്കൂടാരത്തിനു പിന്നിൽ. വർണക്കൂടാരത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ ഒമ്പതരക്ക് പി.പി. സുമോദ് എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് അധ്യക്ഷത വഹിക്കും.